കൊൽക്കത്ത
ഐഎസ്‌എൽ പ്ലേ ഓഫിലേക്ക് അടുക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് കൊൽക്കത്തയിൽ ഈസ്‌റ്റ് ബംഗാളുമായാണ് മത്സരം. ജയിച്ചാൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് ലീഡുയർത്താം. ഇതുൾപ്പെടെ അഞ്ച് മത്സരമാണ് ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത്. ഈസ്‌റ്റ് ബംഗാളിന് ജയം അനിവാര്യമാണ്. 12 പോയിന്റാണ് കൊൽക്കത്തക്കാർക്ക്. തോറ്റാൽ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യതയും അടയും.
അവസാനകളിയിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാംസ്ഥാനം തിരികെ പിടിച്ചത്. രണ്ട് കളി തുടർച്ചയായി തോറ്റശേഷമായിരുന്നു ഇവാൻ വുകോമനോവിച്ചും സംഘവും തിരിച്ചെത്തിയത്. ഇരട്ടഗോൾ നേടിയ ദിമിത്രിയോസ് ഡയമന്റാകോസാണ് ജയമൊരുക്കിയത്.
സ്വന്തം തട്ടകത്തിൽ ഈസ്‌റ്റ് ബംഗാളിന് കരുത്തുണ്ട്. ക്ലെയ്‌റ്റൺ സിൽവയാണ് അവരുടെ മുന്നേറ്റതാരം. ജനുവരി താരകൈമാറ്റ ജാലകത്തിൽ ടീമിലെത്തിയ ജെയ്‌ക്ക് ജെർവിസ് സിൽവയ്‌ക്ക് കൂട്ടാകും.ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുമുഖതാരം ഡാനിഷ് ഫാറൂഖ് ഇന്ന് അരങ്ങേറുമെന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം, പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ച് ഇന്നും കളിച്ചേക്കില്ലെന്നാണ് സൂചന.
നോർത്ത് ഈസ്‌റ്റിനെതിരെ ജയിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ആധികാരികമായിരുന്നില്ല. മധ്യനിരയിൽ അഡ്രിയാൻ ലൂണയൊഴികെ മറ്റാർക്കും താളം കണ്ടെത്താനാകുന്നില്ല. പ്രതിരോധത്തിലും പ്രശ്‌നങ്ങളുണ്ട്.ഇന്ന് ജയിച്ചാൽ നാലാമതുള്ള എടികെ മോഹൻ ബഗാനെക്കാളും നാല് പോയിന്റ് മുന്നിലാകും. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും പ്ലേ ഓഫ് ഉറപ്പാക്കി. ഈസ്‌റ്റ് ബംഗാളുമായി ഇതുവരെ അഞ്ച് മത്സരങ്ങളിൽ കളിച്ചപ്പോൾ രണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. മൂന്നെണ്ണം സമനിലയായി. ഈ സീസണിൽ ഈസ്‌റ്റ് ബംഗാളിനെ തോൽപ്പിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം.ആവേശമത്സരത്തിൽ പിന്നിട്ടുനിന്നശേഷം ഒഡിഷ എഫ്സിയെ ചെന്നെെയിൻ എഫ്സി 2–2ന് തളച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..