09 August Sunday

യുവന്റസിലേക്ക്‌ ആർതർ പ്യാനിച്ച്‌ ബാഴ്‌സയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

ആർതർ / പ്യാനിച്ച്‌


നൗകാമ്പ്‌
ആർതറിനെയും മിറാലെം പ്യാനിച്ചിനെയും പരസ്‌പരം കൈമാറാൻ ബാഴ്‌സലോണയും യുവന്റസും ധാരണയായി. ഈ സീസൺ അവസാനത്തോടെ ആർതർ യുവന്റസിൽ ചേരും. പ്യാനിച്ച്‌ ബാഴ്‌സയിലെത്തും. രണ്ടും വെവ്വേറെ കരാറാണ്‌. ആർതറിനായി ഏകദേശം 611 കോടി രൂപയാണ്‌ യുവന്റസ്‌ മുടക്കുക. പ്യാനിച്ചിനായി 509 കോടി രൂപ ബാഴ്‌സയും മുടക്കും. ഈ സീസണിൽ ഇരു കളിക്കാരും നിലവിലെ ക്ലബ്ബുകളിൽ തുടരും.

രണ്ടുവർഷം മുമ്പാണ്‌ ബ്രസീലുകാരനായ ആർതർ ബാഴ്‌സയിൽ ചേർന്നത്‌. 2025വരെ കരാറുണ്ടായിരുന്നു. മധ്യനിരയിൽ സാവിക്ക്‌ പകരക്കാരനാകുമെന്നായിരുന്നു ബാഴ്‌സയുടെ പ്രതീക്ഷ. നല്ല തുടക്കമായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റേത്‌. ഈ സീസണിൽ അൽപ്പം മങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ്‌ ആർതറെ വിൽക്കാനുള്ള ബാഴ്‌സയുടെ നീക്കത്തിന്‌ പ്രധാന കാരണമായത്‌. ആർതറും പെട്ടെന്ന്‌ ടീം വിട്ടത്‌ ബാഴ്സ പ്രസിഡന്റ്‌ ജോസഫ്‌ മരിയ ബർതോമ്യുവിനെ സമ്മർദത്തിലാക്കും. സമീപ വർഷങ്ങളിൽ ബാഴ്‌സ കരാർ ചെയ്‌ത കളിക്കാർക്കൊന്നും മികവുണ്ടാക്കാനായിട്ടില്ല.ആർതറിനുവേണ്ടി ഇത്രയും തുക മുടക്കുന്നതിൽ നഷ്ടമുണ്ടാകില്ലെന്നാണ്‌ യുവന്റസിന്റെ വിലയിരുത്തൽ. ടീം വിടുന്ന പ്യാനിച്ചിന്‌ 30 വയസ്സായി. ആർതർ ചെറുപ്പമാണ്‌. നാലു വർഷത്തേക്കാണ്‌ യുവന്റസിൽ നിലവിലെ കരാർ.

എഴുപത്തിരണ്ടു  മത്സരങ്ങളിൽ ബാഴ്‌സയ്‌ക്കായി ആർതർ കളിച്ചു. ഈ സീസണിൽ ബാഴ്‌സയുടെ മോശം പ്രകടനത്തിൽ ആർതറും കാരണക്കാരനായി. സ്ഥിരത പുലർത്താനായില്ല.  ഫിലിപ്‌ കുടീന്യോയ്‌ക്കുശേഷം പ്രതീക്ഷയോടെ വന്ന്‌ പെട്ടെന്ന്‌ മടങ്ങുന്ന മറ്റൊരു ബാഴ്‌സ താരമായി ആർതർ. കുടീന്യോ കഴിഞ്ഞ സീസണിലാണ്‌ ബയേൺ മ്യൂണിക്കിലേക്ക്‌ ചേക്കേറിയത്‌.  വായ്‌പാടിസ്ഥാനത്തിലാണ്‌ ഈ ബ്രസീലുകാരൻ ബയേണിനായി കളിക്കുന്നത്‌.
2016ലാണ്‌ പ്യാനിച്ച്‌ യുവന്റസിൽ എത്തിയത്‌. 116 മത്സരങ്ങളിൽ ഇറങ്ങി. യുവന്റസിന്റെ കിരീടനേട്ടങ്ങളിൽ ഈ മധ്യനിരക്കാരൻ നിർണായക പങ്ക്‌ വഹിച്ചു.  സെപ്‌തംബറിൽ കൂടുമാറ്റമുണ്ടാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top