14 April Wednesday

കോഹ്‌ലി x രോഹിത്‌ ; ഐപിഎലിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


ചെന്നൈ
കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ ക്രിക്കറ്റിന്റെ പുതിയ സീസണിന്‌ ഇന്നു തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ രോഹിത്‌ ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട്‌ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ ആണ്‌ മറുവശത്ത്‌. ചെന്നൈയിൽ രാത്രി 7.30നാണ്‌ മത്സരം.

കോവിഡ്‌ കാരണം കഴിഞ്ഞ സീസണിൽ യുഎഇയിൽ ആയിരുന്നു. ഇടവേളയ്‌ക്കുശേഷം വീണ്ടും ടൂർണമെന്റ്‌ ഇന്ത്യയിൽ എത്തുമ്പോൾ കാര്യങ്ങൾ സങ്കീർണമാണ്‌. പല ടീമുകളിലെയും കളിക്കാർക്ക്‌ കോവിഡാണ്‌. ചില രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ കോവിഡ്‌ ഭീഷണി കാരണം പിന്മാറി. സ്‌റ്റേഡിയങ്ങളിൽ ആളുണ്ടാകില്ല.

ആകെ എട്ടു ടീമുകളാണ്‌. മുംബൈ, ബാംഗ്ലൂർ ടീമുകൾക്കൊപ്പം മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌, രാജസ്ഥാൻ റോയൽസ്‌ ടീമുകളും രംഗത്തുണ്ട്‌. മുംബൈയും ചെന്നൈയുമാണ്‌ വേദികൾ.

ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ടാണ്‌ മുംബൈയുടെ ഒരുക്കം. മികച്ച ബാറ്റിങ്‌നിരയും പേസർമാരുമാണ്‌ മുംബൈയുടെ കരുത്ത്‌. രോഹിത്‌, ക്വിന്റൺ ഡി കോക്ക്‌, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്‌, കീറൺ പൊള്ളാർഡ്‌, ഹാർദിക്‌ പാണ്ഡ്യ എന്നിവരുൾപ്പെട്ട ശക്തമായ ബാറ്റിങ്‌നിര. പേസ്‌നിരയെ ജസ്‌പ്രീത്‌ ബുമ്രയും ട്രെന്റ്‌ ബോൾട്ടും നയിക്കുന്നു.

കന്നിക്കിരീടമാണ്‌ ബാംഗ്ലൂരിന്റെ ലക്ഷ്യം. വമ്പൻനിരയുണ്ടായിട്ടും ഒരിക്കൽപ്പോലും കിരീടം നേടാനാകാത്തതിന്റെ നിരാശയുണ്ട്‌ ബാംഗ്ലൂരിന്‌. കോഹ്‌ലിക്കു പുറമെ എ ബി ഡി വില്ലിയേഴ്‌സ്‌, മലയാളി താരം ദേവ്‌ദത്ത്‌ പടിക്കൽ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവരാണ്‌ ബാറ്റിങ്‌ വിഭാഗത്തിൽ. മലയാളി താരങ്ങളായ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സച്ചിൻ ബേബിയും സംഘത്തിലുണ്ട്‌. കൈൽ ജാമിസണും നവ്‌ദീപ്‌ സൈനിയുമാണ്‌ പ്രധാന ബൗളർമാർ. സ്‌പിൻ വിഭാഗത്തിൽ യുശ്‌വേന്ദ്ര ചഹാലും വാഷിങ്‌ടൺ സുന്ദറും ഉൾപ്പെടുന്നു. ഡാനിയേൽ സാംസ്‌ കോവിഡ്‌ കാരണം ടീമിൽ ഇല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top