15 October Tuesday

ഏരീസ്‌ കൊല്ലം സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി നേടിയ സച്ചിൻ ബേബി

തിരുവനന്തപുരം
കേരള ക്രിക്കറ്റ്‌ ലീഗിൽ (കെസിഎൽ) സെമിയിലെത്തുന്ന ആദ്യടീമായി ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌. മൂന്നു കളി ശേഷിക്കെയാണ്‌ നേട്ടം. ഏഴു കളിയിൽ ആറിലും ജയിച്ചു. 12 പോയിന്റുമായാണ്‌ കുതിപ്പ്‌. അവസാനമത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ക്യാപ്‌റ്റൻ സച്ചിൻ ബേബിയുടെ സെഞ്ചുറിമികവിലാണ്‌ വിജയം. 50 പന്തിൽ എട്ട്‌ സിക്‌സറും അഞ്ച്‌ ഫോറും അടിച്ച മുപ്പത്തഞ്ചുകാരൻ 105 റണ്ണുമായി പുറത്താകാതെ നിന്നു. ലീഗിലെ ആദ്യസെഞ്ചുറി നേടിയ സച്ചിനാണ്‌ കളിയിലെ താരം.

കൊച്ചിക്കെതിരായ ആദ്യകളിയിൽ കൊല്ലം 18 റണ്ണിന്‌ തോറ്റിരുന്നു. ഇന്ന്‌ കലിക്കറ്റ്‌ ഗ്ലോബ്‌സ്റ്റാഴ്‌സിനെ നേരിടും. നാളെ തിരുവനന്തപുരം റോയൽസുമായി ഏറ്റുമുട്ടും. 16ന്‌ തൃശൂർ ടൈറ്റൻസുമായാണ്‌ അവസാനത്തെ മത്സരം. ലീഗിൽ റണ്ണടിയിൽ സച്ചിനാണ്‌ ഒന്നാമത്‌. ഏഴു കളിയിൽ 278 റൺ. ശരാശരി 55.6. ഒരു സെഞ്ചുറിയും രണ്ട്‌ അർധസെഞ്ചുറിയും നേടി. ആകെ 21 ഫോറും 16 സിക്‌സറുമടിച്ചു. കൊല്ലത്തിന്റെ കുതിപ്പിന്‌ എൻ എം ഷറഫുദീന്റെ ബൗളിങ്ങും നിർണായകമായി. 16 വിക്കറ്റുമായി ഇരുപത്തൊമ്പതുകാരൻ പേസർ ഒന്നാംസ്ഥാനത്തുണ്ട്‌.

ആലപ്പിക്ക്‌ 
52 റൺ ജയം
ബൗളർമാരുടെ മികവിൽ ആലപ്പി റിപ്പിൾസിന്‌ ജയം. കേരള ക്രിക്കറ്റ്‌ ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ 52 റണ്ണിന്‌ തോൽപ്പിച്ചു. നാല്‌ ഓവറിൽ ഒമ്പതു റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്ത അക്ഷയ്‌ചന്ദ്രനാണ്‌ കളിയിലെ താരം. സ്‌കോർ: ആലപ്പി 125/7, ട്രിവാൻഡ്രം 73 (16.5). ആദ്യം ബാറ്റുചെയ്‌ത ആലപ്പി നിരയിൽ ഓപ്പണർമാരായ മുഹമ്മദ്‌ അസ്‌ഹറുദീനും (34) കൃഷ്‌ണപ്രസാദും (37) എന്നിവർ തിളങ്ങി. ജയത്തോടെ ആലപ്പിക്ക്‌ ആറ്‌ പോയിന്റായി.  ട്രിവാൻഡ്രത്തിന്‌ എട്ട്‌ പോയിന്റ്‌.

കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മൂന്ന് വിക്കറ്റിന് കൊച്ചി ബ്ലൂ ടെെഗേഴ്സിനെ തോൽപ്പിച്ചു. സ്കോർ: കൊച്ചി 169/4; കലിക്കറ്റ് 170/4  (19.5). സൽമാൻ നിസാർ പുറത്താകാതെ 73 റണ്ണടിച്ചു. കലിക്കറ്റ് 10 പോയിന്റുമായി രണ്ടാമതെത്തി. കൊച്ചിക്ക് നാല് പോയിന്റാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top