20 March Wednesday

ഇന്ത്യ വീണ്ടും ട്രാക്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

4‐ 400 പുരുഷ റിലേയിൽ വെള്ളി നേടിയ ധരുൺ അയ്യസ്വമി, കു-ഞ്ഞു- മു-ഹമ്മദ്--, മു-ഹമ്മദ്-- അനസ്-, ആരോ-ക്യ- രാ-ജീവ്‌


ജക്കാർത്ത
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ 40 വർഷത്തിനുശേഷം ഇന്ത്യയുടെ ഏറ്റവുംമികച്ച പ്രകടനത്തിന് ജക്കാർത്ത സാക്ഷ്യംവഹിച്ചു. അത്ലറ്റിക്സിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി മങ്ങിയ ഇന്ത്യ തിരിച്ചുവരുന്നതിന്റെ സൂചന നൽകുന്നു 18‐ാം ഗെയിംസ്. 1978ൽ എട്ട് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 18 മെഡൽ ലഭിച്ചു. 2002ൽ ഏഴ് സ്വർണം ലഭിച്ചെങ്കിലും ആകെ മെഡൽ 17 മാത്രം. ഇത്തവണ ഏഴ് സ്വർണവും 10 വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 19 മെഡൽ ഇന്ത്യൻ അത്ലീറ്റുകൾ കൊയ്തു. അത്ലറ്റിക്സ് മെഡൽ നേട്ടത്തിലെ സമ്പന്നമായ മലയാളി സാന്നിധ്യം കേരളത്തിനും അഭിമാനമായി.

കഴിഞ്ഞതവണ ഇഞ്ചിയോണിൽ ട്രാക്കിൽനിന്ന് രണ്ട് സ്വർണം മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഡിസ്കസ് ത്രോയിൽ സീമ പുനിയയും 4‐400 വനിതാ റിലേ ടീമുമാണ് സ്വർണത്തിന് അർഹരായത്. നാല് വെള്ളിയും ഏഴ് വെങ്കലവും ഉണ്ടായിരുന്നു. 2010ൽ അഞ്ച് സ്വർണമടക്കം 12 മെഡൽ. 2006ൽ തീർത്തും ദയനീയമായിരുന്നു പ്രകടനം. 4‐400 വനിതാ റിലേയിൽ മാത്രമാണ് സ്വർണം.

ജക്കാർത്തയിൽ ആറുനാൾ നീണ്ട അത്ലറ്റിക്സിന്റെ ആദ്യദിനം തേജീന്ദർ പാൽ തൂറാണ് ഇന്ത്യൻ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ഷോട്ട്പുട്ടിൽ ഗെയിംസ് റെക്കോഡോടെ പഞ്ചാബി യുവാവ് സ്വർണം നേടി. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ദേശീയ റെക്കോഡോടെ സ്വർണം എറിഞ്ഞിട്ടത് ഇന്ത്യൻ നിരയിൽ ആവേശം നിറച്ചു. ആധികാരികമായിരുന്നു ഇരുപതുകാരന്റെ വിജയം.


ജിൻസൺ ജോൺസൺ 1500ൽ ഗംഭീരപ്രകടനത്തോടെ ഓടിയെടുത്ത സ്വർണം ഈ ഗെയിംസിൽ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായി. 800 മീറ്ററിൽ ജിൻസണ് വെള്ളിയുമുണ്ട്. വനിതകളുടെ 4‐400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ മലയാളി താരം വി കെ വിസ്മയ അംഗമായിരുന്നു. ഈയിനത്തിൽ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം സ്വർണമാണിത്. ഹിമാ ദാസ്, എം ആർ പൂവമ്മ, സരിത ഗെയ്ക്വാദ് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങൾ. ട്രിപ്പിൾജമ്പിൽ അർപിന്ദർ സിങ്, 800ൽ മഞ്ജിത് സിങ്, ഹെപ്റ്റാത്ത്ലണിൽ സ്വപ്ന ബർമൻ എന്നിവർ സ്വർണത്തിന് ഉടമകളായി.
അത്ലറ്റിക്സിൽ നേടിയ പത്തു വെള്ളി മെഡലിൽ ഭുരിപക്ഷത്തിനും സ്വർണത്തോളം തിളക്കമുണ്ട്. ഓട്ടമത്സരങ്ങളിൽ ബഹ്റൈനും ഖത്തറും ദത്തെടുത്ത ആഫ്രിക്കൻ താരങ്ങളാണ് ഇന്ത്യക്കാരെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. ദ്യുതി ചന്ദും ഹിമ ദാസും മുഹമ്മദ് അനസും ഇത്തരത്തിൽ വെള്ളിയിൽ ഒതുങ്ങിയവരാണ്. 1500 മീറ്ററിൽ വെങ്കലം നേടിയ  മലയാളി താരം പി യു ചിത്രയ്ക്ക് മുന്നിലായി ഫിനിഷ് ചെയ്തത് ബഹ്റൈന്റെ ആഫ്രിക്കൻ അത്ലീറ്റുകളാണ്. 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം അനു രാഘവൻ നാലാമതായപ്പോൾ ഒന്നും മൂന്നും സ്ഥാനത്ത് ബഹ്റൈനിന്റെ ആഫ്രിക്കൻ താരങ്ങളായിരുന്നു.

