18 February Monday

ജപ്പാന്റെ കുളമ്പടി , കൊളംബിയ വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

ജപ്പാനെതിരായ മത്സരത്തിൽ കൊളംബിയയുടെ കാർലോസ് സാഞ്ചസിന് (വലത്ത്) റഫറി ചുവപ്പുകാർഡ് കാണിക്കുന്നുമോസ്‌കോ
സറസ്‌നക്കിലെ മൊർദോവിയ അരീനയിൽ സമുറായിപ്പട കൊളംബിയയുടെ ശിരസ്സറുത്തു. ഷിൻജി കഗാവയുടെയും യുയ ഒസാക്കയുടെയും വാൾത്തലപ്പുകളിൽ കൊളംബിയൻ സ്വപ്‌നഭംഗത്തിന്റെ രക്തം പടർന്നു. ഒന്നിനെതിരെ രണ്ടു ഗോളിന് ജപ്പാന്റെ ജയം. ലാറ്റിനമേരിക്കയ്‌ക്കെതിരെ ഏഷ്യയുടെ ആദ്യജയമെന്ന ചരിത്രത്തിലേക്ക് ജപ്പാൻ സംഘഗാനം പാടി.

ബ്രസീൽ ലോകകപ്പിലെ മോഹസംഘമായ കൊളംബിയക്ക് റഷ്യൻ മണ്ണിൽ നല്ല തുടക്കമായിരുന്നില്ല. കളിക്കുമുമ്പ് ഹമേഷ് റോഡ്രിഗസ് പരിക്കിന്റെ അസ്വസ്ഥതയിൽ പകരക്കാരുടെ ബെഞ്ചിലിരുന്നു. രണ്ടുമിനിറ്റ് 56 സെക്കൻഡിൽ കൊളംബിയയുടെ രഥചക്രത്തിന്റെ പല്ലൊന്നിളകിവീണു, കാർലോസ് സാഞ്ചെസിന് നേരിട്ട് ചുവപ്പുകാർഡ്. പെനൽറ്റിയിലൂടെ ഷിൻജി കഗാവയുടെ ഗോൾ. സറസ്‌നക്കിലെ ആദ്യനിമിഷങ്ങളിൽ കൊളംബിയ കോച്ച് ഹോസെ പെക്കർമാൻ വെന്തുരുകി. ആശിച്ച്, മോഹിച്ച് ആദ്യ ലോകകപ്പിനിറങ്ങിയ റദമേൽ ഫൽകാവോയുടെ മുഖം വാടി.

പെക്കർമാൻ മറുമരുന്നുകൾ തേടി. പതിനൊന്നിലൊന്നിനെ അറുത്തുമാറ്റിയിട്ടും കൊളംബിയൻപട കൂടിച്ചേർന്നു. ആക്രമിച്ചുകൊണ്ടിരുന്നു. യുവാൻ കൊണ്ടേറോയുടെ തന്ത്രപരമായ ഫ്രീകിക് ഗോളിൽ തിരിച്ചുവന്നു. ജപ്പാൻ പ്രതിരോധനിരയെ പരീക്ഷിച്ചു. സമുറായി വീര്യം ഞരമ്പുകളിൽ പടർന്ന ജപ്പാൻ പടയാളികൾ മതിൽകെട്ടി. പ്രത്യാക്രമണം നടത്തി. ഒടുവിൽ ഹെഡറിലൂടെ ഒസാക്കയുടെ വിജയഗോൾ. നാലുവർഷം 4‐1ന് തകർത്തുവിട്ട കൊളംബിയക്കെതിരെ ജപ്പാൻ പ്രതികാരം തീർത്തു.

ഞെട്ടിക്കുന്ന തുടക്കമായിരുന്നു കൊളംബിയക്ക്. പന്തുരുണ്ട് നിമിഷങ്ങൾക്കുള്ളിൽ ചുവപ്പകാർഡ്. പ്രതിരോധക്കാരൻ ഡേവിൻസൺ സാഞ്ചെസ് വരുത്തിയ പിഴവിന് വലിയ വിലകൊടുക്കേണ്ടിവന്നു. സ്വന്തം ഗോൾമേഖലയിൽ പന്ത് നിയന്ത്രിച്ചുനിർത്താനായില്ല സാഞ്ചെസിന്. ബലിയാടായത് കാർലോസ്. ഒസാകോ പന്തുമായി മുന്നോട്ട്. അടി ഗോൾകീപ്പർ ഡേവിഡ് ഒസ്പിന തടുത്തിട്ടു. പന്ത് ബോക്‌സിനുപുറത്ത് കഗാവയ്ക്ക്. അടിതൊടുത്തു. കാർലോസ് കൈ നീട്ടി. മറ്റൊരു വഴി ഇല്ലായിരുന്നു. പന്ത് കൈയിൽ കൊണ്ടു. റഫറി ചുവപ്പുകാർഡ് വീശി. ജപ്പാന് പെനൽറ്റി. കഗാവ ശാന്തമായി ഒസ്പിനയെ കീഴടക്കി.

