15 July Wednesday

ടിനു യോഹന്നാൻ കേരള ക്രിക്കറ്റ്‌ ടീം കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കൊച്ചി
കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ഇന്ത്യൻ പേസ്‌ ബൗളറും മലയാളിയുമായ ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. മൂന്ന്‌ വർഷം പരിശീലകനായിരുന്ന ഡേവ്‌ വാട്ട്‌മോറിന്‌ പകരമാണ്‌ നിയമനം. ദേശീയ ക്രിക്കറ്റ്‌ അക്കാദമി മാതൃകയിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോർമൻസ്‌ സെന്ററിന്റെ ഡയറക്‌ടറാണ്‌. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിച്ച ആദ്യ മലയാളിയാണ്‌ നാൽപ്പത്തൊന്നുകാരൻ.

1999 മുതൽ 2010 വരെ കേരള രഞ്‌ജി ടീമിൽ അംഗമായിരുന്നു. ബംഗളൂരു ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലെ മികവാണ്‌ ഇന്ത്യൻ ടീമിലെത്തിച്ചത്‌. 2001ൽ ഇംഗ്ലണ്ടിനെതിരെയാണ്‌ ആദ്യ ടെസ്‌റ്റ്‌. ഇന്ത്യക്കായി മൂന്ന്‌ ടെസ്‌റ്റ്‌ കളിച്ചു. അഞ്ചു വിക്കറ്റും 13 റണ്ണുമാണ്‌ സമ്പാദ്യം. മൂന്ന്‌ ഏകദിനങ്ങളിൽ അഞ്ച്‌ വിക്കറ്റ്‌ നേടി. 59 ഒന്നാംക്ലാസ്‌ മത്സരങ്ങളിൽ 145 വിക്കറ്റുണ്ട്‌. 2002ൽ വിൻഡീസിനെതിരെയാണ്‌ ഏകദിന അരങ്ങേറ്റം. 2009 ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സിനായി കളിച്ചു. 2014ൽ കേരള ടീമിന്റെ ബൗളിങ് കോച്ചായിരുന്നു. എറണാകുളം സ്വദേശിയായ ടിനു ഒളിമ്പ്യൻ ടി സി യോഹന്നാന്റെ മകനാണ്‌. 

2017ലാണ്‌ വാട്ട്‌മോർ കേരള ടീമിന്റെ പരിശീലകനാകുന്നത്‌. ആദ്യ സീസണിൽ ക്വാർട്ടർ ഫൈനലിൽ കടന്ന ടീം അടുത്ത സീസണിൽ സെമിയിലെത്തി. എന്നാൽ കഴിഞ്ഞ സീസൺ പരാജയമായിരുന്നു. എട്ട്‌ കളിയിൽ ഒറ്റ ജയം മാത്രം. എലൈറ്റ്‌ എ ഗ്രൂപ്പിൽനിന്ന്‌ സി ഗ്രൂപ്പിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top