22 August Thursday

കോപ അമേരിക്ക : ഷൂട്ടൗട്ട‌ിൽ ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ബ്രസീലിന്റെ ജയം ആഘോഷിക്കുന്ന ഗോൾകീപ്പർ അലിസൺ ബെക്കർ, ഗബ്രിയൽ ജെസ്യൂസ്‌, ഫിലിപെ കുടീന്യോ എന്നിവർ

        
പോർട്ടോ അല്ലഗ്ര
ഇത്തവണ പെനൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യം ബ്രസീലിനൊപ്പമായിരുന്നു. കോപ അമേരിക്ക ഫുട‌്ബോൾ ക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ 4–-3ന‌് തോൽപ്പിച്ച‌് ബ്രസീൽ സെമിയിൽ കടന്നു. 90 മിനിറ്റിൽ ആരും ഗോളടിച്ചില്ല.  അധിക സമയത്തേക്ക‌് പോകാതെ നടന്ന ഷൂട്ടൗട്ടിൽ പരാഗ്വേയുടെ  രണ്ട‌് കിക്കുകൾ പാഴായി. 2011ലും 2015ലും ഷൂട്ടൗട്ടിലേക്ക‌് നീണ്ട  ക്വാർട്ടറിൽ പരാഗ്വേ ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു.

പെനൽറ്റിയിൽ ആദ്യ അവസരം  പരാഗ്വേ പാഴാക്കി. ഗുസ‌്താവോ ഗോമ‌സ‌് എടുത്ത കിക്ക‌് ബ്രസീൽ ഗോളി  അലിസൺ ബെക്കർ തട്ടിയകറ്റി.  ബ്രസീലിനായി കിക്കെടുത്ത വില്ലിയനു തെറ്റിയില്ല. പരാഗ്വേയ‌്ക്കായി പിന്നീട‌് കിക്കെടുത്ത മിഗ്വേൽ അൽമിറോൻ, ബ്രൂണോ വാൽദേസ‌്, റോഡ്രിഗോ റോജസ‌് എന്നിവരും ബ്രസീലിനായി മാർക്വിന്യോസും കുടീന്യോയും ലക്ഷ്യംകണ്ടു.  നാലാം കിക്കെടുത്ത ബ്രസീലിന്റെ ഫിർമിനോയുടെ ഷോട്ട‌് ബാറിനു മുകളിലേക്കാണ‌് പോയത‌്. അഞ്ചാം കിക്കെടുത്ത പരാഗ്വേയുടെ ഡെർലിസ‌് ഗോൺസാലെസിനും ഉന്നം പിഴച്ചു.  ബ്രസീലിനായി അവസാന കിക്കെടുത്ത മാഞ്ചസ‌്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസ്യൂസ‌് പന്ത‌് ലക്ഷ്യത്തിലെത്തിച്ച‌് കാനറികളെ സെമിയിലേക്ക‌് വഴികാട്ടി.

രണ്ടാം പകുതി തുടങ്ങി പത്ത‌് മിനിറ്റിനുള്ളിൽ  പരാഗ്വേയുടെ  ഫാബിയൻ ബാൽബുവേന ചുവപ്പ‌്കാർഡ‌് കണ്ട‌് പുറത്തായി.  ഫിർമിനോയെ ഫൗൾ ചെയ‌്തതിനായിരുന്നു ശിക്ഷ.  പരാഗ്വേ പത്തു പേരായി ചുരുങ്ങിയിട്ടും മുതലെടുക്കാൻ ബ്രസീലിനായില്ല. കളി തുടങ്ങി ആദ്യ മിനിറ്റിൽ
പരാഗ്വേയ‌്ക്ക‌് അവസരം ലഭിച്ചതാണ‌്. മധ്യനിരതാരം സെൽസോ ഓർട്ടിസിന്റെ ഷോട്ട‌് ബ്രസീലിയൻ ഗോളിയെ ഭേദിക്കാൻ പോന്നതായിരുന്നില്ല. പിന്നാലെ ആതിഥേയർക്ക‌് രണ്ട‌് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. പരാഗ്വേ ഗോളി റോബർട്ടോ ഫെർണാണ്ടസും മികച്ച ഫോമിലായിരുന്നു.  ഫിർമിനോയുടെയും  അലന്റെയും മുന്നേറ്റങ്ങൾ ഫെർണാണ്ടസ‌് തടഞ്ഞിട്ടു. 

ഫിലിപെ കുടീന്യോയും ആർതറുമെല്ലാം ലക്ഷ്യത്തിനടുത്തെത്തി. എന്നാൽ, ഫെർണാണ്ടസും ക്രോസ‌് ബാറും തടസ്സമായി. രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റിനുള്ളിൽ ബ്രസീലിന‌് റഫറി പെനൽറ്റി അനുവദിച്ചതാണ‌്. ഫാബിയൻ ബാൽബുവേന ഫിർമനോയെ വീഴ‌്ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ, വാർ ഉപയോഗിച്ച‌് പരിശോധിച്ചപ്പോൾ ബോക‌്സിനു പുറത്താണ‌് ഫൗൾ എന്നു മനസ്സിലായി. പിന്നാലെ ഫിർമിനോയെ വീണ്ടും ഫൗൾ ചെയ‌്ത ബാൽബുവേന ചുവപ്പുകാർഡ‌് കണ്ടു പുറത്തായി. ഇതിനു ലഭിച്ച ഫ്രീകിക്ക‌് ഡാനി ആൽവേസ‌് എടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. പരാഗ്വേയുടെ പ്രത്യാക്രമണങ്ങളും വിഫലമായി.
മത്സരം അവസാനിക്കുന്നതിന‌് തൊട്ടുമുമ്പ‌് ഫിർമിനോ  തൊടുത്ത കിക്ക‌് ഫെർണാണ്ടസ‌് മനോഹരമായി തട്ടിയകറ്റി. ഇന്ന്‌ രാത്രി 12.30ന്്‌ ഉറുഗ്വേ പെറുവിനെ നേരിടും.


പ്രധാന വാർത്തകൾ
 Top