02 June Tuesday

ബ്ലാസ്‌റ്റേഴ്‌സിന്‌ വീണ്ടും സമനില; ഇഞ്ചുറി ടൈമിൽ ഗോൾ "ചോദിച്ചുവാങ്ങി'

പ്രദീപ്‌ ഗോപാൽUpdated: Sunday Dec 1, 2019

കൊച്ചി > അവസാനനിമിഷം കൈവിട്ടു. കേര‌ള ബ്ലാസ‌്റ്റേഴ‌്സ‌് ജയവും തുലച്ചു. പത്തുപേരായി ചുരുങ്ങിയ എഫ‌്സി ഗോവയ‌്ക്കെതിരെ സമനിലയുമായി ബ്ലാസ‌്റ്റേഴ‌്സ‌് തിരിച്ചുകയറി (2‐2). പരിക്കുസമയത്താണ‌് സമനില വഴങ്ങിയത‌്. ഐഎസ‌്എൽ പോയിന്റ‌് പട്ടികയിൽ മുന്നേറാനുള്ള അവസരമാണ‌് ബ്ലാസ‌്റ്റേഴ‌്സ‌് തുലച്ചത‌്. ആറ‌ു കളിയിൽ അഞ്ച‌ു പോയിന്റുമായി എട്ടാംസ്ഥാനം.

സെർജിയോ സിഡോഞ്ച, റാഫേൽ മെസി ബൗളി എന്നിവർ ബ്ലാസ‌്റ്റേഴ‌്സിനായി ഗോളടിച്ചു. മൗർറ്റാഡ ഫാൾ ഗോവയുടെ ആദ്യഗോൾ നേടി. പരിക്കുസമയത്ത‌് ലെന്നി റോഡ്രിഗസ‌് അവർക്ക‌് സമനിലയുമൊരുക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽ മൗർറ്റാഡ ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായി.
മിന്നുന്ന തുടക്കമാണ‌് ബ്ലാസ‌്റ്റേഴ‌്സിന‌് കൊച്ചിയിൽ കിട്ടിയത‌്. കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ഗോൾ. രാജു ഗെയ‌്ക്‌‌വാദിന്റെ ലോങ‌്ത്രോ ഗോവൻ ബോക‌്സിൽ വീണു. ഗോവൻ പ്രതിരോധം അപകടമൊഴിവാക്കാനായി പന്ത‌് അടിച്ചകറ്റി. പക്ഷേ, കിട്ടിയ‌ത‌് സിഡോഞ്ചയുടെ കാലിൽ. തകർപ്പൻ വോ‌ളിയിലൂടെ സിഡോഞ്ച പന്ത‌് വലയിലെത്തിച്ചു. ഗോവൻ ഗോൾകീപ്പർ മുഹമ്മദ‌് നവാസ‌് വലതുഭാഗത്തേക്ക‌് ചാടി നോക്കിയെങ്കിലും പന്ത‌് തൊടാനായില്ല.
ഗോൾ വീണത‌് ബ്ലാസ‌്റ്റേഴ‌്സിന്റെ നീക്കങ്ങൾക്ക‌് ആത്മവിശ്വാസമുണ്ടാക്കി. പന്തിൽ നിയന്ത്രണം നേടാൻ ബ്ലാസ‌്റ്റേഴ‌്സിന‌ു കഴിഞ്ഞു. സിഡോഞ്ചയും സഹൽ അബ‌്ദുൾ സമദും ചേർന്ന‌് മധ്യനിരയെ ചലിപ്പിച്ചു. ഗോവ ക‌ളിയിലേക്ക‌് തിരിച്ചുവരാൻ ശ്രമിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ പാസിൽ മൻവീർസിങ‌് കുതിച്ചെങ്കിലും റഫറി ഓഫ‌് സൈഡ‌് വിളിച്ചു. ബ്രണ്ടൻ ഫെർണാണ്ടസ‌്, എഡു ബെദിയ, മന്ദാർറാവു ദേശായി എന്നിവരിലൂടെ ഗോവ ശക്തമായി ശ്രമിച്ചുകൊണ്ടിരുന്നു. ബ്ലാസ‌്റ്റേഴ‌്സ‌് പ്രതിരോധം പിടിച്ചുനിന്നു. ഇതിനിടെ മുഹമ്മദ‌് റാകിപ‌് ഗോൾമുഖത്തേക്ക‌ു നൽകിയ  പാസ‌് മെസി ബൗളി പാഴാക്കി. ക്യാപ‌്റ്റൻ ബർതലോമേവ‌് ഒഗ‌്ബെച്ചെയുടെ ക്രോസിനെയും മെസി ബൗളിക്ക‌് വരുതിയിലാക്കാനായില്ല.

