17 June Monday

'മഞ്ഞപ്പട യഥാർത്ഥ ആരാധക കൂട്ടായ്‌മയല്ല'; വ്യാജ പ്രചരണത്തിനെതിരെ സി കെ വിനീത്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

കൊച്ചി > കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരെ നിയമ നടപടിയുമായി സി കെ വിനീത്. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ പ്രചരണ നടത്തിയ മഞ്ഞപ്പട അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. കരിയർ അവസാനിപ്പിക്കാനുള്ള ആൾകൂട്ട ആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്ന് സി കെ വിനീത് പറഞ്ഞു.

കൊച്ചിയിൽ നടന്ന ചെന്നൈ-‐ ബ്ലാസ്‌റ്റേഴ്‌സ്‌ മത്സരത്തിനിടയിൽ സി കെ വിനീത് ഏഴ് വയസ്സുകാരനായ ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മീഷണർ സി കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് സി കെ വിനീത് എറണാകുളം കമ്മീഷണർക്ക് പരാതി നൽകിയത്.

മഞ്ഞപ്പടയിലെ ചിലർ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവർക്കും ഇപ്പോൾ ടീമിലുള്ളവർക്കും സമാനമായ ആൾകൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു. മഞ്ഞപ്പട യാഥാർത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചു. ബ്ളാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ടീം വിടേണ്ടിവന്ന സാഹചര്യം അടക്കം വെളിപ്പെടുന്നുമെന്ന് മുൻ ബ്ളാസ്റ്റേഴ്സ് താരം വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top