28 November Saturday

ഡൽഹി വീണു ; ധവാന്റെ സെഞ്ചുറി തുണയായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ആഹ്ലാദം

ദുബായ്‌
ശിഖർ ധവാന്റെ സെഞ്ചുറിയും ഡൽഹി ക്യാപിറ്റൽസിന്‌ തുണയായില്ല. ഐപിഎൽ ക്രിക്കറ്റിൽ കിങ്‌സ്‌ ഇലവൻ പഞ്ചാബിനോട്‌ അഞ്ച്‌ വിക്കറ്റിന്‌ തോറ്റു. 61 പന്തിൽ 106 റണ്ണടിച്ച ധവാന്റെ ബലത്തിൽ ഡൽഹി കുറിച്ച 165 റൺ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കേ പഞ്ചാബ്‌ മറികടന്നു. തുടർച്ചയായ രണ്ടാംജയത്തോടെ പട്ടികയിൽ അഞ്ചാമതായി ലോകേഷ്‌ രാഹുലും സംഘവും.

സ്‌കോർ: ഡൽഹി 5–-164, പഞ്ചാബ്‌ 5–-167 (19).

നിക്കോളാസ്‌ പുരാനും (28 പന്തിൽ 53), ഗ്ലെൻ മാക്‌സ്‌വെല്ലും (24 പന്തിൽ 32) ചേർന്നാണ്‌ പഞ്ചാബിന്‌ ജയം നൽകിയത്‌. ക്രിസ്‌ ഗെയ്‌ൽ 29 റണ്ണടിച്ചു.

തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ്‌ ധവാൻ സ്വന്തമാക്കിയത്‌.  ഐപിഎലിൽ ആദ്യമായാണ്‌ ഒരു താരം തുടർച്ചയായി രണ്ടുവട്ടം മൂന്നക്കം കടക്കുന്നത്‌. മൂന്ന്‌ സിക്‌സറും 12 ബൗണ്ടറിയും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ലീഗിന്റെ തുടക്കം മങ്ങിയ ധവാൻ കഴിഞ്ഞ നാല്‌ മത്സരങ്ങളിലും കളം വാണു. രണ്ട്‌ സെഞ്ചുറിയും അരസെഞ്ചുറിയും. പഞ്ചാബിനെതിരെ പതറാതെയായിരുന്നു ഈ ഡൽഹി ഓപ്പണറുടെ ബാറ്റിങ്. പിഴവുകളില്ലാതെ, ശൗര്യത്തോടെ ഇടംകൈയൻ നിലയുറപ്പിച്ചപ്പോൾ പഞ്ചാബ്‌ ബൗളർമാർ കീഴടങ്ങി. 28 പന്തിൽ 50 കടന്നു. 57 പന്തിൽ സെഞ്ചുറിയും.

ലീഗിൽ 5,000 റണ്ണെന്ന നേട്ടവും ധവാൻ മറികടന്നു. ധവാൻ ഒഴികെ മറ്റൊരു ഡൽഹി ബാറ്റ്‌സ്‌മാൻമാർക്കും മിന്നാനായില്ല. ബാക്കി അഞ്ച്‌ താരങ്ങൾ ചേർന്ന്‌ അടിച്ചെടുത്തത്‌ വെറും 54 റൺ. ഇന്ന്‌ കൊൽക്കത്ത ബാംഗ്ലൂരിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top