പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ അഞ്ചാംസീഡ് ഗ്രീസിന്റെ സ്‌റ്റെഫനോസ് സിറ്റ്‌സിപാസും വനിതകളിൽ അറീന സബലേങ്ക, ജെസീക പെഗുല എന്നിവരും മൂന്നാംറൗണ്ടിലേക്ക് മുന്നേറി. അഞ്ചാംസീഡ് കരോളിനെ ഗാർഷ്യ പുറത്തായി.
സ്‌പെയ്‌നിന്റെ റോബർട്ടോ കാർബെല്ലസ് ബയേനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു സിറ്റ്‌സിപാസിന്റെ മുന്നേറ്റം (6–-3, 7–-6,6–-2). മൂന്നാംറൗണ്ടിൽ അർജന്റീനയുടെ ദ്യേഗോ ഷോർട്‌സ്‌മാനാണ് സിറ്റ്‌സിപാസിന്റെ എതിരാളി. സ്വിസ് താരം സ്‌റ്റാൻ വാവ്‌റിങ്ക പുറത്തായി. ഓസ്‌ട്രേലിയയുടെ തനാസി കോക്കിനാക്കിസിനോട് കടുത്ത പോരാട്ടത്തിലാണ് വാവ്‌റിങ്ക കീഴടങ്ങിയത് (6–-3, 5–-7, 3–-6, 7–-6, 3–-6).
വനിതകളിൽ പെഗുലയ്‌ക്കെതിരെ ഇറ്റലിയുടെ കാമിലി ജിയോർജി ആദ്യ സെറ്റിനുശേഷം പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് പെഗുല 6–-2ന് നേടിയിരുന്നു.
ബൽജിയത്തിന്റെ എലിസെ മെർട്ടെൻസാണ് മൂന്നാംറൗണ്ടിൽ അമേരിക്കക്കാരിയുടെ എതിരാളി. ഗാർഷ്യയെ 56–-ാംറാങ്കുകാരി അന്ന ബ്ലിങ്കോവ തോൽപ്പിച്ചു (4–-6, 6–-3, 7–-5). ഡാരിയ കസാറ്റ്‌കിന, എലിന സ്വിറ്റോളിന, സ്ലൊയെൻ സ്‌റ്റീഫൻസ് എന്നിവരും മുന്നേറി. ഒന്നാംസീഡ് ഇഗ ഷ്വാടെക് രണ്ടാംറൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ 70–-ാംറാങ്കുകാരി സ്‌പെയ്‌നിന്റെ ക്രിസ്‌റ്റീന ബുക്‌സയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു (6–-4, 6–-0).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..