Deshabhimani

സഞ്ജുവും അഖിലും തിളങ്ങി; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 08:42 PM | 0 min read

ഹൈദരാബാദ് > സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 11 പന്ത് ബാക്കി നില്ക്കെ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു.

ടോസ് നേടിയ ഫീൽഡിങ് തെരെഞ്ഞെടുത്ത കേരളത്തിന്‌ വേണ്ടി സർവീസസിന്റെ ഓപ്പണർമാരെ വേഗം തന്നെ മടക്കി നിധീഷ് മികച്ച തുടക്കം നൽകി. എന്നാൽ ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധന്കറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. ധന്കർ 29 പന്തിൽ 41ഉം വിനീത് 28 പന്തിൽ 35ഉം റൺസെടുത്തു. 28 റൺസെടുത്ത അരുൺകുമാറും സർവീസസ് ബാറ്റിംഗ് നിരയിൽ തിളങ്ങി. 20 ഓവറിൽ 9 വിക്കറ്റിന് 149 റൺസെന്ന നിലയിൽ സർവീസസ് ഇന്നിങ്സിന് അവസാനിക്കുകയും ചെയ്തു.

അഞ്ചു വിക്കറ്റുമായി സർവീസസിന്റെ മധ്യ നിരയെ തകർത്തെറിഞ്ഞ അഖിൽ സ്‌കറിയയുടെ പ്രകടനമാണ് കേരളത്തിന്‌ നിർണ്ണായകമായത്. നാലോവാറിൽ 30 റൺസ് മാത്രം വിട്ടു നൽകിയാണ് അഖിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനയ്ക്ക് ശേഷം ടൂർണമെന്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിന്റെ ആദ്യ താരമാണ്‌ അഖിൽ. നിധീഷ് രണ്ടും വിനോദ് കുമാർ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്‌ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹനും നാല് റൺസെടുത്ത വിഷ്ണു വിനോദും അടുത്തടുത്ത് പുറത്തായെങ്കിലും മുഹമ്മദ്‌ അസറുദീനും സൽമാൻ നിസ്സറിനുമൊപ്പം സഞ്ജു ഇന്നിങ്സ് മുന്നോട്ടു നീക്കി. സ്കോർ 123ൽ നില്ക്കെ 75 റൺസെടുത്ത സഞ്ജു മടങ്ങി. 45 പന്തിൽ പത്തു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ലക്ഷ്യത്തോട് അടുക്കെ ഏതാനും വിക്കറ്റുകൾ നഷ്ടമായെങ്കിലും  21 റൺസുമായി പുറത്താക്കാതെ നിന്ന്  സൽമാൻ നിസാർ കേരളത്തെ വിജയത്തിലെത്തിച്ചു. അഖിൽ സ്കറിയയാണ് കളിയിലെ താരം.



deshabhimani section

Related News

0 comments
Sort by

Home