29 February Saturday

ദിശമാറി, മഞ്ഞിൽ പുതഞ്ഞു, ഒടുവിൽ ചിതറിത്തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

ന്യൂയോർക്ക്‌ > വിഖ്യാത ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയാന്റും മകൾ ജിയാന്നയും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ട ഹെലികോപ്‌റ്റർ അപകടത്തിന്റെ കാരണം തേടി അന്വേഷണ സംഘം. അമേരിക്കൻ ദേശീയ ഗതാഗത സുരക്ഷാ ബോർഡിലെ (എൻടിഎസ്‌ബി) 18 അംഗ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. എഫ്‌ബിഐ ഫോറെൻസിക്‌ വിഭാഗത്തിന്റെ സഹായത്തോടെയാണ്‌ അന്വേഷണം. ആദ്യ ഘട്ടത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ  കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്ന്‌ മൂന്ന്‌ മൃതദേഹം കണ്ടെത്തിയതായി ഇവർ അറിയിച്ചു. കാലാവസ്ഥയാണോ പൈലറ്റിന്റെ പിഴവാണോ അപകടത്തിന്‌ കാരണമായതെന്ന്‌ വ്യക്തമല്ല.

ഞായറാഴ്‌ചയായിരുന്നു അപകടം. കോബിയും സംഘവും പുറപ്പെട്ട ഹെലികോപ്‌റ്റർ കലിഫോർണിയയിലെ കലാബസസ്‌ മലഞ്ചെരുവിൽ തകർന്നുവീഴുകയായിരുന്നു. പറന്നുയർന്ന്‌ ഒരു മണിക്കൂറിനുള്ളിൽ ഹെലികോപ്‌റ്റർ പൊട്ടിത്തെറിച്ചു. ബ്ലാക്‌ ബോക്‌സ്‌ ഇല്ലാത്തതിനാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചില്ല.
എല്ലാ ഘടകങ്ങളും പരിശോധിക്കുമെന്ന്‌ എൻടിഎസ്‌ബി അംഗം ജെന്നിഫെർ ഹോമെൻഡി പറഞ്ഞു. കാലാവസ്ഥ ഒരു ഘടകം മാത്രമാണ്‌. മറ്റ്‌ ഘടകങ്ങളും കണക്കിലെടുക്കും. മനുഷ്യനും യന്ത്രവും കാലാവസ്ഥയുമെല്ലാം അതിൽ ഉൾപ്പെടും–- ഹോമെൻഡി വ്യക്തമാക്കി.

കോബിയും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്ററിന്റെ പൈലറ്റ്‌ ആര സോബയാൻ പരിചയസമ്പന്നനായിരുന്നു. 8000 മണിക്കൂറുകൾ വിമാനം പറത്തിയതിന്റെ അനുഭവസമ്പത്തുണ്ട്‌. പത്ത്‌ വർഷമായി രംഗത്തുമുണ്ട്‌.

മോശം സാഹചര്യത്തിൽ വിമാനം പറത്താനുള്ള അനുമതിയുണ്ടായിരുന്നു സോബയാന്‌. സംഭവ ദിവസം പ്രത്യേക അനുമതി വാങ്ങിയാണ്‌ കോബിയുടെ എസ്‌–-76 ഹെലികോപ്‌റ്റർ പറന്നുയർന്നത്‌. പുകമഞ്ഞ്‌ ഭീഷണി കാരണം ദിശ മാറിയായിരുന്നു സഞ്ചാരം. ആദ്യഘട്ടത്തിൽ കത്യമായി നീങ്ങിയ ഹെലികോപ്‌റ്റർ പിന്നീട്‌ കനത്ത മഞ്ഞിൽ പെട്ടു. ഇടയ്‌ക്ക്‌ വളരെ താഴ്‌ന്ന്‌ പറന്നു. പിന്നീട്‌ ഉയർത്താൻ ശ്രമിച്ചു. എയർ ട്രാഫിക്‌ കൺട്രോളേഴ്‌സിനോട്‌ താൻ മല കടക്കാൻ പോകുകയാണെന്ന്‌ പൈലറ്റ്‌ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന്‌ പ്രതികരണമുണ്ടായില്ല. നിമിഷങ്ങൾക്കുള്ളിൽ ഹെലികോപ്‌റ്റൻ പൊട്ടിത്തെറിക്കുകയായിരുന്നു. 500–-600 അടി ദൂരത്തേക്കാണ്‌ ഭാഗങ്ങൾ ചിതറിത്തെറിച്ചത്‌.
അഗ്‌നിഗോളമായി നിലംപതിക്കുകയായിരുന്നുവെന്നാണ്‌ ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top