21 September Saturday

ബ്രസീലിനെ വീഴ‌്ത്തി ഓസീസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


പാരിസ്
വനിതാ ലോകകപ്പ്‌ ഫുട്‌ബോളിൽ ബ്രസീലിനെ ഓസ്‌ട്രേലിയ വീഴ്‌ത്തി (3–-2). രണ്ട്‌ ഗോളിന്‌ മുന്നിൽനിന്ന ശേഷം രണ്ടാംപകുതിയിലാണ്‌ ഓസീസ്‌ കളി മാറ്റിയെഴുതിയത്‌. കയ്‌റ്റ്‌ലിൻ ഫൂർഡും ക്ലോ ലൊഗാർസയും ബ്രസീൽ വലകുലുക്കി. കാനറി പ്രതിരോധക്കാരി മോണിയാക ആൽവെസിന്റെ ദാനഗോൾ കംഗാരുക്കൾക്ക്‌ ജയമൊരുക്കി. 24 വർഷങ്ങൾക്കുശേഷമാണ്‌ ബ്രസീൽ ലോകകപ്പിൽ ആദ്യറൗണ്ടിൽ പരാജയം ഏറ്റുവാങ്ങുന്നത്‌.

ആദ്യ പകുതിയിൽ ബ്രസീൽ സമ്പൂർണ ആധിപത്യം പുലർത്തി. പെനൽറ്റിയിലൂടെ മാർതയായിരുന്നു മുന്നിലെത്തിച്ചത്‌. പിന്നാലെ ക്രിസ്റ്റ്യാനേ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.  ഫൂർഡും ലൊഗാർസയും മറുപടി നൽകി. നാടകീയമായിരുന്നു കളിയുടെ വിധിയെഴുതിയ ദാനഗോൾ. ഓസീസ്‌ നായിക സാം കെർ തൊടുത്ത പന്ത്‌ മോണികയുടെ തലയിൽ കൊണ്ട്‌ വലയിലാവുകയായിരുന്നു. കെർ ഓഫ്‌സൈഡായിരുന്നു. പക്ഷേ വാർ ഗോളനുവദിച്ചു. ചൈന ദക്ഷിണാഫ്രിക്കയെ ഒരു ഗോളിന്‌ തോൽപ്പിച്ചു.

മാർത ക്ലോസെക്കൊപ്പം
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളിൽ പുരുഷതാരം മിറോസോവ‌് ക്ലോസെയ‌്ക്കൊപ്പമെത്തി ബ്രസീൽ നായിക മാർത. ഓസ‌്ട്രേലിയക്കെതിരായ ഗോളോടെ ലോകകപ്പിൽ മാർതയ‌്ക്ക‌് 16 ഗോളായി.

പുരുഷ  ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോഡ‌് ജർമനിയുടെ ക്ലോസെയ‌്ക്കാണ‌്. ഈ നേട്ടത്തിനൊപ്പമാണ‌് ബ്രസീൽ താരമെത്തിയത‌്. 18 കളികളിൽ നിന്നാണ‌് മാർത 16 ഗോൾ നേടിയത‌്. ബ്രസീലിനായി  ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരവും മാർതയായി. റൊണാൾഡോയെയും (15), പെലെയെയും (12) പിന്നിലാക്കി.
 


പ്രധാന വാർത്തകൾ
 Top