14 April Wednesday

9 തോൽവി, 8 സമനില, 3‌ ജയം ; ബ്ലാസ്‌റ്റേഴ്‌സ്‌ എന്നുണരും

അജിൻ ജി രാജ്‌Updated: Monday Mar 1, 2021


-കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഇത്തവണയും രക്ഷയുണ്ടായില്ല. ഓർത്തുവയ്‌ക്കാൻ ഒന്നുമില്ലാതെ ഈ സീസൺ അവസാനിപ്പിച്ചു. ഐഎസ്‌എൽ ഫുട്‌ബോളിലെ ടീമിന്റെ എക്കാലത്തെയും മോശം പ്രകടനം. 20 കളിയിൽ മൂന്നു‌ ജയവും ഒമ്പത്‌ തോൽവിയും എട്ട്‌ സമനിലയും ഉൾപ്പെടെ 17 പോയിന്റ്‌. പത്താമത്‌. ഏഴ്‌ സീസണുകൾക്കിടെ ആദ്യമായാണ്‌ ടീം ഇത്രയും താഴേക്ക്‌ പതിക്കുന്നത്‌‌. 2016നുശേഷം പ്ലേ ഓഫ്‌ കടക്കാനായിട്ടില്ല.

കഴിഞ്ഞകാലം ആവർത്തിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ ഇത്തവണയും ലീഗിന്‌ ഒരുങ്ങിയത്‌. അഞ്ചുമാസം മാത്രം ആയുസ്സുള്ള ടൂർണമെന്റിന്‌ ഒരു ടീമിനെ തട്ടിക്കൂട്ടി. ഒറ്റ സീസൺമാത്രം മുന്നിൽക്കണ്ടായിരുന്നു ടീം തെരഞ്ഞെടുപ്പ്‌. പ്രത്യേകിച്ച്‌ വിദേശകളിക്കാരുടെ കാര്യത്തിൽ. എൽകോ ഷട്ടോരിയെ മാറ്റി മോഹൻബഗാനെ ഐ ലീഗ്‌ ചാമ്പ്യൻമാരാക്കിയ കിബു വികുനയെ പരിശീലകച്ചുമതല ഏൽപ്പിച്ചു. എന്നാൽ, ഈ സ്‌പാനിഷുകാരന്റെ കീഴിൽ ജയം കാണാൻ ടീമിനായില്ല. സിഡോയും ഫകുണ്ടോ പെരേരിയും പരിക്കേറ്റു‌ മടങ്ങിയത്‌ മങ്ങലേൽപ്പിച്ചു. പലപ്പോഴും അവസാന നിമിഷങ്ങളിൽ തിരിച്ചടി നേരിട്ടു. ആറു‌ കളിയിൽ മുന്നിട്ടുനിന്നശേഷം ഗോൾവഴങ്ങി തോറ്റു. ഇതോടെ വികുനയെ തെറിപ്പിച്ചു. ഏഴുവർഷങ്ങൾക്കിടെ ടീമിന്റെ ഒമ്പതാംപരിശീലകനാണ്‌ കിബു.

പിൻനിരയുടെ ദൗർബല്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിൽ ഇത്തവണ തടസ്സമായത്‌. 36 ഗോളുകളാണ്‌ വഴങ്ങിയത്‌. ഒഡിഷ എഫ്‌സി (44) കഴിഞ്ഞാൽ രണ്ടാമത്തെ ടീം. 20‌ കളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വല കുലുങ്ങാതിരുന്നത്‌ മൂന്നു കളിയിൽമാത്രം. എല്ലാ മത്സരങ്ങളിലും പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഒന്നും ഉറച്ചില്ല. സന്ദേശ്‌ ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു. ജിങ്കന്‌ പകരംകൊണ്ടുവന്ന നിഷു കുമാറാകട്ടെ നിരാശപ്പെടുത്തി. പോയ സീസണിൽ ഉജ്വല പ്രകടനം നടത്തിയ ജെസൽ കർണെയ്‌റോക്കും ഇത്തവണ പിഴച്ചു.

വിദേശതാരങ്ങളായ കോസ്റ്റ‌ ന്യമിയോൻസു ശരാശരിയായിരുന്നു. ബകാറി കോനെയുടേതാണ്‌ തീർത്തും മോശം പ്രകടനം. ഈ മുപ്പത്തിരണ്ടുകാരന്റെ പിഴവുകൾ പല കളിയും തോൽപ്പിച്ചു. കെ പ്രശാന്ത്‌, ജീക്‌സൺ സിങ്‌ എന്നിവരെയെല്ലാം കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. വൈകി അവസരം കിട്ടിയ സന്ദീപ്‌ സിങ് ഇണക്കം കാട്ടി.

ചെറുപാസുകളിലൂടെയുള്ള കളിയാണ്‌ കിബു ആവിഷ്‌കരിച്ചത്‌. ഇതിനാൽ  മധ്യനിരയിൽ ഉണർവുണ്ടായി. മലയാളിതാരങ്ങളായ സഹൽ അബ്‌ദുൽ സമദും കെ പി രാഹുലും മിന്നി. അലസനെന്ന വിമർശം സഹൽ മറികടന്നു. ഗോളടിപ്പിക്കുന്നതിലും പ്രതിരോധിക്കുന്നതിലുമെല്ലാം ഈ മധ്യനിരക്കാരൻ തിളങ്ങി. ഇന്ത്യൻ കളിക്കാരിൽ ഏറ്റവും അവസരമൊരുക്കിയ രണ്ടാമനും സഹലാണ്‌. രാഹുൽ മൂന്ന്‌ ഗോൾ നേടി. ഇത്തവണ ടീം ആകെ നേടിയത് 23. തുടക്കം പതറിയ ഗാരി ഹൂപ്പർ അവസാനം മെച്ചപ്പെട്ടു. അഞ്ച്‌ ഗോളും നാല്‌ അവസരങ്ങളും ഒരുക്കി. ജോർദാൻ മറെയാണ്‌ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച കളി പുറത്തെടുത്തത്‌. ഏഴെണ്ണം അടിച്ചപ്പോൾ ഒന്നിന്‌ വഴിയൊരുക്കുകയും ചെയ്‌തു ഈ ഇരുപത്തഞ്ചുകാരൻ.

പരിശീലകനെ വിശ്വസിക്കുകയും യുവാക്കളായ വിദേശതാരങ്ങളെ ടീമിൽ എത്തിക്കുകയും ചെയ്യാതെ ബ്ലാസ്‌റ്റേഴ്‌സിന് ഒരിക്കലും‌ രക്ഷയുണ്ടാകില്ല. വരും സീസണിൽ മാനേജ്‌മെന്റ്‌ പാഠം പഠിക്കുമെന്നു‌ കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top