30 January Monday

അമേരിക്കയുടെ ‘എംഎംഎ’

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ദോഹ
ഇരുപത്‌ വയസ്സാണ്‌ യൂനസ്‌ മൂസയ്‌ക്ക്‌. ടെയ്‌ലർ ആദംസിന്‌ 23, വെസ്റ്റൺ മക്‌ക്കെന്നിക്ക്‌ 24. ലോകകപ്പിലെ കറുത്ത കുതിരകളായ അമേരിക്കയുടെ പോരാളികൾ. മധ്യനിരയിൽ ഈ മൂവർസംഘത്തിനാണ്‌ പരിശീലകൻ ഗ്രെഗ്‌ ബെർഹാൾട്ടർ കടിഞ്ഞാൺ ഏൽപ്പിച്ചിരിക്കുന്നത്‌. ‘എംഎംഎ’ എന്നാണ്‌ ത്രയം അറിയപ്പെടുന്നത്‌. മൂസ, മക്‌ക്കെന്നി, ആദംസ്‌ എന്നീ പേരുകളുടെ ആദ്യാക്ഷരം ചേർത്തുള്ള വിളിപ്പേര്‌. ഇംഗ്ലണ്ടും ഇറാനും വെയ്‌ൽസും ഉൾപ്പെട്ട ബി ഗ്രൂപ്പിൽനിന്ന്‌ തോൽവിയറിയാതെ രണ്ടാംസ്ഥാനക്കാരായി അമേരിക്ക പ്രീ ക്വാർട്ടറിലേക്ക്‌ കുതിച്ചതിന്റെ ചാലകശക്തി മധ്യനിരയിലെ ‘എംഎംഎ’ സാന്നിധ്യമാണ്‌.

ഖത്തർ ഇതുവരെ കണ്ട ഏറ്റവും മികച്ച ടീമുകളിലൊന്നാണ്‌ അമേരിക്ക. ഗോളടിക്കുന്നില്ല എന്ന പോരായ്‌മ മാറ്റിവച്ചാൽ സമ്പൂർണ പ്രകടനമായിരുന്നു. ചടുലമായ നീക്കങ്ങളും പാസുകളുമായി സുന്ദരമായ കളി. എതിരാളിയുടെ കാലിൽ പന്ത്‌ കിട്ടിയാൽ അതിവേഗം തിരിച്ചുപിടിക്കുന്ന ഗീഗൻപ്രസിങ്‌ ശൈലിയാണ്‌ ബെർഹാൾട്ടർ ആവിഷ്‌കരിച്ചത്‌. മൈതാനമധ്യത്ത്‌ ഇതിനൊത്ത പടയാളികളെയും പരിശീലകൻ സജ്ജരാക്കി. മൂസയും ആദംസും പ്രതിരോധിക്കാനും ആക്രമിക്കാനും ഒരുപോലെ മിടുക്കരാണ്‌. മക്‌ക്കെന്നിയാകട്ടെ വിങ്ങറായും തിളങ്ങും. മധ്യനിരക്കാർക്ക്‌ കളത്തിൽവേണ്ട ഗുണങ്ങളെല്ലാം മൂവർക്കുമുണ്ട്‌. കരുത്തിലും കൗശലത്തിലും കളിസൗന്ദര്യത്തിലും ഒരുപോലെ മുന്നിൽ.
വെയ്‌ൽസിനെതിരായ ആദ്യകളിയിൽ 4–-3–-3 ശൈലിയായിരുന്നു. ഇടതുവശം മൂസ, മധ്യത്തിൽ ആദംസ്‌, വലത്‌ മക്‌ക്കെന്നി. ഇംഗ്ലണ്ടിനെതിരെ 4–-4–-2 ആയിരുന്നു. മൂസയും ആദംസും പ്രതിരോധച്ചുമതല ഏറ്റെടുത്തു. മക്‌ക്കെന്നിയെ മുന്നേറ്റത്തിന്‌ പന്തെത്തിക്കാനും ഏൽപ്പിച്ചു. ഇറാനെതിരെ മറ്റൊരു സമവാക്യമായിരുന്നു. മൂസ വലതുഭാഗത്തായി. മക്‌ക്കെന്നി ഇടതുവശത്തും അണിനിരന്നു.

സ്‌പാനിഷ്‌ ക്ലബ് വലെൻസിയക്കായാണ്‌ മൂസ കളിക്കുന്നത്‌. ഇറാനെതിരെ 44 പാസുകളാണ്‌ ഇരുപതുകാരൻ കൈമാറിയത്‌. രണ്ട്‌ ഷോട്ടുകളും ഉതിർത്തു. മൂന്ന്‌ കളിയിൽ ലക്ഷ്യത്തിലേക്കായി ഏറ്റവും കൂടുതൽ പാസുകൾ നൽകിയതും മൂസയാണ്‌–-36. ഘാന വംശജരാണ്‌ മൂസയുടെ രക്ഷിതാക്കൾ. ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദംസ്‌ തെളിഞ്ഞത്‌. സർവസൈന്യാധിപനായി നിറഞ്ഞുകളിച്ച ഇരുപത്തിമൂന്നുകാരൻ 12.94 കിലോമീറ്റർ താണ്ടി. 62 പാസുകൾ കൈമാറി. 12 തവണ എതിരാളിയിൽനിന്ന്‌ പന്ത്‌ റാഞ്ചി. ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്‌റ്റനാണ്‌. കറുത്തവംശജനായ ആദ്യ അമേരിക്കൻ നായകനും. ലീഡ്‌സ്‌ യുണൈറ്റഡ്‌ താരമാണ്‌. മുന്നേറ്റത്തിനെ സഹായിക്കുക എന്ന ചുമതല ഭംഗിയായാണ്‌ യുവന്റസുകാരനായ മക്‌ക്കെന്നി നിർവഹിക്കുന്നത്‌. പ്രീ ക്വാർട്ടറിൽ ശനിയാഴ്‌ച നെതർലൻഡ്‌സിനെ നേരിടുമ്പോൾ മധ്യനിരയിൽ പ്രതീക്ഷവച്ചാണ്‌ അമേരിക്ക ഇറങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top