വെള്ളി നേടിയ 4‐400 പുരുഷ റിലേ ടീമിൽ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ് എന്നീ മലയാളി താരങ്ങൾ ഉൾപ്പെട്ടു. 400 മീറ്ററിലും 4‐400 മിക്സഡ് റിയേിലും അനസിനു വെള്ളിയുണ്ട്. ലോങ്ജമ്പിൽ മലയാളിതാരം നീന പിന്റോ വെള്ളി നേടി. ദ്യുതി ചന്ദ് 100ലും 200ലും വെള്ളി നേടി. ഹിമ ദാസ് 400ലും സുധ സിങ് 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും 400 മീറ്റർ ഹർഡിൽസിൽ ധരുൺ അയ്യസാമിയും വെള്ളിയണിഞ്ഞു. 4‐400 മിക്സഡ് റിലേയിലും വെള്ളിയുണ്ട്. ഈ ടീമിൽ അനസിനെ കുടാതെ ഹിമ ദാസ്, ആരോക്യ രാജീവ്, എം ആർ പൂവമ്മ എന്നിവർ ഉൾപ്പെട്ടു. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ കൗമാരതാരം ഹിമ ദാസ് ഒരു സ്വർണവും രണ്ടു വെള്ളിയും നേടി. പൂവമ്മയ്ക്കും ആരോക്യ രാജീവിനും രണ്ട് വെള്ളിയുണ്ട്.

 

പുരുഷ ടീമിന് വെങ്കലം ; സ്ക്വാഷിൽ വനിതാ ടീം ഫൈനലിൽ
ജക്കാർത്ത
ഏഷ്യൻ ഗെയിംസ് സ്ക്വാഷ് മത്സരത്തിന്റെ വനിതാ ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ മലേഷ്യയെ ഇന്ത്യ അട്ടിമറിച്ചു. അതേസമയം, പുരുഷവിഭാഗത്തിൽ ഹോങ്കോങ്ങിനുമുന്നിൽ സെമിയിൽ മുട്ടുമടക്കിയ ഇന്ത്യ വെങ്കലം സ്വന്തമാക്കി. മിന്നും പോരാട്ടത്തിനൊടുവിലാണ് ഫൈനലിനുള്ള യോഗ്യത വനിതകൾ നേടിയത്. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കൽ, സുനൈന കുരുവിള, തൻവി ഖന്ന എന്നിവരാണ് ടീമംഗങ്ങൾ. ഫൈനലിൽ ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായ രണ്ടാംതവണയാണ് ഈ ഇനത്തിൽ ഇന്ത്യ ഫൈനലിലെത്തുന്നത്. കഴിഞ്ഞ ഗെയിംസിൽ വെള്ളി നേടാനെ കഴിഞ്ഞുള്ളൂ.

മലേഷ്യയുടെ ലോകോത്തരതാരം നിക്കോൾ ഡേവിഡിനെ തകർത്താണ് ഇന്ത്യ തുടങ്ങിയത്. എട്ടുതവണ ലോകചാമ്പ്യനായ നിക്കോളെയെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജോഷ്ന ചിന്നപ്പ തളച്ചു. മലേഷ്യൻ താരത്തെ 12‐10, 11‐9, 6‐11, 10‐12, 11‐9 എന്ന സ്കോറിന് തോൽപ്പിച്ച ജോഷ്ന ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെയെത്തിയ മലയാളി താരം ദീപികയും ഇന്ത്യക്കായി ജയംകുറിച്ചു. രണ്ടാംമത്സരത്തിൽ വീ വേൺ ലോയ്ക്കെതിരെ ദീപിക 11‐2, 11‐9, 11‐7 എന്ന സ്കോറിന് അനായാസം ജയം നേടി. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് ഇന്ത്യ‐ഹോങ്കോങ് െെഫനൽ. ജപ്പാനെ തോൽപ്പിച്ചാണ് ഹോങ്കോങ് ഫൈനലിലെത്തിയത്. പൂൾ മത്സരത്തിൽ ഇന്ത്യയെ ഹോങ്കോങ് തോൽപ്പിച്ചിരുന്നു.

പുരുഷവിഭാഗം ടീം ഇനത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ ഹോങ്കോങ്ങാണ് തകർത്തത്. എതിരില്ലാത്ത രണ്ടുപോയിന്റുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സൗരവ് ഘോഷാൽ, ഹരീന്ദർപാൽ സിങ് എന്നിവർ തോൽവി രുചിച്ചു.


പ്രധാന വാർത്തകൾ
 Top