29 February Saturday

മാനം മൗനം ; കണ്ണീരണിഞ്ഞ്‌ കായികലോകം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

കോബി ബ്രയാന്റും മകൾ ജിയാന്ന ബ്രയാന്റും (ഫയൽ ചിത്രം)

കോബി ബ്രയാന്റും മകൾ ജിയാന്ന ബ്രയാന്റും (ഫയൽ ചിത്രം)


ലോസ്‌ ഏഞ്ചൽസ്‌
ഉയരങ്ങളിലെ സൂക്ഷ്‌മതയായിരുന്നു കോബി ബ്രയാന്റ്‌. അസാധ്യമായ പാദചലനംകൊണ്ട്‌  എതിരാളികൾക്കിടയിലൂടെ തെന്നിനീങ്ങുകയായിരുന്നു കോബി. ആർക്കുമാർക്കും തടയാനാകാത്ത കുതിപ്പിൽ, ഉയരത്തിലേക്ക്‌ കോബി പറന്നുയർന്നു. ഉന്നം തെറ്റാതെ ബാസ്‌കറ്റ്‌ നിറഞ്ഞു.

ഒടുവിൽ എത്ര ഉയർന്നുചാടിയിട്ടും എത്തിപ്പിടിക്കാനാതെ മടങ്ങുന്നു. മരണം ആ ഇതിഹാസത്തെ തോൽപ്പിച്ചുകളഞ്ഞു. മഞ്ഞിൽപ്പുതഞ്ഞു വഴിതെറ്റിയ ഹെലികോപ്‌റ്ററിനുള്ളിൽ മകൾ ജിയാന്നയെയും ചേർത്തുപിടിച്ച്‌ കലബസാസ്‌ മലഞ്ചെരുവിൽ കോബി ചിതറിവീണു. ബാസ്‌കറ്റ്‌ബോൾ കളത്തിലെ ‘ബ്ലാക്‌ മാമ്പ’ ഇനിയില്ല.

ഞായറാഴ്‌ച അമേരിക്കൻ സമയം രാവിലെ 9.40നായിരുന്നു ഹെലികോപ്‌റ്റർ അപകടം. പതിമൂന്നുകാരി മകൾ ജിയാന്നയെയും കൂട്ടി തൗസന്റ്‌ ഓക്‌സിലെ അക്കാദമിയിലേക്ക്‌ പോവുകയായിരുന്നു. ടീമിലെ മറ്റ്‌ അംഗങ്ങളും ഉൾപ്പെടെ ആകെ ഒമ്പതുപേർ ഹെലികോപ്‌റ്ററിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടില്ല. ഓറഞ്ച്‌ കോസ്‌റ്റ്‌ ബാക്‌സ്‌കറ്റ്‌ബോൾ ടീം പരിശീലകൻ ജോൺ അൽറ്റോബെല്ലി, ഭാര്യ കെറി, പതിമൂന്നുകാരി മകൾ അലിസ എന്നിവരും അതിൽ ഉൾപ്പെട്ടു. അലിസയും ജിയാന്നയും ഒപ്പം കളിക്കുന്നവരായിരുന്നു.

ബാസ്‌കറ്റ്‌ബോളിൽ പതിനേഴാം വയസ്സുമുതൽ കോബി വിസ്‌മയിപ്പിച്ചു. മൈക്കേൽ ജോർദാനായിരുന്നു മാതൃക. ഒരു തലമുറയുടെ പ്രചോദമനായിരുന്നു  കോബി. ജോർദാനെപ്പോലെയാകണമെന്ന്‌ കൊതിച്ചു. ജോർദാൻ കഴിഞ്ഞാൽ ലോക ബാസ്‌കറ്റിലെ ഏറ്റവും മികച്ച ഷൂട്ടിങ്‌ ഗാർഡായി. കളിയോടുള്ള അഭിനിവേശം, ജയിക്കാനുള്ള അടങ്ങാത്ത ദാഹം ഇതൊക്കെയായിരുന്നു കോബിയുടെ സവിശേഷത. കുതിപ്പിന്റെ വഴിയിൽ എതിരാളികളെ തറപറ്റിക്കും.  20 വർഷത്തിനിടെ 33643 പോയിന്റ്‌ നേടി. എൻബിഎ ചരിത്രത്തിലെ നാലാം സ്ഥാനം.

