17 February Sunday

ജയത്തോടെ ബ്ലാസ്റ്റേഴ്സ് സെമിയില്‍

ആനന്ദ് ശിവന്‍Updated: Tuesday Dec 9, 2014

കൊച്ചി: വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊരുതിക്കയറിയ കേരള ബ്ലാസ്റ്റേഴ്സ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍. തട്ടകത്തിലെ അവസാന ലീഗ് മത്സരത്തില്‍ പുണെ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കേരള ബ്ലാസ്റ്റേഴ്സ് അവസാന നാലില്‍ ഇടംപിടിച്ചത്. 23-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടി. ചെന്നൈയിന്‍ എഫ്സിയും എഫ്സി ഗോവയും നേരത്തേ സെമി ഉറപ്പിച്ചിരുന്നു. ഗോളി സന്ദീപ് നന്ദി രക്ഷപ്പെടുത്തിയ പുണെയുടെ അവസരങ്ങള്‍ക്ക് കടപ്പെട്ടതാണ് ആതിഥേയരുടെ വിജയം.ചെന്നൈയില്‍ ചെന്നൈയിന്‍ എഫ്സിയും ഡല്‍ഹി ഡൈനാമോസും രണ്ടുവീതം ഗോളടിച്ചുപിരിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ വിജയത്തോടെ ഡല്‍ഹി ഡൈനാമോസ് സെമി കാണാതെ പുറത്തായി. മുംബൈയ്ക്ക് ശേഷിച്ച മത്സരം ജയിച്ചാലും സെമിയിലെത്താനാകില്ല. 14 കളിയില്‍നിന്ന് 19 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ആതിഥേയരുടെ ഗോള്‍മുഖം വിറപ്പിച്ച് പുണെ നടത്തിയ മിന്നല്‍നീക്കങ്ങളോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ പന്തുരുണ്ടുതുടങ്ങിയത്. ജയിച്ചില്ലെങ്കില്‍ പുറത്താകുമെന്ന അവസ്ഥയിലാണ് ഇരു ടീമുകളും ഇറങ്ങിയതെങ്കിലും ആക്രമണത്തില്‍ പുണെ മുന്നിട്ടുനിന്നു. ആദ്യപകുതിയില്‍ സന്ദര്‍ശകര്‍ പലതവണ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖം റെയ്ഡ്ചെയ്തു. ആദ്യമിനിറ്റില്‍ത്തന്നെ പന്തുമായി ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളിലേക്ക് കോസ്താസ് കറ്റ്സരാനാസ് ഇരച്ചുകയറിയങ്കിലും ഓഫ്സൈഡില്‍ കുരുങ്ങി. നൈജീരിയന്‍ താരം ഡുഡുവിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളെ ഗോളി സന്ദീപ് നന്ദിയുടെ മനസ്സാന്നിധ്യംകൊണ്ടാണ് പലപ്പോഴും ആതിഥേയര്‍ മറികടന്നത്. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്തേയ്ക്ക് വീണ്ടും പന്തെത്തി. സെയ്ദോ മറിച്ചുകൊടുത്ത പന്ത് ഫ്രാങ്കോ കൊളംബയ്ക്കോ ഡുഡുവിനോ എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷത്തില്‍ ജര്‍മൈന്‍ പെനന്റ് വലതുവിങ്ങില്‍നിന്നു നല്‍കിയ ക്രോസ് സന്ദീപ് നന്ദി കുത്തിയകറ്റി. തിരിച്ചെത്തിയ പന്ത് ഒന്നു തൊട്ടാല്‍ ഗോളാകുമെന്ന നിലയായിരുന്നെങ്കിലും ഡുഡു അവസരം പാഴാക്കി. എട്ടാമത്തെ മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യനീക്കമുണ്ടായത്. മധ്യഭാഗത്തുനിന്ന് പിയേഴ്സണ്‍ ഗുസ്മാവോയെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും പുണെയുടെ ബ്രൂണോ സെറില്ലോ അപകടമൊഴിവാക്കി. സെയ്ദോയുടെ ഒരു ക്രോസ് സന്ദീപ് നന്ദി ഏറെ പ്രയാസപ്പെട്ട് പിടിച്ചെടുത്തു. 17-ാം മിനിറ്റില്‍ പുണെയുടെ മനീഷിന്റെ ഗോളായെന്നുറപ്പിച്ച ഷോട്ട് നന്ദി നിലത്തുവീണ് കൈപ്പിടിയിലൊതുക്കി.

