Deshabhimani

കേരള ക്രിക്കറ്റ് ലീഗ് താരലേലം: എം എസ് അഖിൽ വിലയേറിയ താരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 08:54 PM | 0 min read

തിരുവനന്തപുരം > കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ 7.4 ലക്ഷം രൂപയ്ക്ക് ഓൾ റൗണ്ടർ എം എസ് അഖിലിനെ ട്രിവാൻഡ്രം റോയൽസും 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ വരുൺ നായനാരെ തൃശൂർ ടൈറ്റൻസും സ്വന്തമാക്കി. ഓൾ റൗണ്ടർ മനുകൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും ഏഴു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. 50000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓൾ റൗണ്ടർ എം നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലം ചാരു ശർമയാണ് നിയന്ത്രിച്ചത്.  

കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ 168 കളിക്കാരെയാണ് ഫ്രാഞ്ചൈസികൾക്കു മുന്നിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അണിനിരത്തിയത്. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയും സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമായവരെ ‘സി’ വിഭാഗത്തിൽപെടുത്തി അൻപതിനായിരം രൂപയും അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്. ഇതിൽ ബി വിഭാഗത്തിൽ ഉൾപ്പെട്ട 7 പേർ ഉയർന്ന പ്രതിഫലം നേടി. ഓൾ റൗണ്ടർ അക്ഷയ് മനോഹർ ഈ വിഭാഗത്തിൽ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂർ ടൈറ്റൻസാണ് അക്ഷയിനെ സ്വന്തമാക്കിയത്.

വരുൺ നായനാർ, സൽമാൻ നിസാർ, മനുകൃഷ്ണൻ

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികൾ ലേലത്തിനെടുത്തത്. എ വിഭാഗത്തിൽ ഉൾപ്പെട്ട 31 കളിക്കാരിൽ എല്ലാവരേയും വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയപ്പോൾ ബി വിഭാഗത്തിലെ 43ൽ 21 പേരെയാണ് ലേലംകൊണ്ടത്. സി വിഭാഗത്തിലെ 94 പേരിൽ 56 പേരേയും ഫ്രാഞ്ചൈസികൾ സ്വന്തമാക്കി.

പി എ അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസിന്റെയും റോഹൻ എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കൺ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യൽ ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.



deshabhimani section

Related News

0 comments
Sort by

Home