ഫത്തോർദ
കെ പി രാഹുൽ ഒരിക്കൽക്കൂടി മിന്നിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ എഫ്സി ഗോവയെ കുരുക്കി (1–-1). പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ പിടിച്ചുകെട്ടിയത്. രണ്ടാംപകുതിയിലായിരുന്നു രാഹുലിന്റെ തകർപ്പൻ ഹെഡർ. ഹോർജെ മെൻഡോസയിലൂടെ തുടക്കത്തിൽത്തന്നെ ഗോവ ഗോളടിച്ചിരുന്നു. 10 പേരുമായാണ് ഗോവ കളി അവസാനിപ്പിച്ചത്.14 പോയിന്റുമായി ഏഴാംസ്ഥാനത്തേക്ക് മുന്നേറി ബ്ലാസ്റ്റേഴ്സ്.
തുടക്കത്തിൽ ആത്മവിശ്വാസമില്ലാതെ പന്തു തട്ടിയ ബ്ലാസ്റ്റേഴ്സ് വേഗത്തിൽ ഗോൾ വഴങ്ങി. മെൻഡോസയുടെ ഫ്രീകിക്ക് സഹൽ അബ്ദുൾ സമദിൽ ചെറുതായി തട്ടി വലയിലേക്ക് വീഴുകയായിരുന്നു. ഗോൾ കീപ്പർ ആൽബിനോ ഗോമെസിന് കൃത്യമായി പന്ത് പിടിയിലൊതുക്കാനുമായില്ല.
രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. ഫക്കുണ്ടോ പെരേരയുടെ കോർണർ കിക്കിൽ കൃത്യമായി തലവച്ച് രാഹുൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. തുടർച്ചയായ രണ്ടാമത്തെ കളിയിലാണ് രാഹുൽ ഗോളടിക്കുന്നത്. അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരെ വിജയഗോൾ തൊടുത്തത് രാഹുലായിരുന്നു.
ഗോൾ വഴങ്ങിയതോടെ ഗോവയുടെ നിയന്ത്രണം നഷ്ടമായി. രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പ്രതിരോധക്കാരൻ ഇവാൻ ഗൊൺസാലസ് പുറത്താകുകയും ചെയ്തു. 27ന് ജംഷഡ്പുർ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..