21 October Monday

‘വാറി’ൽ കുരുങ്ങി സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ഗോൾ നിഷേധിച്ചപ്പോൾ റഫറിയോട്‌ കയർക്കുന്ന ജെസ്യൂസ്‌

ലണ്ടൻ > ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ പുതിയ സീസണിന്റെ തുടക്കം നന്നായില്ല. രണ്ടാമത്തെ കളിയിൽ ടോട്ടനം ഹോട്‌സ്‌പറിനോട്‌ സമനില വഴങ്ങി (2–-2). കളിയുടെ അവസാനം ഗബ്രിയേൽ ജെസ്യൂസ്‌ തൊടുത്ത അടി ടോട്ടനം വല തൊട്ടതാണ്‌. സിറ്റി ജയവും ആഘോഷിച്ചു. എന്നാൽ വാർ പരിശോധനയിൽ ഗോൾ പിൻവലിച്ചതോടെ സിറ്റി നിരാശയോടെ കളംവിട്ടു.

കെവിൻ ഡി ബ്രയ്‌നെടുത്ത കോർണർ ജെസ്യൂസ്‌ ഗോളാക്കും മുമ്പേ സഹതാരം അയ്‌മെറിക്‌ ലപോർട്ടെയുടെ കൈയിൽ തട്ടിയതാണ്‌ സിറ്റിക്ക്‌ വിനയായത്‌. 
വെസ്റ്റ്‌ ഹാമിനെ അഞ്ച്‌ ഗോളുകൾക്ക്‌ തകർത്ത്‌ സീസണിൽ ഗംഭീര തുടക്കംകുറിച്ച സിറ്റിയെ ടോട്ടനം നന്നായി പരീക്ഷിച്ചു. ചാമ്പ്യൻമാരുടെ മുന്നേറ്റങ്ങളെ ടോബി ആൽഡർവീൽഡിന്റെയും ഡേവിൻസൺ സാഞ്ചസിന്റെയും പ്രതിരോധം പിടിച്ചുകെട്ടി. മധ്യനിരയിൽ ഡി ബ്രയിന്റെ കാലുകളിലായിരുന്നു സിറ്റിയുടെ കളി. ഡി ബ്രയ്‌ൻ ഒരുക്കിയ അവസരം റഹീം സ്‌റ്റെർലിങ്‌ വലയിലേക്ക്‌ തെളിച്ചു. നിമിഷങ്ങൾക്കുള്ളിൽ സമനില ഗോളെത്തി. എറിക്‌ ലമേലയുടെ ലോങ്‌റേഞ്ച്‌ സിറ്റി ഗോളി എഡേഴ്‌സണ്‌ അവസരം നൽകാതെ ലക്ഷ്യത്തിലെത്തി. സിറ്റി പതറിയില്ല. വീണ്ടും ഡി ബ്രയ്‌ൻ. ഇത്തവണ സെർജിയോ അഗ്വേറോയായിരുന്നു സ്‌കോറർ. ഒരു ഗോളിന്റെ ആനുകൂല്യത്തിൽ സിറ്റി ഇടവേളയ്‌ക്ക്‌ പിരിഞ്ഞു.

രണ്ടാംപകുതി ടോട്ടനം വീറുകാട്ടി. ലമേലയും ക്രിസ്റ്റ്യൻ എറിക്‌സണും ഒത്തിണക്കത്തോടെ മുന്നേറി. വൈകാതെ പകരക്കാരൻ ലൂക്കാസ്‌ മൗറ ടോട്ടനത്തെ ഒപ്പമെത്തിച്ചു. മൗറ ലമേലയുടെ കോർണറിൽ തലവച്ച്‌ ആദ്യ സ്‌പർശം തന്നെ ഗോളാക്കി.  കളി മുറുകി. സിറ്റി ആഞ്ഞുശ്രമിച്ചു. ഡി ബ്രയ്‌നിന്റെയും ഒലെക്‌സാണ്ടർ സിൻചെങ്കോയുടെയും ശ്രമങ്ങൾ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്‌ മുന്നിൽ അവസാനിച്ചു. ജെസ്യൂസിന്റെ ഗോൾ വാറിൽ നിർവീര്യമാകുകയും ചെയ്‌തതോടെ സിറ്റി ഒരു പോയിന്റുമായി കളംവിട്ടു. രണ്ടുവീതം കളി ജയിച്ച്‌ ലിവർപൂളും അഴ്‌സണലും മുന്നിലുണ്ട്‌.


പ്രധാന വാർത്തകൾ
 Top