13 August Thursday

ദേശീയ സ‌്കൂൾ മീറ്റ‌്: വിജയം കൊണ്ടുവന്നത‌് റിലേ

സ‌്പോർട‌്സ‌് ലേഖകൻUpdated: Monday Dec 16, 2019

സംഗ്രൂർ > അവസാനദിവസം ആറ‌് ഇനങ്ങളായിരുന്നു. ഓവറോൾ കിരീടത്തിന‌് കേരളത്തിനൊപ്പം മഹാഷ‌്‌‌ട്രയും ഹരിയാനയും. ആദ്യം നടന്ന ആൺകുട്ടികളുടെ 800 മീറ്ററിൽ സ്വർണംനേടി മഹാരാഷ‌്ട്ര കുതിക്കാനൊരുങ്ങി. ഹരിയാനയ്‌ക്ക‌് വെള്ളി. കേരളത്തിന്റെ അഭിഷേക‌് മാത്യു വെങ്കലം നേടി. പെൺകുട്ടികളുടെ 800ൽ ഹരിയാനയും മഹാരാഷ‌്ട്രയുമില്ലായിരുന്നു. പ്രിസ‌്കില്ല ഡാനിയേൽ വെങ്കലവുമായി പ്രതീക്ഷ ഉയർത്തി. ഡൽഹിയുടെ കെ എം ചന്ദ സ്വർണം നേടി.

അടുത്തത‌് ആൺകുട്ടികളുടെ  4x100 മീറ്റർ റിലേയായിരുന്നു. കേരളത്തെ ഞെട്ടിച്ച‌് തമിഴ‌്നാട‌് സ്വർണം നേടി. മുഹമ്മദ‌് സജീനും ആകാശ‌് എം വർഗീസും കെ എം മുഹമ്മദ‌് ഷനൂബും ആർ കെ സൂര്യജിത്തും ഉൾപ്പെട്ട ടീം വെള്ളിയായി. മഹാരാഷ‌്ട്ര നാലും ഹരിയാന അഞ്ചും സ്ഥാനം നേടി. പെൺകുട്ടികളുടെ സ്വർണം പിടിച്ച‌് കേരളം കിരീടം ഉറപ്പിച്ചു. എ എസ‌് സാന്ദ്ര, പി ഡി അഞ‌്ജലി, ആൻറോസ‌് ടോമി, ആൻസി സോജൻ എന്നിവർ  ഉൾപ്പെട്ടതായിരുന്നു ടീം.

ആൺകുട്ടികളുടെ 4x400 മീറ്റർ റിലേ ആവേശകരമായിരുന്നു. മൂന്നാമതായി ഓടിയ ആർ ഹരിശങ്കറാണ‌് സ്വർണത്തിലേക്കുളള വഴി തുറന്നത‌്. ആർ രോഹിത‌് ലീഡ‌് നിലനിർത്തി. എം മനൂപും പി ഡി ജിതിൻരാജുമാണ‌് ആദ്യ ഓട്ടക്കാർ. പെൺകുട്ടികളിൽ കർണാടക സ്വർണം നേടിയപ്പോൾ കേരളം വെള്ളിയിൽ ഒതുങ്ങി. എ എസ‌് സാന്ദ്ര, അയോക്ഷ സുദേവൻ, ട്രീസ മാത്യു, ഗൗരിനന്ദന എന്നിവരാണ‌് ടീം.

കിരീടം നേടിയതോടെ  മൈതാനത്ത‌് ആഘോഷം തുടങ്ങി. പഞ്ചാബി ഗാനത്തിനൊപ്പിച്ച‌് ടീം അംഗങ്ങൾ നൃത്തം ചവിട്ടി. മീറ്റിലെ താരമായ ആൻസിയെ കൂട്ടുകാർ ചുമലിലേറ്റി. സ‌്പോട‌്സ‌് ജോയിന്റ‌് ഡയറക്ടർ ഡോ. ചാക്കോ ജോസഫും പരിശീലകരും മറ്റ‌് ഒഫീഷ്യലുകളും ആഘോഷത്തിൽ പങ്കാളികളായി. ടീമിനെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും അഭിനന്ദിച്ചു. വിജയിച്ച ടീം ഇന്ന‌് പഞ്ചാബിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച‌് നാളെ നാട്ടിലേക്ക‌് മടങ്ങും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top