14 April Wednesday

ചാമ്പ്യനെ തീർത്ത്‌ എംബാപ്പെ ; ബയേണിനെ പിഎസ്‌ജി വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


മ്യൂണിക്‌
ബയേൺ മ്യൂണിക്കിന്‌ പിഎസ്‌ജിയുടെ പ്രഹരം. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ 3–-2നാണ്‌ പിഎസ്‌ജി വിജയം പിടിച്ചെടുത്തത്‌. ബയേണിന്റെ തട്ടകത്തിലായിരുന്നു കളി. മറ്റൊരു ആദ്യപാദ ക്വാർട്ടറിൽ ചെൽസി രണ്ട്‌ ഗോളിന്‌ എഫ്‌സി പോർട്ടോയെ കീഴടക്കി.

കഴിഞ്ഞവർഷത്തെ കിരീടപ്പോരിൽ ബയേണിനുമുന്നിൽ വീണ പിഎസ്‌ജി അതിനുള്ള പ്രതികാരമാണ്‌ അലയൻസ്‌ അരീനയിൽ ചെയ്‌തത്‌. ഇരട്ടഗോളുമായി കിലിയൻ എംബാപ്പെ വിരിഞ്ഞുനിന്നപ്പോൾ രണ്ടെണ്ണത്തിന്‌ അവസരമൊരുക്കി നെയ്‌മറും മഹാവിജയത്തിൽ പങ്കാളിയായി. പിഎസ്‌ജിയുടെ ഒരു ഗോൾ മാർക്വിന്യോസിന്റെ വകയായിരുന്നു.

എറിക്‌ മാക്‌സിം ചൗപോ മോട്ടിങ്ങും തോമസ്‌ മുള്ളറും ബയേണിന്റെ ഗോൾ നേടി.റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ അഭാവം ബയേണിനെ ബാധിച്ചു. പിഎസ്‌ജിക്ക്‌ ഗോൾ കീപ്പർ കെയ്‌ലർ നവാസിന്റെ പ്രകടനവും തുണയായി.കളി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ബയേൺ വലയിലേക്ക്‌ എംബാപ്പെയുടെ ആദ്യ പ്രഹരം പതിച്ചു. നെയ്‌മർ പന്തൊഴുക്കിയപ്പോൾ എംബാപ്പെ ബയേൺ  ഗോൾ കീപ്പർ മാനുവൽ നോയയെ കീഴടക്കി. അരമണിക്കൂർ തികയുംമുമ്പ്‌ നെയ്‌മർ രണ്ടാംഗോളിനും വഴിയൊരുക്കി. മാർക്വിന്യോസ്‌ ഗോളടിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പ്‌ ചൗപോ മോട്ടിങ്‌ ബയേണിന്റെ ഭാരം കുറച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ മുള്ളർ അവരെ ഒപ്പമെത്തിക്കുകയും ചെയ്‌തു. പിഎസ്‌ജി വിട്ടുകൊടുത്തില്ല. എട്ട്‌ മിനിറ്റിനുള്ളിൽ അടുത്ത വെടിയും പൊട്ടി. എംബാപ്പെയുടെ രണ്ടാംഗോൾ. അവസരമൊരുക്കിയത്‌ ഏഞ്ചൽ ഡി മരിയ.

13നാണ്‌ രണ്ടാംപാദം. എതിർത്തട്ടകത്തിൽ നേടിയ മൂന്ന്‌ ഗോൾ പിഎസ്‌ജിക്ക്‌ വലിയ മുൻതൂക്കം നൽകും. പോർട്ടോയുടെ മൈതാനത്ത്‌ മാസൺ മൗണ്ടിന്റെയും ബെൻ ചിൽവെല്ലിന്റെയും ഗോളിലായിരുന്നു ചെൽസിയുടെ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top