11 August Tuesday

യുവന്റസിന്‌ തോൽവി; റൊണാൾഡോയ്‌ക്ക്‌ നിരാശ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

ടൂറിൻ > ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോൾ കിരീടം ഉറപ്പിച്ചെങ്കിലും യുവന്റസിന്റെ പ്രകടനം വീണ്ടും മങ്ങി. കിരീടം ഉറപ്പാക്കിയതിനുശേഷമുള്ള ആദ്യ കളിയിൽ യുവന്റസ്‌ കാഗ്ലിയാരിയോട്‌ തോറ്റു. രണ്ട്‌ ഗോളിനാണ്‌ ചാമ്പ്യൻമാരുടെ തോൽവി. ഇതോടെ സീസണിൽ യൂറോപ്പിലെ മികച്ച ഗോൾവേട്ടക്കാരനാകാനുള്ള ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ സാധ്യത മങ്ങി. ലാസിയോ മുന്നേറ്റക്കാരൻ സിറോ ഇമ്മൊബീൽ ലീഡ്‌ ഉയർത്തി.
ഒരുകളി ശേഷിക്കെ റൊണാൾഡോയ്‌ക്ക്‌ 31 ഗോളാണ്‌. ഇമ്മൊബീലിന്‌ 35 ഗോൾ. ബ്രെസിയയുമായുള്ള കളിയിലും ഇമ്മൊബീൽ ഒരു ഗോളടിച്ചു. ബയേൺ മ്യൂണിക്‌ താരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയെ മറികടന്ന്‌ ഇമ്മൊബീൽ സുവർണപാദുകത്തിനായുള്ള പോരിൽ മുന്നിലെത്തി. ഒരു ഗോൾകൂടി നേടിയാൽ ഇറ്റാലിയൻ ലീഗിലെ റെക്കോഡിനൊപ്പവുമെത്തും ഇമ്മൊബീൽ. 2015–-16ൽ നാപോളിക്കായി ഗൊൺസാലോ ഹിഗ്വെയ്‌ൻ 36 ഗോളടിച്ചിരുന്നു.

യുവന്റസിനും റൊണാൾഡോയ്‌ക്കും നിരാശപകരുന്ന പ്രകടനമായിരുന്നു. കാഗ്ലിയാരിക്കെതിരെ ആദ്യഘട്ടത്തിൽ റൊണാൾഡോ ഗോളടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിധിച്ചു. സഹതാരങ്ങളിൽനിന്ന്‌ പിന്തുണയും റൊണാൾഡോയ്‌ക്ക്‌ കിട്ടിയില്ല. കാഗ്ലിയാരിക്കുവേണ്ടി ലൂക്കാ ഗാഗ്ലിയാനോ, ജിയോവാന്നി സിമിയോണി എന്നിവർ ഗോളടിച്ചു. 11 വർഷത്തിനുശേഷമാണ്‌ കാഗ്ലിയാരി യുവന്റസിനെ തോൽപ്പിക്കുന്നത്‌. അവസാന ഏഴ്‌ കളിയിൽ രണ്ടിൽ മാത്രമാണ്‌ യുവന്റസ്‌ ജയിച്ചത്‌. ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടർ രണ്ടാംപാദത്തിൽ ല്യോണിനെ നേരിടാനുണ്ട്‌ മൗറീസിയോ സാറിയുടെ സംഘത്തിന്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top