25 August Sunday

കോപയിൽ സുവാരസിന‌് പിഴച്ചു ; ഷൂട്ടൗട്ടിൽ പെറു സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

പെറുവിനെതിരായ ഷൂട്ടൗട്ടിൽ അവസരം പാഴാക്കിയ ഉറുഗ്വേ താരം ലൂയിസ്‌ സുവാരസ്‌ തോൽവിക്കുശേഷം മുഖംമറച്ചിരിക്കുന്നു


സാൽവദോർ
ഉറുഗ്വേയുടെ സൂപ്പർ താരം ലൂയിസ‌് സുവാരസിന‌് പെനൽറ്റി പിഴച്ചപ്പോൾ  പെറുവിന‌് കോപ അമേരിക്ക ഫുട‌്ബോളിൽ സെമിഫൈനൽ പ്രവേശം. ഷൂട്ടൗട്ടിലേക്ക‌് നീണ്ട ക്വാർട്ടറിൽ  ഉറുഗ്വേയെ വീഴ‌്ത്തിയാണ‌് (4--‐5) പെറു അവസാന നാലിൽ ഇടംപിടിച്ചത‌്.

വ്യാഴാഴ‌്ച പുലർച്ചെ ആറിന‌് നടക്കുന്ന സെമിയിൽ പെറു നിലവിലെ ചാമ്പ്യന്മാരായ ചിലിയെ നേരിടും. 1939ലും 1975ലും ജേതാക്കളായ പെറു നാലുവർഷം മുമ്പ‌് സെമിയിൽ ചിലിയോട‌് തോറ്റിരുന്നു. ബുധനാഴ‌്ച പുലർച്ചെ ആറിനാണ‌് ബ്രസീൽ –-അർജന്റീന സെമി.

ബാ‌ഴ‌്സ‌ലോണ താരം ലൂയിസ‌് സുവാരസ‌് എടുത്ത ആദ്യ പെനൽറ്റി കിക്ക‌് നഷ‌്ടമാക്കിയതാണ‌്  ഉറുഗ്വേക്ക‌് തിരിച്ചടിയായത‌്.  പെറു ഗോളി പെഡ്രോ ഗല്ലെസ‌് പെനൽറ്റി തടുത്തിട്ടു. അവസാന കിക്കെടുത്ത എഡിസൻ ഫ്ലോറസ‌്  ലക്ഷ്യം കണ്ടതോടെ പെറു മത്സരം സ്വന്തം പേരിലെഴുതി. ഉറുഗ്വേയ‌്ക്കായി കവാനി, ക്രിസ‌്റ്റ്യൻ സ‌്റ്റുവാനി, റോഡിഗ്രോ ബെന്റാങ്കുർ, ലൂകാസ‌് ടുറൈറ എന്നിവർ പെനൽറ്റി ഗോളാക്കി. 

പെറുവിനായി പൗലോ ഗുറൈറോ, റൗൾ റൂഡിയസ‌്, യോഷിമാർ യോതുൻ, ലൂയിസ‌് അഡ‌്‌വിൻസുല എന്നിവരും ലക്ഷ്യം ക‌ണ്ടു. നിശ‌്ചിതസമയത്ത‌് ഇരു ടീമുക‌ളും ഗോൾ വഴങ്ങാത്തതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക‌് നീങ്ങുകയായിരുന്നു.  മൂന്നാമത്തെ ക്വാർട്ടർ ഫൈനലാണ‌് ഷൂട്ടൗട്ടിലൂടെ ഫലം നിർണയിച്ചത‌്. 

കളത്തിൽ ഉറുഗ്വേക്കായിരുന്നു ആധിപത്യം. എന്നാൽ വേഗത കുറച്ച‌് സുരക്ഷിത കളിയായിരുന്നു പെറുവിന്റേത‌്. 12 തവണ ഉറുഗ്വേ ലക്ഷ്യത്തിലേക്ക‌് ഷോട്ടുതിർത്തെങ്കിലും പാഴായി.  ജോർജിയൻ അരാസ‌്കയറ്റ, സുവാരസ‌്, കവാനി എന്നിവർക്ക‌് വില്ലനായി "വാർ" എത്തി. സുവാരസ‌് വലയിലെത്തിച്ച പന്ത‌് റഫറി ഓഫ‌്സൈഡ‌് വിളിച്ചു. എഡിൻസൺ കവാനിക്കും ഇതേ ദുർവിധി. ആറു വാര അകലെനിന്ന‌് ലഭിച്ച രണ്ട‌് അവസരങ്ങ‌ളാണ‌് കവാനിയും ക്യാപ‌്റ്റൻ ദ്യേഗോ ഗോഡിനും പോസ‌്റ്റിന‌് മുകളിലേക്ക‌് അടിച്ചുകളഞ്ഞത‌്.  പെറു നിരയിൽനിന്ന‌് മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. പോസ‌്റ്റിലേക്ക‌് അവർ വെടി ഉതിർത്തതേയില്ല.
രണ്ടുവട്ടം മുന്നേറ്റ താരം പൗലോ ഗുറൈറൊ പന്തുമായി എത്തിയെങ്കിലും പ്രതിരോധത്തിൽ ഹോസെ ജിമിന‌സ‌് വിലങ്ങിട്ടു.


പ്രധാന വാർത്തകൾ
 Top