27 January Thursday

ഏഴാംജാലം

പ്രദീപ്‌ ഗോപാൽUpdated: Wednesday Dec 1, 2021

photo credit psg twitter


‘മെസി മറ്റൊരു ഫുട്ബോൾലോകമാണ്. അയാൾ വിരമിക്കുമ്പോൾ അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ ബാലൻ ഡി ഓർ കിരീടങ്ങൾ കെെയിലുണ്ടാകും’– 2012ൽ യൊഹാൻ ക്രൈഫ് കുറിച്ച വാക്കുകൾ. ഒരുപക്ഷേ, ഏഴാം ബാലൻ ഡി ഓറിനെക്കുറിച്ച് മെസിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷേ, ഓരോ വർഷവും ഓരോ നേട്ടം അർജന്റീനക്കാരനെ തേടിവന്നു. എല്ലാ വീഴ്ചയ്‌ക്കുശേഷവും അമ്പരപ്പിക്കുമാറ് ഉയിർത്തെണീറ്റു.

2021 മെസിയെ സംബന്ധിച്ചിടത്തോളം നിർണായകവർഷമായിരുന്നു. നേട്ടങ്ങൾക്കൊപ്പംതന്നെ വേദനകളും നിറഞ്ഞ കാലം. നേട്ടങ്ങളിൽ ഏറ്റവും തിളക്കമുള്ളത് കോപ അമേരിക്ക കിരീടം. വർഷങ്ങളായി കൊതിച്ചതെന്തോ അത് കെെയിൽ കിട്ടി. അതിന്റെ ആവേശം ബാലൻ ഡി ഓർ വേദിയിലും മെസി മറച്ചുവച്ചില്ല. ‘കോപ കിരീടമില്ലായിരുന്നെങ്കിൽ ഞാനിന്ന് ഇവിടെ നിൽക്കുമായിരുന്നില്ല. 2019ൽ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഇനിയൊന്നിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല’– മെസി പറഞ്ഞു.

കോവിഡും അതുണ്ടാക്കിയ അനിശ്ചിതത്വവും ഫുട്ബോളിനെ പ്രതിസന്ധിയിലാക്കിയ സമയം. കഴിഞ്ഞവർഷത്തെ ബാലൻ ഡി ഓർതന്നെ റദ്ദാക്കി. കളിക്കളങ്ങൾ അടഞ്ഞുകിടന്നു. വമ്പൻ ക്ലബ്ബുകൾ സാമ്പത്തികഞെരുക്കത്തിൽ അമർന്നു. ബാഴ്സയിൽ മെസിയുടെ ജീവിതം ചോദ്യത്തിലായി. 2020ൽ ക്ലബ് വിടാനുള്ള ശ്രമം പരാജയപ്പെട്ടത് മാനസികമായി തളർത്തി. കരാർ അവസാനിച്ചിട്ടും ബാഴ്സയിൽ തുടരുകയായിരുന്നു.
അതിനിടെയാണ് 2021 ജനുവരി 17ന് ക്ലബ് ജീവിതത്തിലെ ആദ്യ ചുവപ്പുകാർഡ് മെസിക്ക് ലഭിക്കുന്നത്. അത്‌ലറ്റികോ ബിൽബാവോ താരം ഏസിയെർ വില്ലാലിബ്രെയെ കെെമുട്ടുകൊണ്ട് ഇടിച്ചതിന് കാർഡ്. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ് കിരീടം കെെവിട്ടു. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് ഇരുപാദത്തിലുമായി 1–5ന് പ്രീ ക്വാർട്ടറിൽ തോറ്റു.

മാർച്ചിൽ കളിജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. സ്പാനിഷ് ലീഗിൽ വെസ്കയ്ക്കെതിരെ ഗോളടിച്ച് റെക്കോഡ്. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ തുടർച്ചയായി 13 സീസണുകളിൽ 20 ഗോളെങ്കിലും നേടുന്ന ആദ്യതാരമായി. പിന്നാലെ ഏറ്റവും കൂടുതൽ മത്സരം കളിച്ച സാവിയുടെ റെക്കോഡ് മറികടന്നു. ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് കപ്പ് കിരീടം നേടി. തുടർച്ചയായി 13 സീസണുകളിൽ 30 ഗോളടിച്ച് യെർദ് മുള്ളറുടെ റെക്കോഡും മറികടന്നു. ബാഴ്സയിൽ 35–ാംകിരീടം ചൂടി. സ്പാനിഷ് ലീഗിൽ എട്ടാംതവണയും ടോപ് സ്കോറർ. തുടർച്ചയായ അഞ്ചാംതവണ സ്വന്തമാക്കി ആൽഫ്രെഡോ ഡെസ്റ്റഫാനോയെ പിന്തള്ളി.

ആ ഇടംകാൽ രാജ്യാന്തര വേദിയിലും കുതിച്ചു. ചിലിക്കെതിരെ തകർപ്പൻ ഫ്രീകിക്ക് തൊടുത്തായിരുന്നു കോപയിലെ തുടക്കം. സെമിയിൽ കൊളംബിയക്കെതിരെ ഇറങ്ങിയപ്പോൾ അർജന്റീനക്കുപ്പായത്തിലെ 150–-ാംമത്സരമായി അത്. ഫെെനലിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം. 1993നുശേഷം അർജന്റീനയുടെ ആദ്യ രാജ്യാന്തരനേട്ടം. അർജന്റീന നേടിയ 12 ഗോളിൽ ഒമ്പതിലും മെസിയുടെ കെെയൊപ്പുണ്ടായി. നാല് ഗോൾ, അഞ്ചെണ്ണത്തിന് അവസരമൊരുക്കൽ. സെപ്തംബറിൽ ബൊളീവിയക്കെതിരെ ലോകകപ്പ് യോഗ്യതാപോരാട്ടത്തിൽ ഹാട്രിക് കുറിച്ച് മറ്റൊരു റെക്കോഡും കുറിച്ചു. ഗോളെണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നു.

മനസ്സ്‌ തെളിഞ്ഞ്, ബാഴ്സയിൽ വീണ്ടും തുടരാനുള്ള ആഗ്രഹവുമായെത്തിയ മെസിക്ക് കണ്ണീരായിരുന്നു നൗകാമ്പ് കാത്തുവച്ചത്. പ്രതിഫലം പകുതിയായി കുറയ്ക്കാമെന്ന് പറഞ്ഞിട്ടും മെസിക്ക് ബാഴ്സ വിടേണ്ടിവന്നു. കോപയിലെ സന്തോഷം നൗകാമ്പിൽ കെട്ടു. പിഎസ്ജിയിൽ പുതിയ ആകാശം. ജ്വലിക്കാൻ അൽപ്പം വെെകിയെങ്കിലും പാരിസിൽ കൊടുങ്കാറ്റിനുള്ള സൂചന നൽകിക്കഴിഞ്ഞു. കൂട്ടുകാരൻ ലൂയിസ് സുവാരസിന്റെ കെെയിൽനിന്ന് ഏഴാം ബാലൻ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ മെസിയുടെ മുഖം തെളിഞ്ഞു. ആ ഇടംകാലിൽ അത്ഭുതങ്ങൾ അവസാനിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top