ദോഹ
ആയിരം പാസുകൾ തൊടുത്തിട്ടും പന്തിൽ 77 ശതമാനം നിയന്ത്രണം നേടിയിട്ടും ഗോളടിക്കാൻമാത്രം സ്പെയ്ൻ പഠിച്ചില്ല. ‘ടികി ടാക’യുമായി ഇറങ്ങിയ സ്പെയ്ൻ ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കൻ മതിലിൽ തട്ടച്ചിതറി. ഗോളില്ലാ സമയങ്ങൾക്കുശേഷം ഷൂട്ടൗട്ടിൽ യാസ്മിനെ ബോണോ എന്ന ഗോൾകീപ്പറെ മറികടക്കാനായില്ല സ്പെയ്നിന്. രണ്ട് കിക്കുകൾ തടുത്തിട്ട് ബോണോ താരമായി. ഷൂട്ടൗട്ടിൽ ഒരു കിക്കുപോലും ലക്ഷ്യത്തിലെത്തിക്കാൻ സ്പെയ്നിന് കഴിഞ്ഞില്ല. മൂന്ന് കിക്ക് വലയിലെത്തിച്ച് മൊറോക്കോ ക്വാർട്ടറിൽ കടന്നു. ലോകകപ്പിൽ ഈ ആഫ്രിക്കൻ ടീമിന്റെ ആദ്യ ക്വാർട്ടർ.
പതിവുപോലെ പന്ത് നിയന്ത്രണത്തിൽ സ്പെയ്നിനായിരുന്നു ആധിപത്യം. 77 ശതമാനമായിരുന്നു പന്ത് നിയന്ത്രണം. പാസുകളുടെ എണ്ണം 1019. മൊറോക്കോയുടേത് 304. പക്ഷേ, സ്പെയ്ൻ ലക്ഷ്യത്തിലേക്ക് തൊടുത്തത് ഒറ്റ ഷോട്ട് മാത്രമായിരുന്നു. മാർകോ അസെൻസിയോയുടെ അടി വലയുടെ അരികിൽത്തട്ടി.
മൊറോക്കോ പ്രത്യാക്രമണത്തിൽ വിശ്വസിച്ചു. ഭൂരിപക്ഷം സമയവും പ്രതിരോധത്തിൽനിന്ന അവർ, കിട്ടിയ അവസരങ്ങളിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തി. ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും മൊറോക്കോയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മികച്ച അവസരം കൈവന്നത്. സോഫിയാനെ ബൗഫൽ സ്പാനിഷ് ഗോൾ മേഖലയിൽ എത്തി. ഒഴിഞ്ഞുനിൽക്കുകയായിരുന്ന നയെഫ് അഗുയേർദിനെ കണ്ടു. പക്ഷേ, അഗുയേർദിന്റെ ഷോട്ട് പുറത്തുപോയി. ഇടവേളയ്ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ സ്പെയ്ൻ പതറി. ബാക്ക് പാസ് സ്വീകരിച്ച ഉനായ് സിമോൺ അലസത കാട്ടി. രണ്ട് മൊറോക്കൻ താരങ്ങൾ അപകടകരമായി ഓടിയെത്തിയെങ്കിലും സിമോൺ പന്തൊഴിവാക്കി ആശ്വാസംകൊണ്ടു.

image credit FIFA WORLD CUP twitter
സ്പെയ്നിന് മൊറോക്കൻ ബോക്സിനരികെവച്ച് ഫ്രീകിക്ക് കിട്ടി. ഡാനി ഓൽമോയുടെ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ ബോണോ കുത്തിയകറ്റി. സ്പെയ്ൻ ചെറുപാസുകളുമായി തമ്പടിച്ചു. പക്ഷേ, ഗോളിലേക്കുള്ള വഴിമാത്രം തുറന്നില്ല. മൊറോക്കോ പ്രതിരോധം പഴുത് നൽകിയില്ല. നിക്കോ വില്യംസിനെയും അൽവാരോ മൊറാട്ടയെയും ഇറക്കി സ്പെയ്ൻ ആക്രമണം ശക്തിപ്പെടുത്താൻ ശ്രമിച്ചു. കളിക്ക് വേഗംകൂടിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങൾ മാത്രം അകന്നു. അവസാന നിമിഷങ്ങളിൽ വില്യംസും മൊറാട്ടയും അതിവേഗ നീക്കങ്ങൾ നടത്തി. പ്രതിരോധം വിട്ടുകൊടുത്തില്ല.
കളി അധികസമയത്തേക്ക് നീങ്ങി. സ്പെയ്ൻ മൊറാട്ടയെ കേന്ദ്രീകരിച്ച് നീക്കങ്ങൾ നടത്തി. യുവതാരങ്ങളായ അൻസു ഫാറ്റിയും അലെക്സ് ബാൽദെയും കളത്തിലെത്തി. മൊറോക്കോ കോട്ടകെട്ടി. സ്പാനിഷ് താരങ്ങൾ ലോങ് റേഞ്ച് ഷോട്ടുകൾ പരീക്ഷിച്ചു. ഇതിനിടെ മൊറോക്കോയുടെ ഗംഭീര പ്രത്യാക്രമണം. കളിയിലെ ഏറ്റവും മികച്ച അവസരം അവർക്ക് കിട്ടി. വാലിദ് ചെഡീര പ്രതിരോധത്തെ മറികടന്ന് ബോക്സിനുള്ളിൽ. മൊറോക്കോ നേടിയെന്ന് ഉറപ്പിച്ച നിമിഷം. എന്നാൽ ചെഡീരയുടെ ഷോട്ട് സിമോൺ കാലുകൊണ്ട് തട്ടി. അധികസമയത്തിന്റെ അവസാന നിമിഷം സ്പെയ്നിനും കിട്ടി അവസരം. ഇക്കുറി പാബ്ലോ സറാബിയയുടെ കനത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
ഷൂട്ടൗട്ടിൽ മൊറോക്കോയ്ക്കായി അബ്ദെൽഹമീദ് സാബിരി ആദ്യ കിക്ക് വലയിലെത്തിച്ചു. എന്നാൽ, ഷൂട്ടൗട്ടിനായിമാത്രം ഇറക്കിയ സ്പെയ്നിന്റെ സറാബിയയുടെ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. മൊറോക്കോയ്ക്കായി ഹക്കീം സിയെച്ച് തകർപ്പൻ കിക്കിലൂടെ വലകുലുക്കി. സ്പെയ്നിന്റെ രണ്ടാമത്തെ കിക്കും ലക്ഷ്യംകണ്ടില്ല. കാർലോസ് സോളെറുടെ കിക്ക് ബോണോ തടുത്തു. മൊറോക്കോയുടെ ബെനൗമിനെ സിമോൺ തടഞ്ഞു. സ്പെയ്നിന് വീണ്ടും പിഴച്ചു. സെർജിയോ ബുസ്ക്വെറ്റ്സിന്റെയും അടിയും ബോണോ നിഷ്പ്രഭമാക്കി. മൊറോക്കോയുടെ നാലാമത്തെ കിക്ക് വലയിലാക്കി അച്റഫ് ഹക്കീമി മൊറോക്കോയുടെ ക്വാർട്ടർ പ്രവേശം പൂർത്തിയാക്കി (3–-0).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..