14 November Thursday

‘തോൽവി പരിശോധിക്കും’

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019


ലണ്ടൻ
ലോകകപ്പ്‌ സെമിയിൽ ന്യൂസിലൻഡിനോട്‌ തോറ്റ്‌ പുറത്തായ ഇന്ത്യൻ ടീം നാളെ മടങ്ങിയെത്തും. മാഞ്ചസ്റ്ററിലെ മോശമായ കാലാവസ്ഥ മൂലമാണ്‌ ടീമിന്റെ മടക്കം വൈകിയത്‌.  ടീം തിരിച്ചെത്തിയാൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയെയും പരിശീലകൻ രവി ശാസ്‌ത്രിയെയും ഉൾപ്പെടുത്തി ലോകകപ്പിന്റെ അവലോകന യോഗം ചേരുമെന്ന്‌ ബിസിസിഐ ഇടക്കാല ഭരണസമിതി അറിയിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിക്കുമെന്ന അഭ്യൂഹങ്ങളോട്‌ മുൻ ക്യാപ്‌റ്റൻ മഹേന്ദ്രസിങ്‌ ധോണി ടീം മടങ്ങിയെത്തിയാലുടനെ പ്രതികരിക്കുമെന്നും സൂചനയുണ്ട്‌.

ലണ്ടനിൽനിന്ന്‌ മുംബൈയിൽ വിമാനമിറങ്ങുന്ന ടീം അംഗങ്ങൾ പിന്നീട്‌ നാട്ടിലേക്ക്‌ മടങ്ങും. ആഗസ്‌തിൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസ്‌ പരമ്പരയാണ്‌ ഇനി ടീമിന്‌ മുന്നിലുള്ളത്‌. ബിസിസിഐ ഇടക്കാലസമിതി ചെയർമാൻ വിനോദ്‌ റായിയുടെ നേതൃത്വത്തിലാകും അവലോകന യോഗം ചേരുക. സെലക്‌ഷൻ കമ്മിറ്റി തലവൻ എം എസ്‌ കെ പ്രസാദും പങ്കെടുക്കും. 

പരിക്കേറ്റ്‌ പുറത്തായ വിജയ്‌ ശങ്കറിനു പകരം പകരക്കാരുടെ നിരയിൽ ഇല്ലാതിരുന്ന മായങ്ക്‌ അഗർവാളിനെ ഉൾപ്പെടുത്തിയതിലും അമ്പാട്ടി റായ്‌ഡുവിനെ ഒഴിവാക്കിയതിലും ഇടക്കാലസമിതി വിശദീകരണം ആവശ്യപ്പെടും. ഒറ്റക്കളിയിൽ നാല്‌ വിക്കറ്റ്‌ കീപ്പർമാരെ ഉൾപ്പെടുത്തിയതും ചോദ്യം ചെയ്യപ്പെടും. ധോണിയെ സെമിയിൽ ഏഴാം നമ്പറിൽ ഇറക്കിയതാകും കോഹ്‌ലിയും ശാസ്‌ത്രിയും നേരിടാൻ പോകുന്ന പ്രധാന ചോദ്യം. ധോണിക്ക്‌ പകരം ഹാർദിക്‌ പാണ്ഡ്യയായിരുന്നു ആറം നമ്പറിൽ ഇറങ്ങിയത്‌. അവലോകന യോഗം എന്നാണ്‌ ചേരുക എന്ന്‌ തീരുമാനിച്ചിട്ടില്ല. ‘എപ്പോഴാണ്‌ അവലോകന യോഗം ചേരുക എന്നിപ്പോൾ പറയാനാകില്ല. ടീം നാട്ടിൽ മടങ്ങിയെത്താൻ പോകുന്നതേയുള്ളു. അവർക്ക്‌ വിശ്രമിക്കാൻ സമയം നൽകണമല്ലോ‌‌, എന്തായാലും വൈകില്ല’–- വിനോദ്‌ റായി പറഞ്ഞു.

മുപ്പത്തെട്ടുകാരനായ ധോണി മുംബൈയിൽനിന്ന്‌ ജന്മനാടായ റാഞ്ചിയിലേക്ക്‌ തിരിക്കും. ഇതിനിടയിൽ വിരമിക്കൽ വാർത്തയെ കുറിച്ചും ഭാവിയെപ്പറ്റിയും ധോണി പ്രതികരിച്ചേക്കും. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അരസെഞ്ചുറി നേടിയ ധോണി അവസാന നിമിഷം റൺഔട്ടായതാണ്‌ കളി ഇന്ത്യയിൽനിന്ന്‌ വഴുതിയത്‌. ടീം അംഗങ്ങൾക്ക്‌ ധോണി ഇതേവരെ വിരമിക്കൽ സൂചന നൽകിയിട്ടില്ല.


പ്രധാന വാർത്തകൾ
 Top