Deshabhimani

കേരള ക്രിക്കറ്റ് ലീഗ് ; ഇന്ന് സെമിപ്പോര്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:25 PM | 0 min read


തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗ് സെമി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പകൽ 2.30ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ട്രിവാൻഡ്രം റോയൽസിനെയും വൈകീട്ട് 6.30ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് തൃശൂർ ടൈറ്റൻസിനെയും നേരിടും. നാളെയാണ് ഫൈനൽ.

പ്രഥമ ലീഗിൽ പ്രതീക്ഷയോടെ എത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സും ആലപ്പി റിപ്പിൾസും പുറത്തായി. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനം കൊല്ലം ആറ് വിക്കറ്റിന് തൃശൂരിനെ തോൽപ്പിച്ചു. സ്കോർ: തൃശൂർ 178/7, കൊല്ലം 179/4 (19.1). ഇതേ ടീമുകൾ തന്നെ സെമിയിൽ ഏറ്റുമുട്ടും. 10 കളിയിൽ എട്ട് ജയമടക്കം 16 പോയിന്റോടെ ഒന്നാമതെത്തിയാണ് കൊല്ലം സെമിയിലെത്തിയത്. തൃശൂരിന് നാല് ജയത്തോടെ എട്ടു പോയിന്റ്. കലിക്കറ്റ് ആറു വിക്കറ്റിന് ആലപ്പുഴയെ തോൽപിച്ചു. 10 കളിയിൽ ഏഴ് ജയത്തോടെ 14 പോയിന്റുമായാണ് കലിക്കറ്റിന്റെ കുതിപ്പ്. മൂന്ന് ജയം മാത്രമുള്ള ആലപ്പുഴക്കും കൊച്ചിക്കും ആറ് പോയിന്റാണുള്ളത്. ട്രിവാൻഡ്രത്തിന് അഞ്ച് വീതം ജയവും തോൽവിയുമായി 10 പോയിന്റുണ്ട്.

കലിക്കറ്റിനെതിരെ ആദ്യം ബാറ്റെടുത്ത  ആലപ്പി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്ണെടുത്തു. കലിക്കറ്റ് 16–-ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 48 പന്തില്‍ 75 റണ്ണെടുത്ത് പുറത്താകാതെനിന്ന സഞ്ജയ് രാജാണ് കളിയിലെ താരം. രണ്ട് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെട്ടു. 21 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 38 റണ്ണുമായി  ലിസ്റ്റണ്‍ അഗസ്റ്റിന്‍ പിന്തുണച്ചു. സിക്‌സറടിച്ച്  സല്‍മാന്‍ നിസാറാണ് (12)  വിജയറണ്‍ നേടിയത്. 

സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്ന ആലപ്പിയുടെ തുടക്കം നന്നായില്ല. ആറാം ഓവറിൽ മൂന്നിന് 29 റണ്ണെന്ന നിലയിൽ തകർന്ന ടീമിനെ ടി കെ അക്ഷയ്--യുടെ അര്‍ധസെഞ്ചുറിയാണ്(57) പൊരുതാനുള്ള സ്കോർ നൽകിയത്. 27 റണ്ണുമായി ആസിഫലി പിന്തുണ നൽകി.  കലിക്കറ്റിനു വേണ്ടി അഖില്‍ സ്‌കറിയ മൂന്നു വിക്കറ്റ് നേടി.



deshabhimani section

Related News

View More
0 comments
Sort by

Home