Deshabhimani

ഒറ്റയേറ്‌: നീരജിന്‌ ആദ്യ അവസരത്തിൽ യോഗ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 04:03 AM | 0 min read

പാരിസ്‌
ശരിക്കും ഒരു ചാമ്പ്യന്റെ ഏറ്‌. 89.34 മീറ്റർ. നീരജ്‌ ചോപ്രയ്‌ക്ക്‌ ഒളിമ്പിക്‌സ്‌ ജാവലിൻത്രോയിൽ ഫൈനലിലേക്ക്‌ മുന്നേറാൻ അത്‌ ധാരാളമായിരുന്നു. 84 മീറ്ററായിരുന്നു യോഗ്യതാദൂരം. വ്യാഴം രാത്രി 11.55ന്‌ പുരുഷന്മാരുടെ ജാവലിൻത്രോ സ്വർണം നിലനിർത്താൻ ഇന്ത്യയുടെ സൂപ്പർതാരം വീണ്ടും ഇറങ്ങും. കിഷോർകുമാർ ജെന 80.73 മീറ്ററോടെ പതിനെട്ടാംസ്ഥാനത്തായി.
യോഗ്യതാറൗണ്ടിൽ രണ്ട്‌ ഗ്രൂപ്പിലായി 30 പേർ അണിനിരന്നു.

12 പേർക്കായിരുന്നു ഫൈനലിലേക്ക്‌ ടിക്കറ്റ്‌. ഒമ്പത്‌ അത്‌ലീറ്റുകൾ 84 മീറ്റർ മറികടന്നു. ബാക്കി മൂന്നുപേർ മികച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ മെഡൽ പോരിന്‌ അർഹത നേടി. ഫൈനലിലെത്തിയവരിൽ നീരജാണ്‌ ഒന്നാമത്‌. യോഗ്യതാറൗണ്ടിൽ ഒരാൾക്ക്‌ മൂന്ന്‌ ‘ത്രോ’യാണ്‌. ആദ്യത്തേതിൽ യോഗ്യതാദൂരം മറികടന്നാൽ പിന്നെ എറിയേണ്ടതില്ല. ആദ്യ അവസരത്തിൽ ഹരിയാനക്കാരൻ ലക്ഷ്യംകണ്ടു. പ്രമുഖരെല്ലാം ഫൈനലിലെത്തിയിട്ടുണ്ട്‌.

നീരജ്‌ ഉൾപ്പെട്ട ‘ബി’ഗ്രൂപ്പിൽനിന്ന്‌ പ്രധാന എതിരാളികളായ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ (88.61 മീറ്റർ), പാകിസ്ഥാൻ താരം അർഷാദ്‌ നദീം (86.59) എന്നിവരും കലാശപ്പോരിൽ ഇറങ്ങും. ജർമനിയുടെ പുത്തൻ വിസ്‌മയമായി വാഴ്‌ത്തപ്പെട്ട പത്തൊമ്പതുകാരൻ മാക്‌സ്‌ ഡെനിങ്‌ 79.24 മീറ്റർ എറിഞ്ഞ്‌ പുറത്തായി. ഈവർഷം 90.20 മീറ്റർ പറത്തിയ മാക്‌സ്‌ വെല്ലുവിളിയാകുമെന്ന്‌ കരുതിയിരുന്നു. ഗ്രൂപ്പ്‌ ‘എ’യിലായിരുന്നു ഒഡിഷക്കാരനായ ജെന. ആദ്യ ഏറിൽ 80.73 മീറ്റർ താണ്ടിയെങ്കിലും പിന്നീട്‌ പുരോഗതിയുണ്ടായില്ല. രണ്ടാമത്തെ ‘ത്രോ’ ഫൗളായി.

മൂന്നാമത്തേത്‌ 80.21 മീറ്ററിൽ ഒതുങ്ങിയതോടെ ഫൈനലിലെത്താനായില്ല. 15 പേർ അണിനിരന്ന ഗ്രൂപ്പിൽ ഒമ്പതാംസ്ഥാനം.
ജർമൻ ചാമ്പ്യൻ ജൂലിയൻ വെർബർ 87.76 മീറ്റർ എറിഞ്ഞ്‌ ഗ്രൂപ്പിൽ ഒന്നാമതെത്തി. ചെക്ക്‌ താരം യാകൂബ്‌ വാദ്‌ലെജ്‌ (85.6), ഫിൻലഡ്‌ താരം ഒളിവർ ഹലാൻഡർ (83.81), കെഷോൺ വാൽക്കോട്ട്‌ (83.81) എന്നിവർ മെഡൽ സാധ്യതയുള്ളവരാണ്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home