22 February Friday

ബ്ലാസ്‌റ്റേഴ്‌സിനെ 5 ഗോളിന്‌ തോൽപ്പിച്ചു: ജിറോണയ്ക്ക്‌ കിരീടം

നിഖിൽ രവീന്ദ്രൻUpdated: Sunday Jul 29, 2018


കൊച്ചി

കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ചുഗോളിന് തകർത്ത് ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ടൂർണമെന്റിൽ ജിറോണ എഫ്സി ജേതാക്കൾ. ടൂർണമെന്റിലെ രണ്ടാംമത്സരത്തിൽ മെൽബൺ സിറ്റിയെ മറുപടിയില്ലാത്ത ആറുഗോളിന് ജിറോണ തോൽപ്പിച്ചിരുന്നു.
റയൽ മാഡ്രിഡിനെ തകർത്ത പരമ്പര്യമുള്ള ജിറോണക്കെതിരെ ആദ്യ 40 മിനിറ്റ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസം. ആദ്യപകുതിയിൽ ഒരുഗോൾ മാത്രം നേടിയ ജിറോണ രണ്ടാംപകുതിയിൽ കരുണ കാണിച്ചില്ല. എറിക് മെൺടെ, പെദ്രോ പൊറോ,

അലക്സ് ഗ്രാനെൽ, ബെനിറ്റസ് കർബാല്ലോ, അലക്സിസ് ഗാർഷ്യ എന്നിവർ ജിറോണയ്ക്കായി ലക്ഷ്യംകണ്ടു.ദുർബല എതിരാളിക്കെതിരെ തണുപ്പൻ തുടക്കമായിരുന്നു ജിറോണയുടേത്. മികച്ച ഒത്തിണക്കം കാണിച്ചെങ്കിലും തുടക്കത്തിൽ ഗോൾ നേടാനായില്ല. ബ്ലസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിൽ തമ്പടിച്ച് ഈ നീക്കങ്ങൾ ചെറുത്തു. എതിർ ഗോൾമുഖത്തേക്ക് എത്തിനോക്കാൻ പോലും അവർക്ക് അവസരമുണ്ടായില്ല. ജിറോണയുടെ പന്തടക്കവും വേഗവും പ്രതിരോധിച്ച് ബ്ലാസ്റ്റേഴ്സ് തളർന്നതോടെ ഗോൾ വല നിറയുകയായിരുന്നു.

|ബ്ലാസ്റ്റേഴ്സിന്റെ വകയായിരുന്നു ആദ്യ മുന്നേറ്റം. ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെന്റ ആദ്യമുന്നേറ്റം.  ഇടതുവിങ്ങിലൂടെ ഘാനക്കാരൻ  കറേജ് പെക്കൂസൺ പന്തുമായി കുതിച്ചു. പെക്കുസൺ സെർബിയൻ മുന്നേറ്റക്കാരൻ സ്ലവീസ സ്റ്റൊയാനോവിച്ചിന് നീട്ടിനൽകി. സ്റ്റൊയാനോവിച്ച് തൊടുത്തു. എന്നാൽ ജിറോണ ഗോൾകീപ്പർ ഗോർക ഐറിയസോസ് പന്ത് കൈപിടിയിലൊതുക്കി. നിമഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് ജിറോണ കുതിച്ചെത്തി. യോഹാൻ മാനിയുടെ ഷോട്ട് തലനാരിഴയ്ക്ക് പുറത്തേക്ക്. ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണത്തിനു ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ പ്രശാന്തിനും കെസിറോൺ കിസീറ്റോക്കും സാധിച്ചില്ല. അടുത്ത നിമിഷം മത്സരത്തിലെ ആദ്യമഞ്ഞക്കാർഡ് വന്നു. അനസിന്റെ പിഴവിൽനിന്ന് പന്ത് ജിറോണയുടെ കെവിൻ സോണിക്ക്. പന്തുമായി കുതിച്ച മുന്നേറ്റക്കാരനെ ബോക്സിനു പുറത്ത് സക്കീർ മുണ്ടംപാറ വീഴ്ത്തി. ഗിനിനെസെനെടുത്ത ഫ്രീകിക്ക് പോസ്റ്റിനു മുകളിലൂടെ പറന്നു.

ജിറോണ കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. ജിറോണയുടെ ആക്രമണത്തിൽ ഗോൾമുഖത്തേക്ക് ഉയർന്നുവന്ന പന്ത് പ്രതിരോധതാരം സിറിൾ കാലി ബൈസിക്കിൾ കിക്കിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ പൊറോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിതെറിച്ചു. എന്നാൽ, ആദ്യപകുതിയുടെ അവസാനം പ്രതിരോധക്കാരൻ എറിക് മെൺടെ ജിറോണയെ മുന്നിലെത്തിച്ചു. വലതുപാർശ്വത്തിലൂടെ ഓടിക്കയറി മിന്നും ഷോട്ട് തൊടുത്ത താരം പന്ത് വലയിലെത്തിച്ചു. പിന്നാലെ മാനിയുടെ ലോങ് റേഞ്ച് ബ്ലാസ്റ്റേഴ്സ് ഗോളി നവീൻ തട്ടിയകറ്റി.

രണ്ടാംപകുതിയുടെ തുടക്കം ജിറോണ ലീഡുയർത്തി. പൊറോയാണ് ലക്ഷ്യംകണ്ടത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവിൽനിന്നായിരുന്നു ഗോൾ. ഗ്രാനെലിന്റെ ക്രോസ് ബോക്സിനുള്ളിൽ പൊറോ പിടിച്ചെടുത്തു. ജിങ്കനെ മറികടന്ന് പന്ത് വലയിലാക്കി. അഞ്ചുമിനിറ്റിനുള്ളിൽ ജിറോണ ലീഡുയർത്തി. രണ്ടാംഗോളിന് അവസാരമൊരുക്കിയ ഗ്രാനെലായിരുന്നു ഇത്തവണ ഗോളടിച്ചത്്.
ഇടതുവിങ്ങിൽനിന്ന് മാനി നൽകിയ പാസ് മിന്നും ഷോട്ടിലൂടെ ഗ്രാനെൽ വലയിലാക്കി. 60‐ാം മിനിറ്റിൽ പെർഗുസണിന്റെ മികച്ച ഫ്രീകിക്ക് ജിറോണ ഗോളി നീളത്തിൽ ചാടി തട്ടിയകറ്റി.

72‐ാം മിനിറ്റിൽ ജിറോണ വീണ്ടും ഗോൾ നേടി. ഇടുതുവിങ്ങിൽനിന്ന് പന്തു കിട്ടിയ ബെനിറ്റെസ് പെനൽറ്റി ബോക്സിന്റെ ഇടതുപാർശ്വത്തിൽനിന്ന് തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി നവീൻ കുമാറിനെ കാഴ്ചക്കാരനാക്കി വലയിൽ പറന്നിറങ്ങി. പരിക്കുസമയത്ത്   മധ്യനിരക്കാരൻ അലക്സ് ഗാർഷ്യ അഞ്ചാംഗോൾ നേടി. പെനൽറ്റിയിൽനിന്നായിരുന്നു ഗോൾ. കിസീറ്റോയും പെക്കൂസണും ബ്ലാസ്റ്റേഴ്സ് നിരയിൽ ഭേദപ്പെട്ടു കളിച്ചു. പ്രതിരോധക്കാരൻ മുഹമ്മദ് റാകിപും മോശമാക്കിയില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top