30 November Monday

കിടിലൻ ക്യാച്ച്‌; ഇന്ത്യയുടെ പറക്കും ഫീൽഡർ, പ്രായം 39 ആയാലും 19 ആയാലും കൈഫിന്‌ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

മുംബൈ > ഇന്ത്യന്‍ ടീമിലെ ജോണ്‍ഡി റോഡ്‌സ് എന്നായിരുന്നു മുന്‍ താരം മുഹമ്മദ് കൈഫ്‌ അറിയപ്പെട്ടിരുന്നത്. ചടുലമായ ഫീല്‍ഡിങ്ങും അവിശ്വസനീയമായ ക്യാച്ചുകളും കൊണ്ട് ഫീല്‍ഡില്‍ നിറഞ്ഞുനിന്നിരുന്ന താരം. കവറിലും പോയിന്റിലുമായി മുഹമ്മദ് കൈഫും യുവ്‌രാജ് സിങ്ങും ഉണ്ടെങ്കില്‍ പിന്നെ അവിടേക്ക് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്ന് മടിക്കുമായിരുന്നു.

ഇപ്പോഴിതാ പ്രായം 39-ല്‍ എത്തിയെങ്കിലും പഴയ ആ ഫീല്‍ഡിങ് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൈഫ്. കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സും ശ്രീലങ്ക ലെജന്‍ഡ്‌സും തമ്മില്‍ മുംബൈയില്‍ നടന്ന മത്സരത്തിലാണ് കൈഫ് വീണ്ടും തന്റെ ഫീല്‍ഡിങ് മികവ് കാഴ്ചവെച്ചത്.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനെയും ചമര കപുഗെദെരയുമാണ് കൈഫ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതില്‍ കപുഗെദെരയെ പുറത്താക്കാന്‍ കൈഫെടുത്ത ഡൈവിങ് ക്യാച്ച് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ഈ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

ഫീല്‍ഡിങ്ങില്‍ മാത്രമല്ല താരം ബാറ്റിങ്ങിലും തിളങ്ങി. 45 പന്തില്‍ 46 റണ്‍സ് നേടിയ മുഹമ്മദ് കൈഫിന്റെയും 31 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 57 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്റെയും മികവില്‍ ലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

കൈഫിന്റെ ക്യാച്ച്‌ കാണാൻ ക്ലിക്ക്‌ ചെയ്യാം:

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top