21 February Thursday

രഞ്ജിയിൽ ചരിത്രംകുറിച്ച്‌ കേരളം; ഗുജറാത്തിനെ തകർത്ത്‌ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ഫോട്ടോ: ജഗത്‌ ലാൽ


കൃഷ്ണഗിരി (വയനാട്)> രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്തിനെ തകർത്ത്‌ കേരളം സെമിയിൽ. 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ കേരളം രഞ്ജി ട്രോഫിയിൽ സെമിയിലെത്തുന്നത്‌. കേരളം മുന്നോട്ടുവെച്ച 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത്‌ 81 റൺസിന്‌ പുറത്തായി. 12 ഓവറിൽ 27 റൺ വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് ഗുജറാത്ത്‌  ബാറ്റിങ്‌ നിരയെ തകർത്തത്‌. കഥാന്‍ ഡി പട്ടേല്‍ (5), പി.കെ പഞ്ചല്‍ (3), ധ്രുവ്‌ റാവൽ(17) ആർ ബി കലാറിയ(0) സി ടി ഗാജ (2) എന്നിവരെ ബേസില്‍ തമ്പി മടക്കിയപ്പോള്‍ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്ണൗട്ടാക്കി. സന്ദീപ്‌ വാര്യർ നാലു വിക്കറ്റെടുത്തു. ആർ എച്ച്‌ ബട്ട്‌ (0) അഷ്‌ക്കർ പട്ടേൽ (2) പിയുഷ്‌ ചൗള (4) നാഗേശ്വള്ള (4) എന്നിവരെയാണ്‌ സന്ദീപ്‌ പുറത്താക്കിയത്‌.

ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പേരുകേട്ട ഗുജറാത്ത്‌ ബാറ്റിങ്‌ നിരക്ക്‌ അടിതെറ്റി. രാഹുൽ ഷാ (32),ധ്രുവ്‌ റാവൽ(17) എന്നിവർ മാത്രമാണ്‌  രണ്ടക്കം കടന്നത്‌. അഞ്ചു വിക്കറ്റെടുത്ത ബേസിൽ തമ്പിയാണ്‌ കളിയിലെ താരം.

നേരത്തെ രണ്ടാമിന്നിങ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കേരളത്തിന്‌ (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച  ആറു വിക്കറ്റുകൾ നഷ്ടമായത്. 23 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സെന്ന പൊരുതാവുന്ന സ്‌കോർ ഗുജറാത്തിന് മുന്നില്‍ വെയ്‌‌ക്കുകയായിരുന്നു.

 


പ്രധാന വാർത്തകൾ
 Top