‘ബ്ലാക്‌ മാമ്പ’ എന്നായിരുന്നു വിശേഷണം. ആ പേരിൽ അറിയപ്പെട്ടു. മാജിക്‌ ജോൺസനാണ്‌ ആദ്യമായി ആ പേര്‌ വിളിക്കുന്നത്‌. കൊടുംവിഷമുള്ള പാമ്പിന്റെ പേര്‌ കോബിയും ആസ്വദിച്ചിരുന്നു. അക്കാദമിയുടെ പേര്‌ മാമ്പ എന്നാണ്‌. ഗിഗി എന്ന ഓമനപ്പേരുള്ള മകൾ ജിയാന്നയെ വലിയ താരമാക്കുകയായിരുന്നു ലക്ഷ്യം. ജൂനിയർ തലത്തിൽ മികച്ച കളിക്കാരിയായിരുന്നു ജിയാന്ന.

മത്സരത്തിനിടെ മകൾ ജിയാന്നയ്‌ക്കും കൂട്ടുകാർക്കും നിർദേശം നൽകുന്ന കോബി. മരണത്തിന്‌ ഒരു ദിവസം മുമ്പായിരുന്നു ഈ മത്സരം

മത്സരത്തിനിടെ മകൾ ജിയാന്നയ്‌ക്കും കൂട്ടുകാർക്കും നിർദേശം നൽകുന്ന കോബി. മരണത്തിന്‌ ഒരു ദിവസം മുമ്പായിരുന്നു ഈ മത്സരം


 

2016ൽ വിരമിച്ചശേഷം പരിശീലകരംഗത്ത്‌ സജീവമായി.
പതിനേഴാം വയസ്സിൽ, 1996ലാണ്‌ ലോസ്‌ ഏഞ്ചൽസ്‌ ലേകേഴ്‌സ്‌ ടീമിന്റെ ഭാഗമായി. ശേഷം ചരിത്രം. തുടർച്ചയായ 20 സീസണിൽ പ്രകമ്പനം കൊള്ളിച്ചു. ബാസ്‌കറ്റ്‌ബോളിലെ ഏറ്റവും മൂല്യമുള്ള താരമായി. ലോക ബാസ്‌കറ്റിലെ ഇതിഹാസ നിരയിലായിരുന്നു സ്ഥാനം. 2006ൽ കോബിയുടെ അത്ഭുതപ്രകടനം ലോകം കണ്ടു. ടൊറന്റോ റാപ്‌ടേഴ്‌സിനെതിരെ 81 പോയിന്റാണ് നേടിയത്‌. ഒരു കളിയിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ താരം. 2008, 2012 ഒളിമ്പിക്‌സുകളിൽ ചാമ്പ്യൻമാരായ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ ടീമിന്റെ ഭാഗമായിരുന്നു. മുപ്പത്തിനാലാം വയസ്സിൽ പരിക്കേറ്റ കോബിക്ക്‌ പിന്നീട്‌ പഴയ മികവ്‌ ആർത്തിക്കാനായില്ല. 2016ൽ വിരമിച്ചു. ഇതിനിടെ 2003ൽ ലൈംഗിക ആരോപണമുണ്ടായി. പിന്നീട്‌ കുറ്റമൊഴിവാക്കി. പരാതിക്കാരി കോടതയിൽ ഹാജരാകാത്തതായിരുന്നു കാരണം.
2018ൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ചു. ഡിയർ ബാസ്‌കറ്റ്‌ബോൾ എന്ന അനിമേഷൻ ഷോർട്ട്‌ ഫിലിമിനായിരുന്നു പുരസ്‌കാരം.

മുൻ എൻബിഎ താരമായ ജോ ബ്രയാന്റിന്റെ മകനായ കോബി ഹൈസ്‌കൂൾ ഘട്ടത്തിലാണ്‌ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്‌. വനേസ ലെയ്‌ന ബ്രയാന്റ്‌ ആണ്‌ ഭാര്യ. നതാലിയ ഡിയാമന്റെ, ബിയാങ്ക ബെല്ല, കാപ്രി എന്നിവരാണ്‌ ജിയാന്നയ്‌ക്കൊപ്പം കോബിയുടെ മക്കൾ. ജിയാന്ന രണ്ടാമത്തെ മകളായിരുന്നു.

 

കോബി ബ്രയാന്റ്‌
ജനനം: 23 ആഗസ്‌ത്‌ 1978
രാജ്യം: അമേരിക്ക
അരങ്ങേറ്റം: 1996
ടീം: ലോസ്‌ എഞ്ചൽസ് ലേകേഴ്‌സ്‌
ജേഴ്‌സി നമ്പറുകൾ: 8, 24
നേട്ടങ്ങൾ: അഞ്ച്‌ തവണ എൻബിഎ ചാമ്പ്യൻ, രണ്ട്‌ ഒളിമ്പിക്‌സ്‌ സ്വർണം (2008, 2012)
വിരമിക്കൽ: 2016
മരണം:  26 ജനുവരി 2020


 

 


പ്രധാന വാർത്തകൾ
 Top