കീവ്
ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ കടന്നു. നാല് ഗോളിന് ഡൈനാമോ കീവിനെ കീഴടക്കിയാണ് ഗ്രൂപ്പ് ജിയിൽനിന്ന് ബാഴ്സ നോക്കൗട്ടിൽ കടന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫെറെൻക്വാറോസിനെ 2–-1ന് കീഴടക്കി യുവന്റസും മുന്നേറി. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി ഗോളടിച്ചു.
ചെൽസി, സെവിയ്യ ടീമുകളും അവസാന പതിനാറിൽ ഇടംപിടിച്ചു. സൂപ്പർതാരം ലയണൽ മെസി ഇല്ലാതെ കീവിൽ കളിക്കാനിറങ്ങിയ ബാഴ്സയ്ക്ക് ആദ്യപകുതി നിരാശയുടേതായിരുന്നു. ഒരുതവണമാത്രമാണ് അവർക്ക് ലക്ഷ്യംനോക്കി തൊടുക്കാനായത്. രണ്ടാംപകുതിയിൽ കളി മാറി. നാല് ഗോളും അവസാന 45 മിനിറ്റിൽ വീണു. മുന്നേറ്റക്കാരൻ കാർലോസ് ബ്രത്വെയ്റ്റ് ഇരട്ടഗോളടിച്ചു. സെർജിയോ ഡെസ്റ്റും ഒൺടോയ്ൻ ഗ്രീസ്മാനും ഓരോ ഗോൾ തൊടുത്തു. നാല് കളിയും ജയിച്ച ബാഴ്സ 12 പോയിന്റുമായി മുന്നേറി.
മെസിയെ കൂടാതെ, ജെറാർഡ് പിക്വെ, സെർജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയ മുതിർന്ന കളിക്കാരും ടീമിലുണ്ടായി. 24 വയസ്സായിരുന്നു റൊണാൾഡ് കൂമാന്റെ സംഘത്തിന്റെ ശരാശരി പ്രായം. ഓസ്കാർ മിൻഗ്യൂസ, മത്തിയൂസ് ഫെർണാണ്ടസ്, ഡി ലാ ഫുയെന്റെ എന്നിവരും ബാഴ്സയ്ക്കായി അരങ്ങേറി.
ഫെറെൻക്വാറോസിനെതിരെ ഗോൾ വഴങ്ങിയശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ റൊണാൾഡോ യുവന്റസിനെ ഒപ്പമെത്തിച്ചു. കളിയുടെ അവസാനനിമിഷം അൽവാരോ മൊറാട്ട ഇറ്റാലിയൻ വമ്പൻമാർക്ക് ജയം നൽകി. നാലുകളിയിൽ ഒമ്പത് പോയിന്റാണ് യുവന്റസിന്. ചെൽസി 2–-1ന് റെന്നെസിനെ കീഴടക്കി. കല്ലം ഹഡ്സൺ ഒഡോയ്, ഒളിവർ ജിറൂ എന്നിവർ ചെൽസിയുടെ ഗോൾ നേടി. സെവിയ്യ 2–-1ന് ക്രസ്നോദാറിനെ മറികടന്നു.
ഗ്രൂപ്പ് എച്ചിൽ നെയ്മറുടെ പെനൽറ്റി ഗോളിൽ പിഎസ്ജി ആർബി ലെയ്പ്സിഗിനെ 1–-0ന് കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് 4–-1ന് ഇസ്താംബുൾ ബസാക്സെഹിറിനെ തകർത്തു. ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോളടിച്ചു. മാർകസ് റാഷ്ഫ്ഡ്, ഡാനിയേൽ ജയിംസ് എന്നിവരും ലക്ഷ്യം കണ്ടു.
ഒമ്പത് പോയിന്റുമായി യുണൈറ്റഡാണ് മുന്നിൽ. ആറു പോയിന്റുള്ള പിഎസ്ജി രണ്ടാമത്. ഗ്രൂപ്പ് എഫിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്ന് ഗോളിന് ക്ലബ് ബ്രുജിനെ കീഴടക്കി. എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടി. ജെയ്ഡൻ സാഞ്ചോ പട്ടിക പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..