26 May Tuesday

മുൻ സന്തോഷ്‌ ട്രോഫി താരം ഡെമ്പോ ഉസ്‌മാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കോഴിക്കോട്‌
കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം നേടിയപ്പോൾ (-1973) പ്രതിരോധനിരയിൽ തിളങ്ങിയ കെ വി ഉസ്‌മാൻ കോയ (ഡെമ്പോ ഉസ്മാൻ -–- 74) അന്തരിച്ചു. കോഴിക്കോട്‌ കുണ്ടുങ്ങൽ പാലാട്ട് വില്ലയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പുതിയ സ്രാങ്കിന്റകം കദീജ. സഹോദരൻ: കെ വി അബ്ദുറഹിമാൻ (അന്ത്രു). കോവിഡ്–-19 നിയന്ത്രണങ്ങൾ പാലിച്ച്‌  കണ്ണംപറമ്പ്‌ പള്ളി കബർസ്ഥാനിൽ  കബറടക്കം നടത്തി.

1973ൽ എറണാകുളത്ത്‌ നടന്ന സന്തോഷ്‌ ട്രോഫിയിലാണ്‌ കേരളം ആദ്യമായി ജേതാക്കളാകുന്നത്‌. ഫൈനലിൽ റെയിൽവേസിനെതിരെ രണ്ടിനെതിരെ മൂന്ന്‌ ഗോളിനായിരുന്നു വിജയം. മധ്യനിരയിൽ കളിച്ച ഉസ്മാനെ അന്നത്തെ കേരള കോച്ച് സൈമൺ സുന്ദർരാജ് പരീക്ഷണമെന്ന നിലയിലാണ്‌ പ്രതിരോധത്തിൽ കളിപ്പിച്ചത്‌. പ്രതിരോധത്തിൽ  ഉരുക്കുകോട്ട കെട്ടിയ ഉസ്‌മാന്റെ കളി വഴിത്തിരിവായി.

കോഴിക്കോട്‌ യങ് ചലഞ്ചേഴ്‌സിലൂടെയായിരുന്നു തുടക്കം. സംസ്ഥാന ജൂനിയർ ടീമിൽ കളിച്ചു. 1970 -–-80 കാലത്ത്‌ മികച്ച പ്രതിരോധക്കാരനായി തിളങ്ങി. പ്രതിരോധ മിടുക്കിന്‌  ഡെമ്പോ ഗോവയിൽനിന്നും  വിളിവന്നു. അങ്ങനെ കല്യാണം വീട്ടിൽ  ഉസ്‌മാൻകോയ ഡെമ്പോ ഉസ്‌മാനായി. എഫ്‌എസിടി, ടൈറ്റാനിയം, പ്രീമിയർ ടയേഴ്‌സ്‌ എന്നിവയ്‌ക്കായും കളിച്ചു. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ ക്ഷണിച്ചെങ്കിലും കോഴിക്കോട്‌ പോയിവരാനുള്ള സൗകര്യത്തിന്‌ ഡെമ്പോ ഗോവയിൽ തുടർന്നു. പിന്നീട്‌ ദീർഘകാലം പ്രവാസിയായി. ഗൾഫിൽ സർവേയറായി ജോലി ചെയ്തു. വിരമിച്ചശേഷം  നാട്ടിലെത്തി ക്ലബ്ബുകൾക്ക് പരിശീലനം നൽകി.  ഉസ്മാൻ കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  പ്രതിരോധത്തിലെന്നപോലെ മധ്യനിരയിലും ദീർഘകാലം തിളങ്ങിയ അദ്ദേഹം കളിക്കളത്തിലെ മാന്യമായ പെരുമാറ്റം കൊണ്ടും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.


പ്രധാന വാർത്തകൾ
 Top