27 February Thursday

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌: ആൻസിക്ക്‌ ഡബിൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ലോങ്‌ജമ്പിൽ കേരളത്തിന്റെ ആൻസി സോജൻ റെക്കോഡോടെ സ്വർണം നേടുന്നു

ഗുവാഹത്തി > ഗുവാഹത്തിയിലെ സാരുസജായ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിൽ ആൻസി സോജൻ ഉദിച്ചു. 21 വയസ്സിന്‌ താഴെയുള്ളവരുടെ ലോങ്‌ജമ്പിലും 100 മീറ്ററിലും പൊന്നണിഞ്ഞ്‌ ആൻസി ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസിന്റെ മൂന്നാംദിനം താരമായി. ലോങ്‌ജമ്പിൽ റെക്കോഡോടെയാണ്‌ സ്വർണം (6.36 മീറ്റർ). സാന്ദ്ര ബാബു വെങ്കലവും നേടി. ഇരുവരുടെയും പ്രകടനം മാറ്റിനിർത്തിയാൽ ട്രാക്കിൽ കേരളം മങ്ങി.

ലോങ്‌ജമ്പിൽ നിലവിലെ ചാമ്പ്യൻ തമിഴ്‌നാടിന്റെ എ ഷെറിന്റെ വെല്ലുവിളി അതിജീവിച്ചാണ്‌ ആൻസി ഒന്നാമതെത്തിയത്‌. നിലവിലെ റെക്കോഡും ഷെറിന്റെ പേരിലായിരുന്നു–-6.15. അഞ്ച്‌ ശ്രമങ്ങളിൽ അവസാനത്തേതിൽ മാത്രമായിരുന്നു ആൻസിക്ക്‌ പിഴച്ചത്‌. ബാക്കി നാലും ആറ്‌ മീറ്റർ കടന്നു. രണ്ടാം ചാട്ടത്തിലായിരുന്നു 6.36 മീറ്റർ താണ്ടിയത്‌. ഷെറിനാകട്ടെ നാലാം ശ്രമത്തിൽ 6.30ൽ എത്തിയെങ്കിലും ആൻസിയെ മറികടക്കാനായില്ല. 5.99 മീറ്റർ ചാടിയാണ്‌ സാന്ദ്ര വെങ്കലമുറപ്പിച്ചത്‌. മറ്റൊരു മലയാളിതാരം പി എസ്‌ പ്രഭാവതി ആറാമതായി.

100 മീറ്ററിൽ 12.21 സെക്കൻഡിലാണ്‌ ആൻസി ദൂരം പൂർത്തിയാക്കിയത്‌. ‌ബംഗാളിന്റെ രാജശ്രീ പ്രസാദ്‌ (12.27) വെള്ളി നേടി. കേരളത്തിന്റെ വി എസ്‌ ഭവിക ആറാമതായി. കഴിഞ്ഞ മാസം പഞ്ചാബിൽ നടന്ന ദേശീയ സ്‌കൂൾ മീറ്റിൽ റിലേയിലടക്കം നാല്‌ സ്വർണം നേടിയിരുന്നു ആൻസി. തൃശൂർ നാട്ടിക ഫിറഷീസ്‌ സ്‌കൂളിലെ പ്ലസ്‌ടുക്കാരിക്ക്‌ 200ഉം റിലേയും ബാക്കിയുണ്ട്‌. ഇന്ന്‌ 4 x 100 മീറ്റർ റിലേ ഫൈനലുകൾ അരങ്ങേറും.


പ്രധാന വാർത്തകൾ
 Top