29 January Sunday

സിംഹഗർജനം ; മൊറോക്കോ കളി പഠിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

image credit FIFA WORLD CUP twitter

ദോഹ
രണ്ട്‌ ജയങ്ങളുടെമാത്രം കണക്കുമായാണ്‌ മൊറോക്കോ ലോകകപ്പിനെത്തിയത്‌. ബൽജിയത്തിനെതിരെ ഇറങ്ങുമ്പോൾ കണക്കുകളെ അവർ കളത്തിന്‌ പുറത്തുവിട്ടു. ബൽജിയത്തിന്റെ പേരും പെരുമയും റാങ്കുമൊന്നും ആശങ്കപ്പെടുത്തിയില്ല. ചാമ്പ്യൻമാരെപ്പോലെ കളിച്ചു. വാശിയോ വിജയതൃഷ്‌ണയോ ഇല്ലാത്ത ‘സുവർണ തലമുറ’യെ മൊറോക്കോ കളി പഠിപ്പിച്ചു. അൽ തുമാമ സ്‌റ്റേഡിയത്തിൽ സിംഹഗർജനമുയർന്നു.

സ്‌കോർ: മൊറോക്കോ 2, ബൽജിയം 0.

മൊറോക്കോയുടെ കുതിപ്പിൽ വീണത്‌ ഒരുമാസംമുമ്പ്‌ പാരിസിൽ ലോകത്തെ മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി ഏറ്റുവാങ്ങിയ തിബൗ കുർടോയാണ്‌.

ആഫ്രിക്കൻ–-അറബ്‌ രാജ്യമായ മൊറോക്കോ ഗ്രൂപ്പ്‌ എഫിൽ നാല്‌ പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി.
എഴുപത്തിമൂന്നാംമിനിറ്റിൽ പകരക്കാരൻ അബ്‌ദുൽഹമീദ്‌ സബിരിയുടെ അത്ഭുത ഗോളിലാണ്‌ ‘അറ്റ്‌ലസ്‌ സിംഹങ്ങൾ’ മുന്നിലെത്തിയത്‌. ഇടതുമൂല തൊട്ടുനിന്നുള്ള ഫ്രീകിക്ക്‌. സബിരി തൊടുത്ത പന്ത്‌ കഴുകനെപ്പോലെ പറന്നു. കുർട്ടോ അത്‌ പ്രതീക്ഷിച്ചതേയില്ല. സബിരിയുടെ വലംകാലടി ‘ഒളിമ്പിക്‌ ഗോളിന്‌’ സമാനമായി വലയിലേക്ക്‌. ബൽജിയം കാവൽക്കാരനത്‌ വിശ്വസിക്കാനായില്ല. ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക്‌ ഗോളുകൂടിയായിരുന്നു അത്‌. പരിക്കുസമയമായിരുന്നു അടുത്തത്‌. ബോക്‌സിൽ ഹക്കീം സിയേച്ചിന്റെ കുതിപ്പിനുമുന്നിൽ ബൽജിയം പ്രതിരോധം കിതച്ചു. മിന്നുംപാസ്‌ പിടിച്ചെടുത്ത്‌ സക്കറിയ അബൂക്‌ലാൽ കുർട്ടോയെ വീണ്ടും കീഴടക്കി.

ലോകഫുട്‌ബോളിൽ ഒരു സുവർണകാലമുണ്ടായിരുന്നു മൊറോക്കോയ്‌ക്ക്‌. 1986 ലോകകപ്പിൽ രണ്ടാംറൗണ്ടിലെത്തി അമ്പരപ്പിച്ചു. അതുവരെ ഒരു ആഫ്രിക്കൻ ടീമും നോക്കൗട്ട്‌ ഘട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നില്ല. 1997 മുതൽ 1999 വരെ ലോകറാങ്കിങ്ങിൽ 10–-ാംസ്ഥാനത്തും മൊറോക്കോയുണ്ടായി. പിന്നീട്‌ തളർച്ചയായിരുന്നു. കാമറൂണും സെനെഗലും ഘാനയുമെല്ലാം കളംപിടിച്ചതോടെ മൊറോക്കോ പിന്നോട്ടുനടന്നു.

ഖത്തറിൽ ആദ്യകളിയിൽ ക്രൊയേഷ്യയെ തളച്ച്‌ കരുത്തുകാട്ടിയാണ്‌ ബൽജിയത്തിനെതിരെ അണിനിരന്നത്‌. ആദ്യപകുതിക്കുമുമ്പേ സിയേച്ച്‌ ബൽജിയം വലകുലുക്കിയെങ്കിലും വാറിൽ ഓഫ്‌സൈഡാണെന്ന്‌ തെളിഞ്ഞു. വലതുപ്രതിരോധക്കാരൻ അച്‌റഫ്‌ ഹക്കീമി, സിയേച്ച്‌ എന്നിവരാണ്‌ കളിയിലുടനീളം മൊറോക്കോ നീക്കങ്ങളുടെ ആസൂത്രകരായത്‌.

ലോകകപ്പിന്‌ അവകാശികളാകാൻ ഈ ടീമിന്‌ ഒരുതരിപോലും സാധ്യതയില്ലെന്ന മധ്യനിരക്കാരൻ കെവിൻ ഡി ബ്രയ്‌ന്റെ തുറന്നുപറച്ചിൽ ശരിവയ്‌ക്കുന്നതായിരുന്നു ബൽജിയത്തിന്റെ പ്രകടനം. ഡിസംബർ ഒന്നിന്‌ ക്രൊയേഷ്യയുമായാണ്‌ ബൽജിയത്തിന്റെ അവസാന മത്സരം. മൊറോക്കോ അന്നുതന്നെ ക്യാനഡയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top