19 October Saturday

ചരിത്രമെഴുതാനായില്ല; അവസാന മത്സരത്തിൽ ന്യൂസിലൻഡിന്‌ നാലുറൺസിന്റെ ത്രസിപ്പിക്കുന്ന ജയം

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

ഹാമിൽട്ടൺ > സെഡൻ പാർക്കിലെ ത്രസിപ്പിക്കുന്ന പോരിൽ ഇന്ത്യയെ ന്യൂസിലൻഡ‌് നാല‌ു റണ്ണിന‌് വീഴ‌്ത്തി. ട്വന്റി–-20 പരമ്പര 2–-1ന‌് സ്വന്തമാക്കി. ട്വന്റി–-20യിൽ ഏറെക്കാലത്തിനുശേഷമുള്ള ഇന്ത്യയുടെ പരമ്പരനഷ്ടമാണിത‌്. സിക‌്സറുകളും ബൗണ്ടറികളും സെഡൻ പാർക്കിൽ പെയ‌്തു. ന്യൂസിലൻഡ‌് അടിച്ചുകൂട്ടിയത‌് 4–-212. ഇന്ത്യയുടെ മറുപടി 6–-208.

കളിയിൽ ന്യൂസിലൻഡിനുതന്നെയായിരുന്നു മേധാവിത്വം. എങ്കിലും അവസാന ഓവറുകളിൽ ഇന്ത്യ ആഞ്ഞ‌് ശ്രമിച്ചു. ഒരു ഘട്ടത്തിൽ 28 പന്തിൽ 68 റണ്ണായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. നാല‌് വിക്കറ്റ‌ുമാത്രം ബാക്കി. ദിനേശ‌് കാർത്തികും ക്രുണാൾ പാണ്ഡ്യയും തകർത്തടിച്ചു. രണ്ടോവറിൽ മുപ്പതായി ലക്ഷ്യം ചുരുങ്ങി. അവസാന ഓവറിൽ 16ഉം. ടിം സൗത്തി ന്യൂസിലൻഡിന്റെ നിർണായക ഓവർ എറിഞ്ഞു. ആദ്യപന്തിൽ കാർത്തിക‌് രണ്ട‌ു റണ്ണെടുത്തു. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാംപന്തിൽ ഒരു റണ്ണിന‌് അവസരമുണ്ടായിട്ടും കാർത്തിക‌് ക്രുണാളിനെ മടക്കി അയച്ചു. മൂന്ന‌ു പന്തിൽ പതിനാലായി ലക്ഷ്യം. അടുത്ത പന്തിൽ സിംഗിൾമാത്രം. ക്രുണാളിനും സിംഗിൾ നേടാനേ കഴിഞ്ഞുള്ളൂ. അവസാനപന്തിൽ കാർത്തിക‌് സിക‌്സർ പായിച്ചെങ്കിലും കാര്യമുണ്ടായില്ല. കാർത്തിക‌് 16 പന്തിൽ 33ഉം ക്രുണാൾ 13 പന്തിൽ 23ഉം റണ്ണടിച്ചു. 28 പന്തിൽ 63 റണ്ണാണ‌് ഇരുവരും അടിച്ചെടുത്തത‌്.

ടോസ‌് നേടിയ രോഹിത‌് ശർമ ന്യൂസിലൻഡിനെ ബാറ്റിങ്ങിന‌് അയക്കുകയായിരുന്നു. കോളിൻ മൺറോ (40 പന്തിൽ 72) ആഞ്ഞടിച്ചതോടെ ന്യൂസിലൻഡ‌് വലിയ സ‌്കോറിലേക്ക‌് നീങ്ങി. ടിം സീഫെർട്ട‌് 25 പന്തിൽ 43 റണ്ണും നേടി. ഓപ്പണർമാരായ സീഫെർട്ടും മൺറോയും ഇന്ത്യൻ ബൗളർമാരെ നിലംതൊടീച്ചില്ല. കുൽദീപിന്റെ പന്തിൽ സീഫെർട്ടിനെ സ‌്റ്റമ്പ‌് ചെയ‌്ത‌് പുറത്താക്കി മഹേന്ദ്ര സിങ‌് ധോണി ഈ സഖ്യം വേർപിരിച്ചു. മിന്നൽ വേഗത്തിലായിരുന്നു ധോണിയുടെ സറ്റ‌്മ്പിങ‌്.  അവസാന ഘട്ടത്തിൽ കോളിൻ ഡി ഗ്രാൻഡ‌്ഹോമും (16 പന്തിൽ 30) ആഞ്ഞടിച്ചു. മൺറോയാണ‌് കളിയിലെ കേമൻ. സീഫെർട്ട‌് പരമ്പരയുടെ താരമായി. ആകെ 23 സിക‌്സറുകളാണ‌് മത്സരത്തിൽ പിറന്നത‌്. 13 എണ്ണം ഇന്ത്യൻ ഇന്നിങ‌്സിൽ.