ആ മുറിവിൽനിന്ന് തിരികൊളുത്തി കൊളംബിയ. ഒന്നൊന്നായി ആക്രമണങ്ങൾ മെനഞ്ഞു. വലതുപാർശ്വത്തിൽ യുവാൻ കൊദ്രാദോ വേഗംകൊണ്ട് ജപ്പാൻ പ്രതിരോധത്തിലെ നാഗോമോട്ടോയെയും ഷോജിയെയും വിറപ്പിച്ചു. ബോക്‌സിനുള്ളിലേക്ക് ക്രോസുകൾ പറന്നിറങ്ങി. രണ്ടുതവണ ഫൽകാവോയുടെ കാലിൽ പന്ത് തൊട്ടു. പക്ഷേ, ജപ്പാൻ ഗോളി കവാഷിമയെ കീഴടക്കാനായില്ല.

4‐2‐3‐1 എന്ന നിലയിൽ രണ്ട് ഹോൾഡിങ് മധ്യനിരക്കാരെ അണിനിരത്തിയാണ് പെക്കർമാൻ കൊളംബിയയെ ഇറക്കിയത്. ഇതിൽ കാർലോസ് പോയതോടെ ഭാരം ലെർമയിലേക്കായി. പെക്കർമാൻ 4‐4‐1 എന്ന നിലയിൽ കളിക്കാരെ വിന്യസിച്ചു. ഫൽകാവോയ്ക്ക് മാത്രം ആക്രമണച്ചുമതല. ഗൊദ്രാദോയെ പിൻവലിച്ച് പ്രതിരോധിക്കാനറിയുന്ന മധ്യനിരക്കാരൻ വിൽമർ ബാരിയോസിനെ കളത്തിലിറക്കി. മുന്നേറ്റത്തിൽ ഫൽകാവോ ഒറ്റപ്പെട്ടു. എതിർ ടീമിന്റെ ശൈലിക്ക് അതേ ശൈലിയിൽ വിന്യാസമൊരുക്കുന്ന 'കണ്ണാടിക്കളി' ശൈലിയാണ് ജപ്പാൻ കോച്ച് നിഷിനോ ഒരുക്കിയത്. ആദ്യഘട്ടത്തിൽ ആ ശൈലി തെളിഞ്ഞില്ല.

കളിയിൽ കൊളംബിയ മേധാവിത്തം പുലർത്തി. ആദ്യപകുതി അവസാനിക്കുംമുമ്പ് കൊളംബിയ ഒപ്പമെത്തി. ഫൽകാവോയെ ബോക്‌സിനുപുറത്ത് വീഴ്ത്തിയതിന് ഫ്രീകിക്. കൊണ്ടേറോയുടെ കിക്ക് ജപ്പാൻ പ്രതിരോധഭിത്തിക്കു കീഴിലൂടെ ഉരുണ്ടു. ഗോളി കവാഷിമ അമ്പരന്നു. ആയാസപ്പെട്ട് കൈപ്പടിയിൽ ഒതുക്കിയെങ്കിലും പന്ത് വരകടന്നിരുന്നു. സാങ്കേതികസഹായത്താൽ അത് തീർച്ചപ്പെടുത്തി.

രണ്ടാം പകുതിയിൽ കൊണ്ടേറോയ്ക്ക് പകരം റോഡ്രിഗസ് ഇറങ്ങി.  പൂർണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്ത റോഡ്രിഗസിന് കളിയിൽ സ്വാധീനമുണ്ടാക്കാനായില്ല. കൊളംബിയയുടെ സന്തുലനം തെറ്റി. മധ്യനിരയിൽ കൃത്യമായ നീക്കങ്ങളുണ്ടായില്ല. പെക്കർമാന്റെ തന്ത്രങ്ങളിലെ പിഴവ് കളിയെ ബാധിച്ചു. 10 പേരുമായാണ്കളിക്കുന്നതെന്ന് കൊളംബിയ ഉൾക്കൊണ്ടതുപോലെയായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ജപ്പാൻ കൊളംബിയൻ ഗോൾമേഖലയിൽ സമ്മർദമുണ്ടാക്കി. കൊളംബിയ ഭയന്നു.

ഒസാകയുടെയും ഇനുയിയുടെയും ഷോട്ടുകൾ കൊളംബിയൻ ഗോൾമേഖലയെ വിറപ്പിച്ചു കടന്നുപോയി. ഒടുവിൽ അനിവാര്യമായത് സംഭവിച്ചു. കൈസൂകെ ഹോണ്ടയുടെ കോർണറിൽ തലവച്ച് ഒസാക കൊളംബിയയുടെ വിധികുറിച്ചു.

പ്രധാന വാർത്തകൾ
 Top