ആദ്യപകുതി അവസാനിക്കാൻ നാല‌് മിനിറ്റ‌് മാത്രം ശേഷിക്കെ ബ്ലാസ‌്റ്റേഴ‌്സ‌് വഴങ്ങി. മൻവീർസിങ്ങിനെ വ്ലാട‌്കോ ഡ്രൊബറോവ‌് വീഴ‌്ത്തിയതിൽനിന്നായിരുന്നു തുടക്കം. ഫ്രീകിക്ക‌് ബെദിയ തൊടുത്തു. ബ്ലാസ‌്റ്റേഴ‌്സ‌് ഗോൾകീപ്പർ ടി പി രെഹ‌്നേഷ‌് അതിനെ കുത്തിയകറ്റി. വലതുഭാഗത്ത‌് ജാക്കിചന്ദ‌് സിങ്ങിനാണ‌് പന്ത‌് കിട്ടിയത‌്. ജാക്കിചന്ദിന്റെ ക്രോസ‌് വീണ്ടും പോസ‌്റ്റിലേക്ക‌്. ഇക്കുറി മൗർറ്റാഡ ഫാളിന്റെ തകർപ്പൻ ഹെഡറിന‌ു മുന്നിൽ രെഹ‌്നേഷിന‌് ഒന്നും ചെയ്യാനുണ്ടായില്ല. ഗോവ സമനില പിടിച്ചു.

ആദ്യപകുതിയുടെ അവസാനനിമിഷം ഒഗ‌്ബെച്ചെയുടെ കരുത്തുറ്റ ഷോട്ട‌് ഗോവൻ ഗോൾ കീപ്പർ നവാസ‌് തട്ടിയകറ്റി. രണ്ടാംപകുതിയുടെ തുടക്കത്തിൽത്തന്നെ ഗോവയ‌്ക്ക‌് തിരിച്ചടികിട്ടി. സമനിലഗോൾ ഒരുക്കിയ, പ്രതിരോധത്തിലെ അവരുടെ മികച്ച താരം മൗർറ്റാഡ ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായി. ഒഗ‌്ബെച്ചെയെ വീഴ‌്ത്തിയതിനായിരുന്നു കാർഡ‌്. അതിനുകിട്ടിയ ഫ്രീകിക്ക‌് ജെസെൽ കർണെയ‌്റോ ബാറിന‌ു മുകളിലൂടെ പറത്തി. പത്ത‌ുപേരായി ചുരുങ്ങിയതോടെ ഗോവയുടെ മുനയൊടിഞ്ഞു. ബ്ലാസ‌്റ്റേഴ‌്സ‌് വീര്യത്തോടെ പന്ത‌ുതട്ടി. മിനിറ്റുകൾക്കുള്ളിൽ ബ്ലാസ‌്റ്റേഴ‌്സ‌് ലീഡ‌്.

പ്രശാന്തിന്റെ ബോക‌്സിലേക്കുള്ള കൃത്യതയുള്ള പാസ‌്. ഓടിയെത്തിയ മെസി ബൗളി കാൽവച്ചു. പന്ത‌് വലയിൽ. ബ്ലാസ‌്റ്റേഴ‌്സ‌് മുന്നിൽ. പ്രശാന്തിന‌് പകരം സെയ‌്ത്യാസെൻസിങ്ങും സഹൽ മാറി ഹാളീചരൺ നർസാറിയും കളത്തിലെത്തി. ഇതിനിടെ ഒഗ‌്ബെച്ചെ ഒന്നാന്തരം അവസരം പാഴാക്കി. സെയ‌്ത്യാസന്റെ അടി നവാസ‌് തടഞ്ഞു. ജയമുറപ്പിച്ചുവെന്ന‌ു കരുതിയ ബ്ലാസ‌്റ്റേഴ‌്സ‌് അവസാന നിമിഷങ്ങളിൽ ആലസ്യം കാട്ടി. വിലപ്പെട്ട മൂന്ന‌ു പോയിന്റ‌് ആ ആലസ്യത്തിൽ നഷ്ടമായി. റോഡ്രിഗസിന്റെ നീക്കത്തിന‌ു മുന്നിൽ  ബ്ലാസ‌്റ്റേഴ‌്സ‌് പ്രതിരോധം മരവിച്ചു.

ഗോവൻ നിരയിൽ മുന്നേറ്റക്കാരൻ ഫെറാൻ കൊറോമിനാസ‌് ഇല്ലാത്തത‌് തുടക്കത്തിൽ അവരുടെ നീക്കങ്ങളെ കാര്യമായി ബാധിച്ചു. മധ്യനിരയുടെ കരുത്തിലായിരുന്നു ഗോവ ആ അഭാവം മറികടന്നത‌്. ജാക്കിചന്ദ‌് സിങ്ങും ലെന്നി റോഡ്രിഗസും ഗോവൻ നിരയിൽ അധ്വാനിച്ചുകളിച്ചു.അഞ്ചിന‌് മുംബൈ സിറ്റി എഫ‌്സിയുമായാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ അടുത്ത കളി. മുംബൈയാണ‌് വേദി.


പ്രധാന വാർത്തകൾ
 Top