14 July Tuesday

സാഞ്ചോയ്‌ക്ക്‌ ഹാട്രിക്‌, ഡോർട്ട്‌മുണ്ടിന്‌ വമ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ഡോർട്ട്‌മുണ്ട്‌
ജർമൻ ഫുട്‌ബോൾ ലീഗിൽ കിരീടപ്രതീക്ഷ മങ്ങിയെങ്കിലും ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ ഗോളടി തുടരുന്നു. ലീഗ്‌ പുനരാരംഭിച്ചതിനുശേഷമുള്ള മൂന്നാം ജയമാണിത്‌. ഒരുകളി തോറ്റു. പാദെർബോണിനെ ഒന്നിനെതിരെ ആറ്‌ ഗോളിനാണ്‌ ഡോർട്ട്‌മുണ്ട്‌ തകർത്തത്‌. യുവതാരം ജെയ്‌ഡൻ സാഞ്ചോയുടെ ഹാട്രിക്കായിരുന്നു പ്രത്യേകത. തോർഗൻ ഹസാർഡും അച്‌റഫ്‌ ഹക്കീമിയും മാഴ്‌സെൽ ഷെംൽസറും ഡോർട്ട്‌മുണ്ടിനായി ഗോളടിച്ചു.

അഞ്ച്‌ കളി ശേഷിക്കെ ഒന്നാമതുള്ള ബയേൺ മ്യൂണിക്കുമായി ഏഴ്‌ പോയിന്റ്‌ പിന്നിലാണ്‌ ഡോർട്ട്‌മുണ്ട്‌. കഴിഞ്ഞമത്സരത്തിൽ ബയേണിനോട്‌ തോറ്റതാണ്‌ ഡോർട്ട്‌മുണ്ടിന്‌ തിരിച്ചടിയായത്‌.

ഇരുപതുകാരനായ സാഞ്ചോയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്‌. സീസണിൽ 19 ഗോളുമായി സാഞ്ചോയ്‌ക്ക്‌. അമേരിക്കയിൽ പൊലീസ്‌ കഴുത്തിൽ മുട്ടുവച്ച്‌ ഞെരിച്ചുകൊന്ന ജോർജ്‌ ഫ്ളോയ്‌ഡിന്‌ സാഞ്ചോ ഗോൾ സമർപ്പിച്ചു. ഫ്ളോയ്‌ഡിന്‌ നീതി വേണമെന്ന്‌ എഴുതിയ  ടീ ഷർട്ട്‌ പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top