28 November Saturday
ബാംഗ്ലൂരിനായി ദേവ്‌ദത്ത്‌ 74 റൺ നേടി, ബുമ്രയ്‌ക്ക്‌ 3 വിക്കറ്റ്‌, സൂര്യകുമാർ 79*

ബാംഗ്ലൂരിനെ അഞ്ച്‌ വിക്കറ്റിന്‌ വീഴ്‌ത്തി ; പ്ലേ ഓഫ്‌ ഉറപ്പിച്ച്‌ മുംബൈ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

സൂര്യകുമാർ ബൗണ്ടറി പായിക്കുന്നു

അബുദാബി
ഐപിഎൽ ക്രിക്കറ്റിൽ പ്ലേ ഓഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്‌. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ അഞ്ച്‌ വിക്കറ്റുകൾക്ക്‌ തകർത്താണ്‌ ചാമ്പ്യൻമാരുടെ കുതിപ്പ്‌. ബാംഗ്ലൂർ ഉയർത്തിയ 165 റൺ വിജയലക്ഷ്യം അഞ്ച്‌ പന്തുകൾ ബാക്കിനിൽക്കെ മുംബൈ മറികടന്നു. സൂര്യകുമാർ യാദവാണ്‌ (43 പന്തിൽ 79*) വിജയശിൽപ്പി. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുമ്രയും മിന്നി. സ്‌കോർ: ബാംഗ്ലൂർ 6–-164, മുംബൈ 5–-166 (19.1).

രോഹിത്‌ ശർമയ്‌ക്കുപകരം പതിവുപോലെ ഇഷാൻ കിഷനാണ്‌ മുംബൈയുടെ ഓപ്പണറായി എത്തിയത്‌. ജയത്തിലേക്ക്‌ പതറാതെയായിരുന്നു അവരുടെ ബാറ്റിങ്‌. ക്വിന്റൺ ഡി കോക്കും (18) കിഷനും (25) പോയിട്ടും ഒരറ്റം സൂര്യകുമാർ അടിച്ചുതകർത്തു. മൂന്ന്‌ സിക്‌സറും പത്ത്‌‌ ബൗണ്ടറിയും സഹിതമായിരുന്നു 79 റൺ.

സീസണിലെ നാലാം അരസെഞ്ചുറി കണ്ടെത്തിയ ദേവ്‌ദത്ത്‌ പടിക്കലിന്റെ മികവിലാണ്‌ ബാംഗ്ലൂർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്‌. ‌45 പന്തിൽ 74 റണ്ണാണ്‌ ദേവ്‌ദത്ത്‌ നേടിയത്‌‌. ഓപ്പണർ ജോഷ്‌ ഫിലിപ്പെ 24 പന്തിൽ 33 റണ്ണെടുത്തു. മികച്ച സ്‌കോറിലേക്ക്‌ കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ ബുമ്രയുടെ നേതൃത്വത്തിലുള്ള മുംബൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. വിരാട്‌ കോഹ്‌ലി (14 പന്തിൽ 9), എ ബി ഡിവില്ലിയേഴ്‌സ്‌ (12 പന്തിൽ 15), ശിവം ദുബെ (6 പന്തിൽ 2) എന്നിവരെല്ലാം വേഗം വീണു. ബുമ്രയാണ്‌ ദേവ്‌ദത്തിനെ മടക്കിയത്‌. ഒരു സിക്‌സറും 12 ബൗണ്ടറിയും ഈ ഇരുപതുകാരന്റെ ഇന്നിങ്‌സിന്‌ മിഴിവേകി. ആകെ 417 റണ്ണായി. റൺവേട്ടക്കാരിൽ അഞ്ചാമൻ. നാല്‌ ഓവറിൽ 14 റൺമാത്രമാണ്‌ ബുമ്ര വഴങ്ങിയത്‌. ലീഗിൽ ആകെ 100‌ വിക്കറ്റായി മുംബൈ പേസർക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top