22 October Tuesday

‘കുൽദീപിന്റേത‌് നൂറ്റാണ്ടിലെ പന്ത‌്’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

മാഞ്ചസ‌്റ്റർ
ഇംഗ്ലീഷ‌് ബാറ്റ‌്സ‌്മാൻ മൈക്ക‌് ഗാറ്റിങ്ങിനെ പുറത്താക്കാൻ ഓസ‌്ട്രേലിയൻ സ‌്പിന്നർ ഷെയ‌്ൻ വോൺ എറിഞ്ഞ പന്തിന‌് ‘നൂറ്റാണ്ടിന്റെ പന്ത‌്’ എന്നൊരു വിശേഷണമുണ്ട‌്. 1993ൽ ആഷസ‌് പരമ്പരയിലെ ആദ്യ ടെസ‌്റ്റിലാണ‌് ഇംഗ്ലീഷ‌് ക്രിക്കറ്റിലെ അതികായനായ ഗാറ്റിങ്ങിനെയും ക്രിക്കറ്റ‌് ലോകത്തെയും അമ്പരപ്പിച്ച പന്തിന്റെ കറക്കം.

വലംകൈയൻ ബാറ്റ‌്സ‌്മാനായ ഗാറ്റിങ്ങിന്റെ ലെഗ‌് സ‌്റ്റമ്പിനു മുന്നിൽ കുത്തിയ പന്ത‌് വെട്ടിത്തിരിഞ്ഞ‌് ഓഫ‌്സൈഡിലേക്ക‌് കുതിച്ച‌് വിക്കറ്റ‌് തെറിപ്പിക്കുകയായിരുന്നു‌. പാകിസ്ഥാന്റെ ബാബർ അസമിനെ പുറത്താക്കാൻ ഇന്ത്യൻ സ‌്പിന്നർ എറിഞ്ഞത‌് ഇതിനു സമാനമായ പന്തെന്നാണ‌് ‘ദ ടൈംസ‌്’ പത്രം പറയുന്നത‌്.

മികച്ച ബാറ്റ‌്സ‌്മാനായ അസം 48 റണ്ണുമായി ക്രീസിൽ നിൽക്കുമ്പോഴാണ‌് കുൽദീപിന്റെ പന്ത‌്.  അസമിന്റെ ബാറ്റിനും പാഡിനും ഇടയിലുള്ള വിടവിലൂടെയാണ‌് കുൽദീപിന്റെ പന്ത‌് കയറിപ്പോയത‌്. ഈ വിക്കറ്റ‌് കളിയിലെ വഴിത്തിരിവായി. അതൊരു സ്വപ‌്ന പന്തെന്നായിരുന്നു ഇരുപത്തിനാലുകാരനായ കുൽദീപിന്റെ പ്രതികരണം. ‘ഏതൊരു സ‌്പിന്നറും ആഗ്രഹിച്ചുപോകുന്ന പന്താണിത‌്. അസം സ‌്പിന്നർമാരെ നന്നായി കളിക്കുന്ന ആളാണ‌്. എന്നാൽ, ഈ പന്തിനു മുന്നിൽ പ്രതിരോധം തകർന്നു.’

കുൽദീപിന്റെ ഫോമില്ലായ‌്മയെക്കുറിച്ച‌് സംശയിക്കുന്നതിനിടയിലാണ‌് കന്നി ലോകകപ്പിലെ പ്രകടനം. പാകിസ്ഥാനെതിരെ ഒമ്പത‌് ഓവറിൽ 32 റൺ വഴങ്ങി രണ്ട‌് വിക്കറ്റെടുത്തു.


പ്രധാന വാർത്തകൾ
 Top