15 July Wednesday

ബയേൺ മ്യൂണിക്‌ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ബയേണിനായി ഇരട്ടഗോളടിച്ച ലെവൻഡോവ്‌സ്‌കിയുടെ ആഹ്ലാദം


ബെർലിൻ
ഗോളടിച്ചുകൂട്ടി ബയേൺ മ്യൂണിക്‌ കുതിക്കുന്നു. ജർമൻ ഫുട്‌ബോൾ ലീഗിൽ അഞ്ച്‌ റൗണ്ട്‌ ശേഷിക്കെ ബയേണിന്‌ ഒന്നാംസ്ഥാനത്ത്‌ 10 പോയിന്റ്‌ ലീഡായി. ലീഗ്‌ പുനരാരംഭിച്ചശേഷമുള്ള നാലാമത്തെ കളിയിലും ബയേൺ ജയം കുറിച്ചു. ഫോർച്യുന ഡുസെൽഡോർഫിനെ അഞ്ച്‌ ഗോളിനാണ്‌ തകർത്തത്‌. 29 കളിയിൽ 67 പോയിന്റാണ്‌ ബയേണിന്‌. ഒരു മത്സരം കുറവുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ 57ഉം.

റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ മിന്നുന്ന പ്രകടനമായിരുന്നു ബയേണിന്റെ ജയം എളുപ്പമാക്കിത്‌. രണ്ട്‌ ഗോൾ ലെവൻഡോവ്സ്‌കി തൊടുത്തു. സീസണിൽ ആകെ 43 ഗോളും ആയി. റെക്കോഡിനൊപ്പവും എത്തി. ലീഗിൽ 29 ഗോളാണ്‌ ഈ പോളണ്ടുകാരന്‌. ബയേണിന്റെ മറ്റ്‌ ഗോളുകൾ കൗമാരതാരം അൽഫോൺസ്‌ ഡേവിയെസും ബെഞ്ചമിൻ പവാർദും നേടി. ഒരെണ്ണം ഡുസെൽഡോർഫ്‌ താരം  മതിയാസ്‌ ജോർജെൻസണിന്റെ പിഴവിൽനിന്നായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡോർട്ട്‌മുണ്ടിനെ തോൽപ്പിച്ചപ്പോൾതന്നെ ബയേണിന്റെ കിരീടവഴി തുറന്നിരുന്നു. തുടർച്ചയായ എട്ടാം കിരീടത്തിലേക്കാണ്‌ കുതിപ്പ്‌. ആകെ 30 കിരീടമാകും.

ലീഗ്‌ പുനരാരംഭിച്ചശേഷം നാല്‌ കളിയിൽ 13 ഗോളാണ്‌ ബയേൺ അടിച്ചുകൂട്ടിയത്‌. വഴങ്ങിയത്‌ രണ്ടും. പരിശീലകൻ ഹാൻസി ഫ്‌ളിക്കിന്‌ കീഴിൽ 25 കളിയിൽ 22 ജയമാണ്‌ സ്വന്തമാക്കിയത്‌. 80 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ 16 എണ്ണംമാത്രം. മറ്റൊരു മത്സരത്തിൽ ഹെർത ബെർലിൻ രണ്ട്‌ ഗോളിന്‌ ഓഗ്‌സ്‌ബുർഗിനെ തോൽപ്പിച്ചു.


പ്രധാന വാർത്തകൾ
 Top