കളിയുടെ ഗതിക്കെതിരായാണ് ബ്ലാസ്റ്റേഴ്സ് 23-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. പുണെ പോസ്റ്റിനു പുറത്ത് ഡുഡു ഹ്യൂമിനെ തള്ളിയിട്ടതിനു ലഭിച്ച ഫ്രീകിക്ക്. കിക്കെടുത്ത ഹ്യൂമിന് പിഴച്ചില്ല. പുണെ പ്രതിരോധം തകര്‍ത്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കു പാഞ്ഞ പന്ത് പുണെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ കൈകളില്‍ ഉരസി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയില്‍ തൊട്ടതോടെ തിങ്ങിനിറഞ്ഞ ഗ്യാലറി പൊട്ടിത്തെറിച്ചു. ഒരുഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ പുണെ നടത്തിയ നീക്കങ്ങളെല്ലാം സന്ദീപ് നന്ദിയുടെ മുന്നില്‍ നിഷ്ഫലമാകുന്നതാണ് പിന്നീട് കണ്ടത്. ആദ്യപകുതിയില്‍ മാത്രം ഒമ്പതുതവണ പുണെ എതിര്‍ഗോള്‍മുഖം സന്ദര്‍ശിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആക്രമണം നടത്തിയത് രണ്ടുതവണ മാത്രം. രണ്ടാംപകുതിയുടെ ആദ്യമിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താനുള്ള ആതിഥേയരുടെ ശ്രമങ്ങളാണ് കണ്ടതെങ്കില്‍ തിരിച്ചുവരാനുറച്ച് പുണെയും പോരാട്ടം ശക്തമാക്കിയതോടെ മത്സരം കടുത്തു. 70-ാം മിനിറ്റ്മുതല്‍ പുണെ സമ്മര്‍ദം ശക്തമാക്കി. തുടര്‍ച്ചയായി മൂന്നു കോര്‍ണറുകള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം അപകടമൊഴിവാക്കിയത്. സന്ദീപ് നന്ദി തന്നെയായിരുന്നു ഇവിടെയും രക്ഷകന്‍. 83-ാം മിനിറ്റില്‍ ഗോളെന്നുറച്ച കോസ്താസിന്റെ ഷോട്ട് മെഹ്താബ് തടഞ്ഞു. 87-ാം മിനിറ്റില്‍ മൈക്കേല്‍ ചോപ്രയെ ഫൗള്‍ചെയ്തതിന് സിറില്ലോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. സിറില്ലോയ്ക്കെതിരെ ആക്രോശിച്ച ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ പ്ലെയര്‍ ഡേവിഡ് ജെയിംസിനെ റഫറി മൈതാനത്തിനു പുറത്താക്കി. രണ്ടാംപകുതിയില്‍ എട്ടുമിനിറ്റുനീണ്ട പരിക്കുസമയത്തില്‍ പലതവണ പുണെ സമനിലക്കായി പൊരുതിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടു മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പെന്‍ ഓര്‍ഗിക്കു പകരം ബ്രസീലിയന്‍ സ്ട്രൈക്കര്‍ പെഡ്രോ ഗുസ്മാവോയും പ്രതിരോധത്തില്‍ നിര്‍മല്‍ ഛേത്രിക്കു പകരം സന്ദേശ് ജിംഗനും ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചു. മൈക്കേല്‍ ചോപ്ര രണ്ടാംപകുതിയിലാണ് ഇറങ്ങിയത്.

പ്രധാന വാർത്തകൾ
 Top