28 November Saturday

മൂർച്ച പോരാ, തെളിയാനേറെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

ബാംബൊലിം
മുന്നൊരുക്കങ്ങൾ കൃത്യമായില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഐഎസ്‌എൽ പുതിയ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. തെളിയാൻ ഏറെയുണ്ടെന്ന്‌ വ്യക്തം. എങ്കിലും പന്തിന്മേലുള്ള നിയന്ത്രണത്തിലും പ്രതിരോധത്തിലെ സംഘാടനത്തിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ നിര പ്രതീക്ഷ നൽകുന്നു. പക്ഷേ, നിരാശപ്പെടുത്തിയത്‌ മുന്നേറ്റത്തിലെയും മധ്യനിരയിലെയും മോശം പ്രകടനമാണ്‌. ഗോളിലേക്കുള്ള വഴിയും നീക്കവും തെളിഞ്ഞില്ല.

കിബു വികുനയെന്ന പരിശീലകനുകീഴിലുള്ള ആദ്യകളിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ ഐ ലീഗ്‌ കിരീടത്തിലേക്കു നയിച്ച പരിശീലകൻ. ആക്രമണമായിരുന്നു വികുനയുടെ മുഖമുദ്ര. ആ ശൈലിതന്നെയാണ്‌ എടികെ മോഹൻ ബഗാനെതിരെ വികുന പരീക്ഷിച്ചത്‌. പക്ഷേ, അത്‌ ഫലംകണ്ടില്ല.

മുന്നേറ്റത്തിൽ ഗാരി ഹൂപ്പറും തൊട്ടുപിന്നിൽ സഹൽ അബ്‌ദുൾ സമദുമായിരുന്നു വികുനയുടെ ടീമിൽ. സെർജിയോ സിഡോഞ്ച–-വിസെന്റ്‌ ഗോമെസ്‌ സഖ്യം മധ്യനിരയിലും. പക്ഷേ, ഈ രണ്ട്‌ വിഭാഗവും മങ്ങി. ഹൂപ്പർ ഒറ്റപ്പെട്ടു. സഹലിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായി ഈ കളി മാറുകയും ചെയ്‌തു. വികുനയുടെ പദ്ധതികളിൽ നിർണായക സ്ഥാനമുള്ള കളിക്കാരനാണ്‌ സഹൽ. ആദ്യകളിയിലെ സമ്മർദം സഹലിനെ ബാധിച്ചിരുന്നു.

പ്രതിരോധത്തിൽ ബകാറി കോനെ–-കോസ്‌റ്റ ന്യമോയിൻസു ആദ്യകളിയിൽത്തന്നെ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. കളിയിലെ ബ്ലാസ്‌റ്റേഴ്‌സിന്‌ സംതൃപ്‌തി നൽകിയ കാര്യവും ഇതാണ്‌.26ന്‌ നോർത്ത്‌ ഈസ്‌റ്റുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. പിഴവുകൾ തിരുത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top