ഫീൽഡിങ്ങിലെ പോരായ‌്മകളും ഇന്ത്യയുടെ  തോൽവിക്ക‌് കാരണമായി. മൺറോ നൽകിയ രണ്ട‌് അവസരങ്ങളാണ‌് ഫീൽഡർമാർ പാഴാക്കിയത‌്. ഫീൽഡിങ‌് പിഴവുകളും ഏറെയുണ്ടായി. നാലോവറിൽ 27 റൺമാത്രം വഴങ്ങി രണ്ട‌് വിക്കറ്റ‌് വീഴ‌്ത്തിയ കുൽദീപ‌് യാദവ‌്  ഇന്ത്യൻ ബൗളർമാരിൽ വേറിട്ടുനിന്നു. ഇന്ത്യയുടെ തുടക്കം പാളി. ആദ്യ ഓവറിൽ സ‌്പിന്നർ മിച്ചെൽ സാന്റ‌്നെർക‌് മുന്നിൽ. ശിഖർ ധവാൻ (4 പന്തിൽ 5) വീണു. വിജയ‌് ശങ്കർ (28 പന്തിൽ 43), ഋഷഭ‌് പന്ത‌് (12 പന്തിൽ 28), ഹാർദിക‌് പാണ്ഡ്യ (11 പന്തിൽ 21) എന്നിവർ പൊരുതിനോക്കി. ക്യാപ‌്റ്റൻ രോഹിത‌് 32 പന്തിൽ 38 റണ്ണെടുത്തെങ്കിലും നിർണായക ഘട്ടത്തിൽ പതറി, പുറത്തായി. മഹേന്ദ്ര സിങ‌് ധോണി (4 പന്തിൽ 2) നിരാശപ്പെടുത്തി. പിന്നീട‌് കാർത്തിക‌്–-ക്രുണാൾ സഖ്യം നടത്തിയ കടന്നാക്രമണത്തിലായി പ്രതീക്ഷ. സൗത്തിയുടെ കൃത്യതയിൽ ആ പ്രതീക്ഷ അവസാനിച്ചു.

ന്യൂസിലൻഡ‌്
സീഫെർട്ട‌് സ‌്റ്റമ്പ‌്ഡ‌് ധോണി ബി കുൽദീപ‌് 43, മൺറോ സി ഹാർദിക‌് ബി കുൽദീപ‌് 72, വില്യംസൺ സി കുൽദീപ‌് ബി ഖലീൽ 27, ഗ്രാൻഡ‌്ഹോം സി ധോണി ബി ഭുവനേശ്വർ 30, മിച്ചെൽ 19, ടെയ‌്‌ലർ 11. എക‌്സ‌്ട്രാസ‌് 7. ആകെ 4–-212.
വിക്കറ്റ‌് വീഴ‌്ച: 1–-80, 2–-135, 3–-150, 4–-193.
ബൗളിങ‌്:‌ ഭുവനേശ്വർ 4–-0–-37–-1, ഖലീൽ 4–-0–-47–-1, ഹാർദിക്‌ പാണ്ഡ്യ 4–-0–-44–-0, ക്രുണാൾ പാണ്ഡ്യ 4–-0–-54–-0, കുൽദീപ‌് 4–-0–-26–-2.
ഇന്ത്യ
ധവാൻ സി സോധി ബി സാന്റ‌്നെർ 5, രോഹിത‌് സി സീഫെർട്ട‌് ബി മിച്ചെൽ 38, വിജയ‌് ശങ്കർ സി ഗ്രാൻഡ‌്ഹോം ബി സാന്റ‌്നെർ 43, പന്ത‌് സി വില്യംസൺ ബി ടിക‌്നെർ 28, പാണ്ഡ്യ സി വില്യംസൺ ബി കഗ്ഗെലെയ‌്ൻ 21, ധോണി സി സൗത്തി ബി മിച്ചെൽ 2, കാർത്തിക‌് 33, ക്രുണാൾ 26. എക‌്സ‌്ട്രാസ‌്‌ 12. ആകെ 6–-208.
വിക്കറ്റ‌് വീഴ‌്ച: 1–-6, 2–-81, 3–-121, 4–-141, 5–-155, 6–-145.
ബൗളിങ‌്‌: സാന്റ‌്നെർ 3–-0–-32–-2, സൗത്തി 4–-0–-47–-0, കഗ്ഗെലെയ‌്ൻ 4–-0–-37–-1, ടിക‌്നെർ 4–-0–-34–-1, സോധി 2–-0–-30–-0, മിച്ചെൽ 3–-0–-27–-2.


പ്രധാന വാർത്തകൾ
 Top