Deshabhimani

സുവർണ കിരൺ ; ഹർഡിൽസിൽ കെ കിരണിന്‌ സ്വർണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 11:15 PM | 0 min read


ഭുവനേശ്വർ
കടമ്പകൾക്ക് മീതെ കിരൺ ഒഴുകിയിറങ്ങി. ആ താളത്തിനും വേഗത്തിനും ഒപ്പമെത്താൻ എതിരാളികൾക്കായില്ല. അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‌ ആശ്വാസമായി  സ്വർണക്കുതിപ്പ്‌ (13.64 സെക്കൻഡ്‌). ദേശീയ ജൂനിയർ മീറ്റിന്റെ ട്രാക്കിലും ഫീൽഡിലും കിതയ്‌ക്കുന്ന കേരളത്തിന്‌ മൂന്നാംദിനം ഇതടക്കം അഞ്ച്‌ മെഡലുണ്ട്‌. മീറ്റ്‌ നാളെ അവസാനിക്കാനിരിക്കെ ആകെ രണ്ട്‌ സ്വർണവും ഒരു വെള്ളിയും നാല്‌ വെങ്കലവും. ഹരിയാനയാണ്‌ ഒന്നാംസ്ഥാനത്ത്‌.

ഹർഡിൽസ്‌ സെമിഫൈനലിൽ സ്വന്തം ദേശീയ റെക്കോഡും കെ കിരൺ മറികടന്നു (13.47). ജൂണിൽ ഛത്തീസ്ഗഢിലെ ബിലാസ്‌പുരിൽ നടന്ന ദേശീയ യൂത്ത്‌ മീറ്റിൽ കുറിച്ച 13.52 സെക്കൻഡാണ് മായിച്ചത്. പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക് ക്ലബ്ബിന്റെ അർജുൻ ഹരിദാസാണ് പരിശീലകൻ. പതിനേഴുകാരൻ ഏഴു വർഷമായി ഹർഡിൽസിൽ പരിശീലനം നടത്തുന്നു. കഴിഞ്ഞവർഷം പട്നയിൽ നടന്ന ദേശീയ സ്‌കൂൾ മീറ്റിൽ സ്വർണം നേടിയിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഒന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. പാലക്കാട് കൂട്ടുപാത സ്വദേശി കുഞ്ചന്റെയും ചന്ദ്രികയുടെയും മകനാണ്. ഇരട്ടസഹോദരി കെ കാവ്യ.

അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പി വി റാഹിൽ സക്കീർ വെള്ളി നേടി (14.04 സെക്കൻഡ്‌). പി ബി ജയകുമാറാണ് പരിശീലകൻ. കലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈന്റെയും എം തസ്‌ലീനയുടെയും മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയാണ്. ഫോട്ടോഫിനിഷിൽ റാഹിലിനെ പിന്തള്ളി മഹാരാഷ്ട്രയുടെ സന്ദീപ് വിനോദ്കുമാർ (14.02) സ്വർണം നേടി.
അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്ററിൽ അർജുൻ പ്രദീപ് വെങ്കലം സ്വന്തമാക്കി (47.61). ഖൊലോ ഇന്ത്യ പദ്ധതിയിൽ തിരുവനന്തപുരം ജി വി രാജയിലാണ് പരിശീലനം. കെ എസ് അജിമോൻ ആണ് പരിശീലകൻ. കണ്ണൂർ ആലക്കോട് സ്വദേശി അർജുൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിയാണ്. ഡൽഹിയുടെ ജയ്കുമാർ മീറ്റ് റെക്കോഡോടെ സ്വർണം നേടി (46.29). അണ്ടർ 16 ആൺകുട്ടികളുടെ ഹൈജമ്പിൽ കെ എസ് കേദാർനാഥ് വെങ്കലം നേടി. കോട്ടയം മുണ്ടക്കയം ഹൈറേഞ്ച് അക്കാദമിയിലെ സന്തോഷ് ജോർജ് ആണ് പരിശീലകൻ.

അണ്ടർ 20 പെൺകുട്ടികളുടെ 4 x 100 റിലേയിൽ വെങ്കലത്തിലൊതുങ്ങി. എച്ച് അമാനിക, എസ് മേഘ, ഇ എസ് ശിവപ്രിയ, എൻ ശ്രീന എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത് (47.96 സെക്കൻഡ്‌). മലയാളിതാരങ്ങളായ തൃഷ നായരും ക്രസ്റ്റൽ വടക്കേലും അടങ്ങിയ മഹാരാഷ്ട്ര ടീമിനാണ് മീറ്റ് റെക്കോഡോടെ സ്വർണം (47.13). കേരളത്തിന്റെ റെക്കോഡാണ്‌ മറികടന്നത്‌. തമിഴ്നാടിനാണ് വെള്ളി (47.64). റിലേയിൽ കേരളത്തിന്റെ ആൺകുട്ടികൾ അഞ്ചാമതായി.അണ്ടർ 18  പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കർണാടകയ്‌ക്കായി മലയാളിതാരം ഇഷ എലിസബത്ത് വെങ്കലം നേടി. നാലാംദിവസമായ ഇന്ന് 23 ഫൈനൽ നടക്കും.



deshabhimani section

Related News

0 comments
Sort by

Home