മുംബൈ
ആദ്യ ഐപിഎൽ കിരീടത്തിൽ കണ്ണുനട്ടാണ് ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. കഴിഞ്ഞ രണ്ടു സീസണിലും സ്ഥിരതയാർന്ന പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട്.
കഴിഞ്ഞവർഷം ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ലീഗിലെ ഡൽഹിയുടെ എക്കാലത്തെയും മികച്ച പ്രകടനം ഈ രണ്ടാംസ്ഥാനമാണ്. നാലുവട്ടം പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്കു പകരം ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം ഋഷഭ് പന്താണ് ഡൽഹിയെ നയിക്കുന്നത്. ഏതു ടീമിനെയും വീഴ്ത്താനുള്ള പ്രാപ്തിയും ബലവുമായാണ് ഡൽഹി എത്തുന്നത്. 10ന് ചെന്നൈ സൂപ്പർ കിങ്സുമായാണ് ഡൽഹിയുടെ ആദ്യ മത്സരം.
കരുത്ത്
ബാറ്റിലും പന്തിലും ഒരുപോലെ കരുത്തരാണ്. ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ സംഘമാണ്. ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, പന്ത് എന്നിവരാണ് ബാറ്റിങ്ങിലെ ഇന്ത്യൻ സാന്നിധ്യം. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലൂടെ പന്ത് മാച്ച് വിന്നറായി ഉയർന്നുകഴിഞ്ഞു.
ഈ ലേലത്തിൽ സ്വന്തമാക്കിയ സ്റ്റീവ് സ്മിത്ത് ഇത്തവണ ഡൽഹിയുടെ മുന്നേറ്റത്തിൽ നിർണായകമാകും. ഷിംറോൺ ഹെറ്റ്മെയറും സാം ബില്ലിങ്സും മികച്ച ട്വന്റി–-20 ബാറ്റ്സ്മാൻമാരാണ്. മാർകസ് സ്റ്റോയിനിസും അക്സർ പട്ടേലുമാണ് ഓൾറൗണ്ടർമാർ.
ദക്ഷിണാഫ്രിക്കൻ സഖ്യമായ കഗീസോ റബാദയും ആൻറിച്ച് നോർത്യെയുമാണ് പേസ്നിര നയിക്കുന്നത്. ഇശാന്ത് ശർമയും ക്രിസ് വോക്സും കൂട്ടിനുണ്ട്. ആർ അശ്വിനാണ് സ്പിൻ വിഭാഗത്തിന്റെ ചുമതല. ലീഗിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഈ തമിഴ്നാടുകാരൻ.
ദൗർബല്യം
കോവിഡ് ബാധിച്ച അക്സർ പട്ടേൽ ആദ്യ മത്സരങ്ങൾക്കുണ്ടാകില്ല എന്നാണ് സൂചന. ശ്രേയസ്സിന്റെ അഭാവം മധ്യനിരയിലെ ഉറപ്പ് തകർക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ടീമിലെ മിക്ക താരങ്ങളും ഏറെക്കാലമായി ട്വന്റി–-20 കളിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..