28 September Wednesday

ദേശീയ ഗെയിംസ്‌ : കേരളത്തിന്റെ 
ആദ്യസംഘം പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


മലപ്പുറം
ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യസംഘം ഗുജറാത്തിലേക്ക്‌ യാത്ര തിരിച്ചു. 26ന്‌ ഭവ്‌നഗറിൽ ആരംഭിക്കുന്ന നെറ്റ്‌ബോളിൽ പങ്കെടുക്കുന്ന 15 അംഗ പുരുഷ ടീമാണ്‌ ഇന്നലെ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെട്ടത്‌. കൊച്ചുവേളി–- ഭവ്‌നഗർ എക്‌സ്‌പ്രസിലാണ്‌ യാത്ര. അത്‌ലറ്റിക്‌സ്‌, റഗ്‌ബി, തുഴച്ചിൽ താരങ്ങൾ അടക്കമുള്ള 102 അംഗ രണ്ടാംസംഘം 26ന്‌ പുറപ്പെടും. 29ന്‌ അഹമ്മദാബാദിൽ ദേശീയ ഗെയിംസിന്റെ 36–-ാംപതിപ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.

2015ൽ കേരളത്തിലാണ്‌ അവസാന ഗെയിംസ്‌ നടന്നത്‌. 54 സ്വർണമടക്കം 161 മെഡലുകളുമായി രണ്ടാംസ്ഥാനത്തായിരുന്നു കേരളം. ഏഴരവർഷങ്ങൾക്കുശേഷം വീണ്ടും ദേശീയ ഗെയിംസെത്തുമ്പോൾ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ കേരളം. അത്‌ലറ്റിക്‌സ്‌ ടീമിന്റെ പരിശീലനം തിരുവനന്തപുരം എൽഎൻസിപിഇ സ്‌റ്റേഡിയത്തിലാണ്‌. അത്‌ലറ്റിക്‌സിൽ എം ശ്രീശങ്കർ അടക്കമുള്ള രാജ്യാന്തര താരങ്ങളുടെ സാന്നിധ്യം കരുത്താകും. 30 മുതൽ ഒക്‌ടോബർ നാലുവരെ ഗാന്ധിനഗറിലാണ്‌ അത്‌ലറ്റിക്‌സ്‌.
കേരളത്തിന്റെ ഫുട്‌ബോൾ ടീമിന്റെ പരിശീലനം എറണാകുളം മഹാരാജാസ്‌ ഗ്രൗണ്ടിലാണ്‌ നടക്കുന്നത്‌. 25 പേരാണ്‌ ക്യാമ്പിലുള്ളത്‌. അവസാന പട്ടികയിൽ 20 പേരാണ്‌ ഉണ്ടാകുക. ബാസ്‌കറ്റ്‌ബോൾ പുരുഷ–-വനിതാ ടീമുകളുടെ പരിശീലനം കോട്ടയത്ത്‌ നടക്കുന്നു. വനിതകൾ നിലവിൽ ജേതാക്കളാണ്‌.

വോളിബോൾ വനിതാ ടീമിന്റെ പരിശീലനം കണ്ണൂർ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലും പുരുഷ ടീമിന്റെ പരിശീലനം കോട്ടയത്തും പുരോഗമിക്കുന്നു. എസ്‌ എച്ച്‌ പ്രണോയ്‌, ട്രീസ ജോളി അടക്കമുള്ള രാജ്യാന്തര താരങ്ങൾ കേരളത്തിന്റെ ബാഡ്‌മിന്റൺ ടീമിലുണ്ട്‌.ഉദ്‌ഘാടനത്തിനുമുമ്പ്‌ ടേബിൾ ടെന്നീസ്‌ മത്സരം പൂർത്തിയായി. പുരുഷവിഭാഗത്തിൽ ഗുജറാത്തിനാണ്‌ സ്വർണം. ഡൽഹി വെള്ളി നേടി. വനിതകളിൽ ബംഗാൾ ഒന്നും മഹാരാഷ്‌ട്ര രണ്ടുംസ്ഥാനം നടി. കേരളത്തിന്‌ ടീമുണ്ടായിരുന്നില്ല. ലോക ടീം ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ് 30 മുതൽ ഒക്‌ടോബർ ഒമ്പതുവരെ ചൈനയിലെ ചെങ്‌ഡുവിൽ നടക്കുന്നതിനാലാണ്‌ മത്സരം നേരത്തേ ആക്കിയത്‌. നെറ്റ്‌ബോൾ, ലോൺ ബോൾസ്‌, കബഡി മത്സരങ്ങൾ 26നും റഗ്‌ബി 28നും ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top