26 September Tuesday

ഗില്ലിനോട് തോറ്റ് ബാംഗ്ലൂർ വീണു; മുംബൈയ്‌ക്ക്‌ ഗ്രീൻ സിഗ്‌നൽ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

Photo Credit: Gujarat Titans/Facebook

ബാംഗ്ലൂർ > ഐപിഎൽ ക്രിക്കറ്റിൽ മുന്നേറാൻ അനിവാര്യമായ വിജയം നേടാൻ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനായില്ല. ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസിനോട്‌ ആറ്‌ വിക്കറ്റിന്‌ തോറ്റു. തകർപ്പൻ സെഞ്ചുറിയുമായി വിരാട്‌ കോഹ്‌ലി (61 പന്തിൽ 101*) ബാംഗ്ലൂരിന്‌ മികച്ച സ്‌കോർ ഒരുക്കിയെങ്കിലും ശുഭ്‌മാൻ ഗില്ലിലൂടെ ( 52 പന്തിൽ 104*) ഗുജറാത്ത്‌ തിരിച്ചടിച്ചു. സ്‌കോർ: ബാംഗ്ലൂർ 5–-197, ഗുജറാത്ത്‌ 4–-198 (19.1)

ഗുജറാത്ത്‌ 14 കളിയിൽ 20 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെ നാളെ ആദ്യ ക്വാളിഫയറിൽ നേരിടും. ജയിക്കുന്നവർ ഫൈനലിലെത്തും. എലിമിനേറ്ററിൽ മൂന്നാമതുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ബാംഗ്ലൂർ ആറാം സ്ഥാനത്തോടെ പുറത്തായി. രാജസ്ഥാൻ റോയൽസ്‌ അഞ്ചാമതായി.

ഗുജറാത്തിന്റെ വിജയം അനായാസമായിരുന്നു. ഗില്ലിനൊപ്പം വിജയ്‌ ശങ്കറും (35 പന്തിൽ 53) വിജയത്തിന്‌ അടിത്തറയിട്ടു. ബാംഗ്ലൂർ ബൗളർമാരെ കശാപ്പ്‌ ചെയ്‌താണ്‌ ഗിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്‌. അവസാന ഓവറിൽ ജയിക്കാൻ എട്ട്‌ റൺ വേണ്ടിയിരുന്നു. രണ്ട്‌ പന്ത്‌ നോബോൾ. ഗിൽ അടുത്ത പന്ത്‌ സിക്‌സർ പറത്തി കളി ജയിച്ചു. മഴമൂലം ഒരുമണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ  ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂരിനായി കോഹ്‌ലി തുടർച്ചയായ രണ്ടാംസെഞ്ചുറി കണ്ടെത്തി. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ പുറത്താകാതെ 13 ഫോറും ഒരു സിക്‌സറുമടിച്ചു. ഏഴാം ഐപിഎൽ സെഞ്ചുറിയാണ്‌.

മുംബൈ > ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മുംബൈ ഇന്ത്യൻസിന്‌ നിർണായകജയം ഒരുക്കി. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌  ഗുജറാത്ത്‌ ടൈറ്റൻസിനോട്‌ തോറ്റതോടെ മുംബൈ പ്ലേഓഫിലേക്ക്‌ കുതിച്ചു. 14 കളിയിൽ എട്ട്‌ ജയമടക്കം 16 പോയിന്റുമായി നാലാമതെത്തി. സ്‌കോർ: ഹൈദരാബാദ്‌ 5–-200, മുംബൈ 2–-201 (18).

ഗ്രീൻ 47 പന്തിൽ 100 റണ്ണുമായി പുറത്തായില്ല. 16 പന്തിൽ 25 റണ്ണുമായി സൂര്യകുമാർ യാദവും കൂട്ടിനുണ്ടായിരുന്നു. ജയിക്കാൻവേണ്ട 201 റൺ അനായാസമായാണ്‌ മുംബൈ പിന്തുടർന്നത്‌. ഹൈദരാബാദ്‌ ബൗളർമാർക്ക്‌ ഒരിക്കൽപോലും മുംബൈ ബാറ്റർമാരെ ഭയപ്പെടുത്താനായില്ല. ഇഷാൻ കിഷൻ 12 പന്തിൽ 14 റണ്ണുമായി വേഗം മടങ്ങിയെങ്കിലും പകരമെത്തിയ ഗ്രീൻ, രോഹിത്‌ ശർമക്കൊപ്പം സ്‌കോർ ഉയർത്തി. രണ്ടാംവിക്കറ്റിൽ ഇരുവരും 128 റണ്ണടിച്ചു. 37 പന്തിൽ 56 റണ്ണുമായി രോഹിത്‌ മടങ്ങി. അതിനിടെ എട്ട്‌ ഫോറും ഒരു സിക്‌സറും കണ്ടെത്തി.

ഗ്രീൻ എട്ടുവീതം ഫോറും സിക്‌സറും പറത്തിയാണ്‌   മുംബൈയെ നയിച്ചത്‌. രണ്ട്‌ ഓവർ ബാക്കിയിരിക്കെ കളി അവസാനിക്കുമ്പോൾ സൂര്യകുമാർ നാല്‌ ഫോറടിച്ചിരുന്നു. ഗ്രീനിന്റെ ആദ്യ ട്വന്റി20 സെഞ്ചുറിയും വിജയറണ്ണും ഒരുമിച്ചായിരുന്നു. ഈ സീസണിൽ 17.5 കോടിക്കാണ്‌ മുംബൈ ഗ്രീനിനെ സ്വന്തമാക്കിയത്‌. പഞ്ചാബ്‌ കിങ്സിന്റെ സാം കറൻ(18.5 കോടി) കഴിഞ്ഞാൽ വിലപിടിപ്പുള്ള രണ്ടാമത്തെ താരം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്‌ ഓപ്പണർമാർ മികച്ച തുടക്കമാണ്‌ നൽകിയത്‌. യുവതാരം വിവ്‌രാന്ത്‌ ശർമയും (47 പന്തിൽ 69) മായങ്ക്‌ അഗർവാളും (46 പന്തിൽ 83) ഓപ്പണിങ് വിക്കറ്റിൽ 140 റണ്ണടിച്ചു. എന്നാൽ പിന്നീടുവന്നവർക്ക് പിടിച്ചുനിൽക്കാനായില്ല. അടുത്ത 60 റണ്ണിൽ നാല്‌ വിക്കറ്റ്‌ വീണു. മുംബൈ പേസർ ആകാശ്‌ മധ്‌വൽ നാല്‌ വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top