ഫത്തോർദ > ഐഎസ്എലിൽ ആദ്യ ജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിന്. എഫ്സി ഗോവയാണ് എതിരാളി. സീസണിൽ മൂന്നു കളി അവസാനിച്ചപ്പോൾ രണ്ടു പോയിന്റുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സ്. ഗോവയും സമാന അവസ്ഥയിലാണ്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയുമായി ഗോളടിക്കാതെ പിരിയുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. മുന്നേറ്റത്തിലെ മൂർച്ചയില്ലായ്മയാണ് കിബു വികുനയുടെ സംഘത്തെ ക്ഷീണിപ്പിക്കുന്നത്. പ്രധാന താരമായ സെർജിയോ സിഡോഞ്ചയുടെ പരിക്ക് കനത്ത തിരിച്ചടിയായി. സിഡോഞ്ചയ്ക്ക് ഏറെക്കാലം പുറത്തിരിക്കേണ്ടിവരും.
ഇരു ടീമുകളും തമ്മിൽ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എട്ടെണ്ണത്തിൽ ഗോവ ജയിച്ചു. മൂന്നെണ്ണത്തിൽ ബ്ലാസ്റ്റേഴ്സും. അവസാന ആറു കളിയിൽ ഗോവ തോറ്റിട്ടില്ല.
കളിയിൽ മുൻതൂക്കം നേടിയ ശേഷമാണ് ആദ്യ രണ്ടു കളിയിലും ബ്ലാസ്റ്റേഴ്സ് ജയം തുലച്ചത്. ചെന്നൈയിനെതിരെ അവസാന നിമിഷങ്ങളിൽ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. നിർണായക ഘട്ടങ്ങളിൽ പ്രതിരോധം വിളറിപ്പോകുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. രണ്ടാമത്തെ കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവസാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളും വഴങ്ങിയത്.
യുവാൻ ഫെർണാണ്ടോയുടെ ഗോവയും മുൻതൂക്കം നേടിയശേഷമാണ് മത്സരങ്ങൾ കൈവിടുന്നത്. അവസാന കളിയിൽ നോർത്ത് ഈസ്റ്റുമായി സമനില വഴങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..