10 August Monday

സൂപ്പർ ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ഇസ്‌താംബൂൾ
ഇസ്‌താംബൂളും ഗോൾകീപ്പർ ആഡ്രിയാനും ലിവർപൂളിനെ കൈവെടിഞ്ഞില്ല. ഷൂട്ടൗട്ടിൽ ചെൽസിയുടെ താമി അബ്രഹാമിന്റെ കിക്ക്‌ തടഞ്ഞ്‌ ടീമിലെത്തിയതിന്റെ ഒമ്പതാം നാൾ ആഡ്രിയാൻ ലിവർപൂളിന്‌ സമ്മാനിച്ചത്‌ യുവേഫ സൂപ്പർ കപ്പ്‌. 2005 ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ എസി മിലാനെതിരെ ഷൂട്ടൗട്ടിൽ അവിസ്‌മരണീയ ജയം നൽകി അനുഗ്രഹിച്ച ഇസ്‌താംബൂൾ ഒരിക്കൽക്കൂടി ലിവർപൂളിന്‌ ആഘോഷരാവൊരുക്കി. നിശ്ചിത സമയവും അധികസമയവും ഇരുടീമുകളും തുല്യത പാലിച്ച കളിയിൽ 5–-4നാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ ലിവർപൂൾ യൂറോപ ചാമ്പ്യൻമാരായ ചെൽസിയെ കീഴടക്കിയത്‌.
ആദ്യമായാണ്‌ സൂപ്പർ കപ്പിനായി ഇംഗ്ലീഷ്‌ ടീമുകൾ നേർക്കുനേർ എത്തിയത്‌.

പ്രീമിയർ ലീഗിലെ ആദ്യ കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട്‌ നാല്‌ ഗോളുകളുടെ തോൽവി വഴങ്ങിയെത്തിയ ഫ്രാങ്ക്‌ ലംപാർഡിന്റെ ചെൽസി ആദ്യ വിസിൽ മുഴങ്ങിയതുമുതൽ മൈതാനത്ത്‌ ഉശിരുകാട്ടി. മുൻനിരയിൽ ക്രിസ്റ്റ്യൻ പുലിസിച്ചും പെഡ്രോയും നിരന്തരം എതിർ ഗോൾമുഖത്തേക്ക്‌ കുതിച്ചു. കളിയിലുടനീളം അധ്വാനിച്ച മധ്യനിരക്കാരൻ എൻഗോള കാന്റെ ചെൽസിയുടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും തിളങ്ങി. ഇടവേളയ്‌ക്കുമുമ്പേ ഒളിവർ ജിറുവിലൂടെ മുന്നിലെത്തിയ നീലപ്പട കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തി. ലിവർപൂളാകട്ടെ ചെൽസിയുടെ നീക്കങ്ങളിൽ പരിഭ്രമിച്ചു.

രണ്ടാം പകുതി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്‌ തന്ത്രം മാറ്റി. പരിക്കുമൂലം ഒരുവർഷമായി കളിത്തിനു പുറത്തിരുന്ന മധ്യനിരക്കാരൻ അലക്‌സ്‌ ഒക്‌സാൽഡേ ചംബർലെയ്‌നെ പിൻവലിച്ച്‌ മുന്നേറ്റത്തിൽ റോബർട്ടോ ഫിർമിനോയെ ഇറക്കി. ഫലം കണ്ടു. നിമിഷങ്ങൾക്കകം ബ്രസീലുകാരനൊരുക്കിയ പന്തിൽനിന്ന്‌ സാദിയോ മാനെ സമനില പിടിച്ചു. അധികസമയത്ത്‌ മാനെ ലിവർപൂളിനെ മുന്നിലെത്തിച്ചെങ്കിലും ജോർജീനോയിലൂടെ ചെൽസി ഒപ്പമെത്തി. മത്സരം ഷൂട്ടൗട്ടിൽ.

ഫിർമിനോ, ഫാബിനോ, ഡിവോക്‌ ഒറിഗി, ട്രന്റ്‌ അലക്‌സാണ്ടർ അർനോൾഡ്‌, മുഹമ്മദ്‌ സലാ എന്നിവർ ചാമ്പ്യൻമാർക്കായി ലക്ഷ്യംകണ്ടു. ജോർജീനോ, റോസ്‌ ബാർക്‌ലി, മാസൺ മൗണ്ട്‌, എമേഴ്‌സൺ പൽമെയ്‌റി എന്നിവർ ചെൽസിക്കായി വല നിറച്ചു.
മത്സരശേഷം വിജയാഹ്ലാദത്തിനിടെ മൈതാനത്ത്‌ അതിക്രമിച്ചെത്തിയ ആരാധകൻ തള്ളിയതിനെ തുടർന്ന്‌ കണങ്കാലിന് പരിക്കേറ്റ ആഡ്രിയാന്‌ പ്രീമിയർ ലീഗിലെ അടുത്ത മത്സരം നഷ്ടമായേക്കും. ലിവർപൂളിന്റെ ഒന്നാം നമ്പർ ഗോളി അലിസണും പരിക്കിലാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top